പ്രക്ഷോഭങ്ങള്‍

ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക്

വിലക്കയറ്റത്തിനും, അഴിമതിക്കും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുമെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരത്തിനു തുടക്കമായി. കാസര്‍ഗോഡ് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍ പത്തു ലക്ഷത്തോളം പ്രവര്‍ത്തകരാണ് പ്രതിരോധ സമരത്തില്‍ അണിനിരക്കുക. സിപിഐഎം പിബി അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ വിവിധ ജില്ലകളില്‍ ജനകീയ പ്രതിരോധ സമരത്തിന് നേതൃത്വം നല്‍കുന്നു. പാര്‍ട്ടി അംഗങ്ങള്‍ അനുഭാവികള്‍ മുതല്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ കൈകോര്‍ക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.

എംസി റോഡില്‍ അങ്കമാലിമുതല്‍ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയില്‍ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതല്‍ ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയില്‍ 75 കിലോമീറ്ററും ജനകീയ പ്രതിരോധ ധര്‍ണ സംഘടിപ്പിക്കും. ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ധര്‍ണ നടത്തുന്നത്. നാലിനാരംഭിക്കുന്ന പ്രതിരോധത്തില്‍ 4.50ന് എല്ലാവരും എഴുന്നേറ്റുനിന്ന് കൈകോര്‍ത്ത് പ്രതിജ്ഞയെടുക്കും.അഞ്ചിന് പ്രതിരോധം അവസാനിപ്പിക്കും.

ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകും.ഇങ്ങേയറ്റം തിരുവനന്തപുരത്ത് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അണിചേരും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും രാജ്ഭഭവന് മുന്നില്‍ പങ്കെടുക്കും.

പ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ലഘുലേഖാവിതരണവും കുടുംബയോഗങ്ങളും കാല്‍നടജാഥകളും പോസ്റ്ററും ചുവരെഴുത്തുമായി ദിവസങ്ങള്‍ക്കുമുമ്പുതന്നെ നാടുണര്‍ന്നുകഴിഞ്ഞു. കുടുംബയോഗങ്ങളിലും കാല്‍നടജാഥകളിലും ആയിരങ്ങളാണ് അണിനിരന്നത്. നാടിന്റെ മുക്കിലുംമൂലയിലുംവരെ സഞ്ചരിച്ച കാല്‍നടജാഥകളെ പുതിയ തലമുറ ആവേശത്തോടെ സ്വീകരിച്ചു. നൂതനമായ സമരപ്രചാരണരീതികള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചെങ്കനല്‍ എന്ന ഹ്രസ്വചിത്രത്തിനും വന്‍ സ്വീകരണം ലഭിച്ചു.

മഞ്ചേശ്വരം മുതല്‍ കാസര്‍ഗോഡ് വരെ ദേശീയപാതയിലും തുടര്‍ന്ന് കാഞ്ഞങ്ങാട് വരെ തീരദേശ മേഖലയിലും കാലിക്കടവ് വരെ വീണ്ടും ദേശീയപാതയിലുമായി ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ കാസര്‍ഗോഡ് ജില്ലയിലും, കണ്ണൂര്‍ ജില്ലയില്‍ കാലിക്കടവ് മുതല്‍ പൂഴിത്തല വരെ 3 ലക്ഷം പ്രവര്‍ത്തകരും, പൂഴിത്തലമുതല്‍ ഐക്കരപ്പടി വരെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ടരലക്ഷം പ്രവര്‍ത്തകരും, മലപ്പുറം ജില്ലയില്‍ ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ വരെ ഒന്നരലക്ഷത്തോളം പ്രവര്‍ത്തകരും, പാലക്കാട് ജില്ലയില്‍ നിന്ന് പുലാമന്തോള്‍ മുതല്‍ ഷൊര്‍ണൂര്‍ കൊച്ചിപ്പാലം വരെ രണ്ടുലക്ഷം പ്രവര്‍ത്തകരും, ജനകീയ പ്രതിരോധ സമരത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലടക്കം 52 കി മീറ്റര്‍ വയനാട് ജില്ലയില്‍ നിന്നുള്ള ഒരു ലക്ഷം പ്രവര്‍ത്തകരും സമരത്തില്‍ അണിചേരും.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള മഞ്ചേശ്വരത്തും തുടര്‍ന്ന് പി കരുണാകരന്‍ എം പി,ഇ പി ജയരാജന്‍,പി കെ ശ്രീമതി എം പി,വി വി ദക്ഷിണാമൂര്‍ത്തി,എളമരം കരിം,പി മോഹനന്‍ മാസ്റ്റര്‍,ടി കെ ഹംസ,എ വിജയരാഘവന്‍,എ കെ ബാലന്‍,ടി പി രാമകൃഷ്മന്‍,തുടങ്ങി, വിവിധ ജില്ലകളിലെ ജില്ലാ സെക്രട്ടറിമാര്‍,എം എല്‍ എ മാര്‍,സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തിന് വടക്കന്‍ കേരളത്തില്‍ നേതൃത്വം നല്‍കും. വിലക്കയറ്റം, പൊതുവിതരണ സംവിധാനത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച, കാര്‍ഷിക-മത്സ്യമേഖലകളിലെ പ്രതിസന്ധി, വിദ്യാഭ്യാസ വാണിജ്യവത്കരണം, പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച, അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ ലംഘനം, അഴിമതി തുടങ്ങി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് പ്രതിഷേധം.

സമര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന പ്രക്ഷോഭത്തിന് സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഇതിനോടകം തന്നെ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സമരത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി കുടുംബയോഗങ്ങള്‍, പഞ്ചായത്ത് മേഖല തലങ്ങളിലെ പ്രചരണ ജാഥകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവന്നിരുന്നത്.

Last modified on Friday, 14 August 2015 18:27
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh