പാര്‍ട്ടി തിരുവനന്തപുരം

തിരുവനന്തപുരം കന്യാകുമാരി ജില്ലകള്‍ ഒരുമിച്ചു ചേര്‍ന്നുകിടന്നിരുന്ന പഴയ നാട്ടുരാജ്യമായിരുന്നു വേണാട്. സഹ്യപര്‍വതനിരകളെ ഭേദിച്ചുകൊണ്ട് തമിഴകത്തേക്കുപോകുന്ന രണ്ടുമലമ്പാതകളിലൊന്ന് വേണാടിനെ തിരുനെല്‍വേലിയുമായി ബന്ധിപ്പിക്കുന്നു. ആ മലമ്പാതയാണ് ആരുവാമൊഴി. പ്രദേശവാസികള്‍ ആ സ്ഥലത്തിന് ചുരുളക്കോട് എന്നാണ് പറയുന്നത്. ഇംഗ്ലീഷില്‍ ഷൊര്‍ളക്കോട് എന്നും. തമിഴകത്തെ തിരിച്ചെന്തൂര്‍, തൂത്തുക്കുടി തുടങ്ങിയ ചെറുതുറമുഖങ്ങളെ കുളച്ചല്‍, പൂവാര്‍, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ കേരളതീരത്തെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിരുന്നത് ആരുവാമൊഴിപ്പാത വഴിയായിരുന്നു. പഴന്തമിഴ് പാട്ടുകാലത്തെ ചോഴന്മാരും പാണ്ഡ്യന്മാരും, പിന്നീട് മറവന്മാരും തെക്കന്‍ കേരളത്തില്‍ വന്നത് ഈ പാതവഴിയായിരുന്നു.

ഗോത്രവര്‍ഗ വ്യവസ്ഥ തകര്‍ന്ന് കൃഷിയിലും കച്ചവടത്തിലും അധിഷ്ഠിതമായ ഒരു സമൂഹം വികസിച്ചുവന്നപ്പോള്‍ രൂപപ്പെട്ടതാണ് വേണാട് എന്ന നാട്ടുരാജ്യം. നാലു തായ്‌വഴികളാണ് വേണാടിന്റെ ഭരണാധികാരം അവകാശപ്പെട്ടിരുന്നത്. തൃപ്പാപ്പൂര്‍ സ്വരൂപം (കല്‍ക്കുളം),ആറ്റിങ്ങല്‍സ്വരൂപം, നെടുമങ്ങാട് സ്വരൂപം (പേരകത്തായ്‌വഴി), കിളിമാനൂര്‍ സ്വരൂപം എന്നിവയായിരുന്നു അവ. കല്‍ക്കുള (ഇപ്പോഴത്തെ പത്മനാഭപുരം)ത്തുനിന്ന് ആറ്റിങ്ങലിലേയ്ക്കുള്ള തീരദേശപാത വികസിക്കുന്നതിനുമുമ്പ് നെടുമങ്ങാടുവഴിയുള്ള മലമ്പാതയായിരുന്നു നാടുവാഴികളും കച്ചവടക്കാരും ആശ്രയിച്ചിരുന്നത്. നെടുമങ്ങാട്ടുനിന്ന് ആറ്റിങ്ങലിലേക്കും കിളിമാനൂരിലേക്കും പോകുന്നതായിരുന്നു സൗകര്യം. അതിനാല്‍ത്തന്നെ ഷൊര്‍ളക്കോട്-നെടുമങ്ങാട് പാത കച്ചവടത്തിന്റെയും രാജാധികാരത്തിന്റെയും പാതയുമായിരുന്നു.

ഭൂവുടമസ്ഥതയിലധിഷ്ഠിതമായ ഒരു സമ്പദ്ഘടനയായിരുന്നു ഇവിടെ വികസിച്ചുവന്നത്. ഭൂമി കൈവശം വയ്ക്കാന്‍ അധികാരമുള്ള ഒരുവര്‍ഗ്ഗമായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക (സര്‍ക്കാര്‍) ഭൂമിയില്‍ അടിയാന്മാരെക്കൊണ്ട് കൃഷി ചെയ്യിപ്പിച്ച് മിച്ചം അപഹരിച്ചെടുത്ത് സമ്പന്നരായിത്തീര്‍ന്ന ഇടനിലക്കാരായിരുന്നു വെള്ളാളനായന്മാരും (നാഞ്ചിനാട് നായര്‍) നായന്മാരും. ക്ഷേത്രോപജീവികളായ ബ്രാഹ്മണരും നാടുവാഴികളും ഒരു ഭാഗത്തും കൃഷിപ്പണി ചെയ്തിരുന്ന അടിയാളന്മാരും കൃഷിക്കും നിത്യജീവിതത്തിനും ആവശ്യമായ പണിയായുധങ്ങളും ഗൃഹോപകരണങ്ങളും നിര്‍മ്മിച്ചിരുന്ന കൈവേലക്കാരും മറുഭാഗത്തുമുള്ള ഒരു സാമൂഹികഘടനയില്‍ നിര്‍ണ്ണായകസ്ഥാനമാണ് ഇക്കൂട്ടര്‍ക്കുണ്ടായിരുന്നത്. ബ്രാഹ്മണരെയും നാടുവാഴികളെയും സംരക്ഷിച്ചുപോന്നത് ഇവരായിരുന്നു. അതിനാല്‍ സമ്പത്തും അധികാരവും ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ഇവരിലെ പ്രബലവിഭാഗം മാടമ്പിമാര്‍ എന്നറിയപ്പെട്ടിരുന്നു.

യൂറോപ്യന്മാരുടെ രംഗപ്രവേശം:

അതിപ്രാചീനകാലംമുതല്‍ തന്നെ കേരളതീരവുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടവരായിരുന്നു സിറിയാക്കാര്‍ (സുറിയാനികള്‍), യഹൂദന്മാര്‍ (പാലസ്തീന്‍കാര്‍), റോമാക്കാര്‍, അറബികള്‍ മുതലായവര്‍. ഇവര്‍ വഴിയാണ് യഹൂദമതവും ക്രിസ്തുമതവും ഇസ്ലാംമതവും കേരളത്തിലെത്തിയത്. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഒച്ചപ്പാടുകളൊന്നുമുണ്ടാക്കാതെ സമാധാനപരമായി കച്ചവടവും കൃഷിയും ചെയ്തു ജീവിച്ചുപോരുകയായിരുന്നു അവര്‍. ഇവിടത്തെ പ്രമാണി വിഭാഗത്തിന് ലഭ്യമായിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭിച്ചിരുന്നു.

എന്നാല്‍, ഈ സമാധാന ജീവിതത്തിന് ഭംഗം വരുന്നത് യൂറോപ്യന്മാരുടെ വരവോടുകൂടിയാണ്. അക്കൂട്ടത്തില്‍ ആദ്യമെത്തിയത് പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമായിരുന്നു. അവരുടെ ചൂഷണവും ക്രൂരതകളും രാഷ്ട്രീയമായ ഇടപെടലുകളും കേരളത്തില്‍ പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിച്ചു. കുഞ്ഞാലിമരയ്—ക്കാര്‍ തൊട്ടിങ്ങോട്ടുള്ള രണധീരന്മാരുടെ ചരിത്രമാരംഭിക്കുന്നത് ഈ സാഹചര്യത്തിലാണ്.

വേണാടുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടത് ഡച്ചുകാരായിരുന്നു. സിലോണില്‍ (ശ്രീലങ്ക) അവര്‍ക്കുണ്ടായിരുന്ന ആധിപത്യം അതിന് സഹായകരമായിരുന്നു. യൂറോപ്യന്മാര്‍ വരുന്നതിനുമുമ്പ് സുറിയാനികളുമായും അറബികളുമായും ആരുവാമൊഴിക്കപ്പുറമുള്ള മറവന്മാരുമായും വ്യാപാരബന്ധം സ്ഥാപിച്ചിരുന്നത് മാടമ്പിമാരായിരുന്നു. കച്ചവടത്തില്‍നിന്നും അവരുണ്ടാക്കിയ സമ്പത്ത് അവരുടെ സ്വാധീനം വര്‍ദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്തു. പ്രധാനമായും കുരുമുളകായിരുന്നു കച്ചവടച്ചരക്ക്. ഉള്‍നാട്ടില്‍നിന്നും ശേഖരിക്കുന്ന കുരുമുളക് മുസ്ലിങ്ങളും ഡച്ചുകാരുമായ കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായിരുന്നു മാടമ്പിമാര്‍. അതിനാല്‍ത്തന്നെ കുരുമുളക് വ്യാപാരകാര്യത്തില്‍ മത്സരമുണ്ടാകുമ്പോള്‍ വിദേശികള്‍ കപ്പവും പാരിതോഷികവും കൊടുത്ത് മാടമ്പിമാരെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും പതിവായിരുന്നു. ഇത് മാടമ്പിമാര്‍ തമ്മില്‍ മത്സരത്തിനും ശത്രുതയ്ക്കും ഇടയാക്കി.

ആറ്റിങ്ങല്‍ കലാപം:

ഡച്ചുകാരും മുസ്ലിങ്ങളും വേണാടുമായി കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഇംഗ്ലീഷുകാര്‍ രംഗത്തെത്തുന്നത്. വാസ്തവത്തില്‍ യൂറോപ്പിലെ കുരുമുളകുവ്യാപാരത്തില്‍ ഡച്ചുകാര്‍ക്കുണ്ടായിരുന്ന കുത്തകയാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ രൂപീകരണത്തിനും പൗരസ്ത്യദേശത്തെ കച്ചവടത്തില്‍ ഇടപെടുന്നതില്‍ ഇംഗ്ലീഷുകാരെ പ്രേരിപ്പിക്കുന്നതിനും കാരണമായത്. ആറ്റിങ്ങല്‍ റാണിയുമായി സന്ധിയുണ്ടാക്കിയ ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്തും വെട്ടൂരും താവളമുണ്ടാക്കി. പിന്നീട് ആറ്റിങ്ങലിനു പടിഞ്ഞാറ് അഞ്ചുതെങ്ങ് കടപ്പുറത്ത് ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലത്ത് കോട്ടകെട്ടാന്‍ അനുമതി സമ്പാദിച്ചു.

കുരുമുളക് വ്യാപാരത്തിലേര്‍പ്പെട്ടിരുന്ന ഡച്ചുകാരെയും മുസ്ലി—ങ്ങളെയും ഒഴിവാക്കി ഇംഗ്ലീഷുകാര്‍ക്ക് കുത്തക സ്ഥാപിക്കാനായിരുന്നു നീക്കം. അതിലേക്കായി ആറ്റിങ്ങല്‍ റാണിക്കും മാടമ്പിമാര്‍ക്കും കോഴ നല്‍കുന്നതിനുള്ള പണവും അവര്‍ കരുതിയിരുന്നു. ഡച്ചുകാരെയും മുസ്ലിങ്ങളെയും ഒഴിവാക്കിയാല്‍ മത്സരമില്ലാതാവുകയും കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നും കുരുമുളക് ശേഖരിക്കാന്‍ കഴിയുമെന്നുമായിരുന്നു ഇംഗ്ലീഷുകാര്‍ കരുതിയത്. മാടമ്പിമാരില്‍ പ്രബലനായ വഞ്ചിമുട്ടത്തുപിള്ള ഇംഗ്ലീഷുകാരുമായുള്ള ചങ്ങാത്തത്തിന് അനുകൂലമായിരുന്നു. എന്നാല്‍, പ്രബലനായ കുടമണ്‍പിള്ള അതിനെ എതിര്‍ത്തു. ഇവര്‍ തമ്മിലുള്ള വൈരം ആറ്റിങ്ങല്‍ കലാപത്തിനു കാരണമായി.

അഞ്ചുതെങ്ങ് കോട്ടയില്‍ താമസിച്ചിരുന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരുടെ അഹങ്കാരപൂര്‍വ്വമായ പെരുമാറ്റം പരിസരവാസികളും കച്ചവടക്കാരുമായ മുസ്ലിങ്ങളേയും ഹിന്ദുക്കളെയും ഒരേപോലെ ശത്രുക്കളാക്കി. കോട്ടയ്ക്കകത്ത് അവര്‍ക്കുണ്ടായിരുന്ന സമ്പൂര്‍ണാധികാരം റാണിയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതുമായിരുന്നു. ഇത്തരത്തില്‍ പലവിധമായ കാരണങ്ങളാലാണ് 1721ല്‍ നാട്ടുകാര്‍ ആറ്റിങ്ങലില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ ആക്രമണത്തിനുമുതിര്‍ന്നത്. അഞ്ചുതെങ്ങുകോട്ടയില്‍ നിന്നും റാണിയെ സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലീഷുകാരെ രാത്രിയില്‍ ആക്രമിച്ചുകൊണ്ടാണ് കലാപം ആരംഭിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും പൊതുശത്രുവിനെതിരെ ഒരുമയോടെ നീങ്ങുന്ന ഒന്നായിരുന്നു ആറ്റിങ്ങല്‍ കലാപം. ആറ്റിങ്ങലില്‍വച്ച് ഇംഗ്ലീഷുകാരില്‍നിന്നും പിടിച്ചെടുത്ത ആയുധങ്ങളാണ് അടുത്ത ദിവസങ്ങളില്‍ അഞ്ചതെങ്ങ് കോട്ട ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഉപയോഗിച്ചത്.

ഈ കലാപത്തില്‍ ചില ഇംഗ്ലീഷുകാരും നാട്ടുകാരും കൊല്ലപ്പെട്ടു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണാടില്‍ ഇംഗ്ലീഷുകാര്‍ക്ക് വ്യാപാരക്കുത്തക സ്ഥാപിക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു കലാപത്തിന്റെ ഫലം. പിന്നീട് വേണാടില്‍ മൂപ്പേറ്റ തൃപ്പാപ്പൂര്‍ സ്വരൂപം ഇംഗ്ലീഷുകാരുമായി നല്ല വ്യാപാരബന്ധം സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്തു. ഈ സ്വരൂപത്തിലെ യുവരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഇംഗ്ലീഷുകാരുമായി സഖ്യത്തിലാവുകയും അത് ഡച്ചുകാരുമായുള്ള ശത്രുതയില്‍ കലാശിക്കുകയും ചെയ്തു. എന്നുമാത്രമല്ല ആരുവാമൊഴിക്കപ്പുറത്തെ മറവന്മാരുമായും ഡച്ചുകാരുമായും വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്ന മാടമ്പിമാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കെതിരെ തിരിയാനും ഇടയാക്കി.

കുളച്ചല്‍ യുദ്ധം:

യുവരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മൂപ്പേറ്റ് വേണാട്ടരചനായപ്പോള്‍ നേരിടേണ്ടിവന്ന വലിയ രാഷ്ട്രീയ പ്രതിസന്ധി അദ്ദേഹത്തിന്റെ അധികാരത്തെ ചോദ്യംചെയ്ത മാടമ്പിമാരുടെ നടപടിയായിരുന്നു. രാജസ്ഥാനത്തേക്ക് മുന്‍ രാജാവിന്റെ മക്കളെ പ്രതിഷ്ഠിച്ച് അവകാശവാദമുന്നയിക്കുകയും ചെയ്തു. വേണാടുമായുള്ള വ്യാപാരബന്ധത്തില്‍നിന്നും ലാഭം കൊയ്തിരുന്ന ഡച്ചുകാരും അവര്‍ക്കുവേണ്ട ഒത്താശചെയ്തുകൊടുത്തിരുന്ന മാടമ്പിമാരും പൊതുതാല്‍പര്യാര്‍ത്ഥം ഒരുമിച്ചു. മാടമ്പിമാരുമായി ഇടപാടുകളുണ്ടായിരുന്ന മറവരെ തന്ത്രപൂര്‍വ്വം മാര്‍ത്താണ്ഡവര്‍മ്മ സ്വപക്ഷത്തേക്കു കൊണ്ടുവന്ന് മാടമ്പിമാരെ ഒറ്റപ്പെടുത്തി ഉന്മൂലനംചെയ്തു. പുരുഷന്മാരെ കഴുവേറ്റി. സ്ത്രീകളെയും കുട്ടികളെയും തുറയേറ്റി (മുക്കുവര്‍ക്കു ദാനം ചെയ്തു). അങ്ങനെ ആഭ്യന്തരരാഷ്ട്രീയ സമരത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ വിജയിച്ചു.

അടുത്ത ഊഴം ഡച്ചുകാരുടേതായിരുന്നു. വേണാടുമായുള്ള വ്യാപാരബന്ധം നിലച്ചതും തല്‍സ്ഥാനം ഇംഗ്ലീഷുകാര്‍ കയ്യടക്കിയതും ഡച്ചുകാരെ പ്രകോപിതരാക്കി. അവര്‍ യുദ്ധത്തിനു സന്നദ്ധരായി. ശ്രീലങ്കയില്‍നിന്നും ചെറുകപ്പലുകളില്‍ കുളച്ചലില്‍ ഇറങ്ങിയ ഡച്ചുകാര്‍ കാല്‍ക്കുളത്തേക്ക് (പത്മനാഭപുരം) നീങ്ങി. അവരെ നേരിട്ട വേണാട്പട താല്‍ക്കാലിക വിജയം നേടി. പിന്തിരിഞ്ഞോടിയ ഡച്ചുകാര്‍ക്ക് കപ്പലില്‍ കയറി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അതിനുകാരണം കുളച്ചല്‍, മണ്ടയ്ക്കാട്, തേങ്ങാപ്പട്ടണം മുതലായ തീരദേശത്തെ മുക്കുവരുടെ സഹായം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ലഭിച്ചതാണ്.

പരതവര്‍, മീനവര്‍, ഉപ്പവര്‍ എന്നീ വിവിധ പേരുകളിലറിയപ്പെട്ടിരുന്ന തീരദേശവാസികള്‍ മത്സ്യബന്ധനവും ഉപ്പുണ്ടാക്കിയും ജീവിച്ചുപോന്നവരായിരുന്നു. ഈ തൊഴിലുകളോടൊപ്പം കായികപരിശീലനവും അവര്‍ നേടിയിരുന്നു. അത് പരിശീലിപ്പിച്ചിരുന്നവരെ ആശാന്മാര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ആശാന്മാരുടെ ഒരു വിളിയോ കൂവലോ കേട്ടാല്‍ പെട്ടെന്നുതന്നെ തീരദേശത്തുള്ള അഭ്യാസികള്‍ ഒത്തുകൂടുമായിരുന്നു. ഈ ആശാന്മാരുമായി നല്ല സൗഹൃദം സ്ഥാപിച്ച മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഡച്ചുകാരെ തുരത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടതായി വന്നില്ല. കരയുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചുകാര്‍ക്ക് കപ്പലുകളിലുണ്ടായിരുന്ന പീരങ്കികള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. അതിനുകാരണം മുക്കുവരായിരുന്നു.

ആശാന്മാരുടെ കീഴില്‍ പരിശീലനം നേടിയിരുന്ന അഭ്യാസികള്‍ക്ക് വളരെനേരം കടലില്‍ 'മുക്ലി' (വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച് മുങ്ങിക്കിടക്കുക)യിട്ട് കിടക്കാന്‍ കഴിയുമായിരുന്നു. ഇരുമ്പുപാരകൊണ്ട് ഡച്ചുകാരുടെ കപ്പലുകളിലെ അടിത്തട്ടില്‍ വിള്ളലുകളുണ്ടാക്കി മുക്കിക്കളഞ്ഞതിനാല്‍ തോറ്റോടിവന്ന ഡച്ചുകാര്‍ക്ക് കപ്പലിലെ പീരങ്കികള്‍ ഉപയോഗിക്കാനോ കപ്പലോടിച്ചുപോയി രക്ഷപ്പെടാനോ കഴിഞ്ഞില്ല. കടപ്പുറത്തുവച്ച് വളഞ്ഞുപിടിച്ച അവരെ മാര്‍ത്താണ്ഡവര്‍മ്മയുടെ പടനായകര്‍ക്ക് മുക്കുവര്‍ കൈമാറുകയായിരുന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്നയാളാണ് ഡിലനോയി.

തീരദേശവാസികളായ മുക്കുവര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു നല്‍കിയ ഈ സേവനത്തിന്റെ പ്രത്യുപകാരമെന്ന നിലയ്ക്കാണ് കന്യാകുമാരിമുതല്‍ വടക്കോട്ട് തീരദേശത്തുടനീളം ക്രിസ്ത്യന്‍ പള്ളികള്‍ സ്ഥാപിക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കുകയും മറ്റു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തത്. പോര്‍ച്ചുഗീസുകാരോടൊപ്പം കേരളതീരത്തെത്തിയ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ (പുണ്യവാളനായ ശവരിയാര്‍) മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്നവരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തിരുന്നു. ലത്തീന്‍ കത്തോലിക്കാസഭ തീരപ്രദേശത്തുടനീളം പള്ളികള്‍ സ്ഥാപിക്കാനിടയായ സാഹചര്യം ഇതാണ്.

നാട്ടുകൂട്ടമിളക്കം:

വേണാടില്‍ കൃഷിക്കാരായ ഗ്രാമവാസികള്‍ കൂടിയിരുന്ന് ആലോചിച്ച് തീരുമാനങ്ങളെടുത്തിരുന്ന ഏര്‍പ്പാടായിരുന്നു 'നാട്ടുകൂട്ടം. പൊതുകുളങ്ങളില്‍നിന്നും കൃഷിക്കായി വെള്ളം തുറന്നുവിടുന്നതിന്റെ ക്രമീകരണം, ഗ്രാമത്തിലെ ക്രമസമാധാനപാലനം (ദേശകാവല്‍ - പോലീസ്), ക്ഷേത്രത്തിലെ ഉത്സവം, പാട്ടം പിരിവിന്റെ ഏര്‍പ്പാടുകള്‍ (രാജഭോഗം, ജന്മിഭോഗം) ഇത്യാദികാര്യങ്ങളായിരുന്നു 'നാട്ടുകൂട്ടങ്ങള്‍ നോക്കിയിരുന്നത്. പലപ്പോഴും ഇതിന്റെ നിയന്ത്രണം നികുതിപിരിവിന് നിയോഗിക്കപ്പെട്ട 'പ്രവര്‍ത്യക്കാര്‍' (വില്ലേജാഫീസര്‍), 'കാര്യക്കാര്‍' (താലൂക്കാഫീസര്‍) തുടങ്ങിയ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അധികാരത്തിലെത്തിയത് ധര്‍മ്മരാജയായിരുന്നു. അപ്പോഴേക്കും വേണാട് തിരുവിതാംകൂറായി വികസിച്ചിരുന്നു. തെക്ക് ആരുവാമൊഴിമുതല്‍ വടക്ക് ആലുവാപ്പുഴവരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു തിരുവിതാംകൂര്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ മലബാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറിന്റെ പടിവാതില്‍ക്കലെത്തി. ടിപ്പുവിന്റെ ഭീഷണിയില്‍ നിന്നും രക്ഷനേടുന്നതിനു വേണ്ടി ധര്‍മ്മരാജാവ് ഇംഗ്ലീഷുകാരുമായി സൈനിക സഖ്യമുണ്ടാക്കി. അന്നേവരെയുണ്ടായിരുന്ന വ്യാപാര ഉടമ്പടി സൈനികസഖ്യമായും ഒരു ദശാബ്ദത്തിനുശേഷം രാഷ്ട്രീയ ഉടമ്പടിയായും മാറിയ സാഹചര്യം ഇതായിരുന്നു.

