സമ്പൂര്‍ണ ജൈവപച്ചക്കറി സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 2014 നവംബറിലാണ് സി.പി.എം സംസ്ഥാനനേതൃത്വം പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദമിയില്‍ നവംബര്‍ 28,29 തീയതികളില്‍ ശില്പശാല സംഘടിപ്പിച്ചു. 30ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളാണ് ജൈവ പച്ചക്കറി കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
സി.പി.എമ്മിന് ഭരണനിയന്ത്രണമുള്ള എല്ലാ പഞ്ചായത്തുകളും സഹകരണസംഘങ്ങളും നേരിട്ട് നടത്തുകയും ജൈവ കൃഷി ചെയ്യുന്ന വ്യക്തികളെയും മറ്റ് സ്വകാര്യ സംഘങ്ങളെയും സഹായിക്കുകയും ചെയ്താണ് ഈ നേട്ടത്തില്‍ എത്തിയത്. വിപണി വിലയേക്കാള്‍ 30 ശതമാനം അധികമാണ് ജൈവപച്ചക്കറിക്ക് എങ്കിലും ആവശ്യക്കാരുടെ തിരക്ക് കുറയുന്നില്ളെന്ന് പദ്ധതിയുടെ അമരക്കാരന് കൂടിയായ കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറയുന്നു.
ഉല്പാദകരായ കര്‍ഷകര്‍ക്ക് വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ 25 ശതമാനം തുക അധികം നല്‍കിയാണ് സംഭരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളാണ് സ്റ്റാളുകള്‍ നിയന്ത്രിക്കുന്നത്. വിരമിച്ചതും ജോലിയില്‍ തുടരുന്നതുമായ കൃഷി ഓഫിസര്‍മാരും കാര്‍ഷിക സര്‍വകലാശാല അധ്യാപകരും ആണ് പദ്ധതിക്ക് ചുക്കാന്‍പിടിച്ചത്.
എറണാകുളത്ത് 400 ഏക്കറിലാണ് കൃഷി നടത്തിയത്. മട്ടുപ്പാവ് കൃഷി കൂടാതെയാണിത്. 1600ഓളം ടണ്‍ വിളവെടുപ്പാണ് ലക്ഷ്യമിടുന്നത്. ഇവിടെ പച്ചക്കറി കൂടാതെ പൊക്കാളി നെല്ലും കൃഷിചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലൂടെ 50 ടണ്ണിലധികം വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കൊല്ലത്ത് നൂറിലധികം ടണ്‍ ആണ് പച്ചക്കറി. തൃശൂരില്‍ 5000 ഏക്കറിലാണ് പൊക്കാളി നെല്ല് വിളയിക്കുന്നത്. ഇവിടെ 60 ടണ്ണോളമാണ് പച്ചക്കറി. കണ്ണൂരില്‍ 248 ഏക്കറിലാണ് ഓണക്കാലത്തേക്കുള്ള കൃഷി.
Last modified on Monday, 04 January 2016 23:48