ധര്‍മ്മരാജാവിനുശേഷം അധികാരത്തിലെത്തിയ ബാലരാമവര്‍മ്മ രോഗിയും ദുര്‍ബലനുമായതിനാല്‍ ദുര്‍വൃത്തരായ ഉദ്യോഗസ്ഥന്മാരുടെ ചൊല്‍പ്പടിയിലായി. അഴിമതിക്കാരായ ഇവര്‍ ജനങ്ങളുടെ മേല്‍ അധിക നികുതി ചുമത്തി. അതു പിരിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്വം പ്രവൃത്യക്കാരിലും കാര്യക്കാരിലും നിക്ഷിപ്തമായി. തലക്കുളത്തെ കാര്യക്കാരായ വേലുത്തമ്പി ഇതിനെ എതിര്‍ത്തു. അദ്ദേഹം കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഇത് ചെയ്തത്. തലക്കുളത്തേയും പരിസരഗ്രാമങ്ങലിലേയും കൃഷിക്കാരെ സംഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് അദ്ദേഹം കാല്‍നടയായി പുറപ്പെട്ടു. വിശപ്പടക്കുന്നതിനായി എല്ലാവരും പൊതിച്ചോറ് കരുതിയിരുന്നു. അവര്‍ കരമനയാറിന് തെക്കുവശത്ത് എത്തിച്ചേര്‍ന്നു. നാട്ടുകൂട്ടമിളക്കം എന്നാണ് ഇതേപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നത്.

കരമനയില്‍നിന്നും വേലുത്തമ്പി ഒറ്റയ്ക്ക് രാജാവിനെ മുഖം കാണിക്കാന്‍ കോട്ടയ്ക്കകത്തെത്തി. ഈ സന്ദര്‍ശനത്തെത്തുടര്‍ന്ന് അധിക നികുതി നല്‍കേണ്ടതില്ലെന്ന് തീരുമാനമായി. വേലുത്തമ്പിയെ സര്‍വാധികാര്യക്കാരായി ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചു.

കുണ്ടറവിളംബരം:

ധര്‍മ്മരാജാവ് ഇംഗ്ലീഷുകാരുമായി ഉണ്ടാക്കിയ ഉടമ്പടി ബാലരാമവര്‍മ്മയുടെ കാലത്ത് 1805ല്‍ രാഷ്ട്രീയസഖ്യമായി വിപുലപ്പെടുത്തി. ഇതോടുകൂടി തിരുവിതാംകൂര്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധിയായി ഒരുദ്യോഗസ്ഥന്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. റസിഡന്റ് എന്നായിരുന്നു അയാളുടെ ഔദ്യോഗിക പേര്. ആദ്യത്തെ റസിഡന്റ് കേണല്‍ മെക്കാളേയായിരുന്നു. ഈയാളുമായുള്ള അഭിപ്രായവ്യത്യാസമാണ് ദിവാനായിരുന്ന വേലുത്തമ്പിയെ ബ്രിട്ടീഷുവിരുദ്ധ കലാപത്തിന് പ്രേരിപ്പിച്ചത്. എല്ലാ മറകളും നീക്കി നേരിട്ടുള്ള യുദ്ധ പ്രഖ്യാപനമായിരുന്നു 1809ലെ കുണ്ടറവിളംബരം. ബ്രിട്ടീഷുകാരുടെ ചൂഷണത്തേയും അനീതികളേയും വിളംബരത്തില്‍ എണ്ണിയെണ്ണിപ്പറയുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിനെതിരെ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി തെന്നിന്ത്യയില്‍ നടന്ന നിരവധി കലാപങ്ങളിലൊന്നായിരുന്നു വേലുത്തമ്പിയുടേത്. എന്നാല്‍,മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി വേലുത്തമ്പി തന്റെ കലാപത്തിന്റെ സാഹചര്യം വിവരിക്കുന്ന ഒരു പ്രഖ്യാപനം നടത്തുന്നു. അതാകട്ടെ ഇന്നും പ്രസക്തമാണുതാനും.

വേലുത്തമ്പിയുടേത് ഒരു സായുധകലാപമായിരുന്നു. സ്വാഭാവികമായും മെച്ചപ്പെട്ട ആയുധങ്ങളുമായി ആധിപത്യമുറപ്പിക്കാന്‍ പടവെട്ടുന്ന കൊളോണിയല്‍ ശക്തിക്കുമുമ്പില്‍ പരാജയപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, പിന്നീടുള്ള കൊളോണിയല്‍ വിരുദ്ധകലാപങ്ങള്‍ക്ക് അത് പ്രചോദനമായിരുന്നു.

ക്രിസ്തുമതവും സാമൂഹ്യപരിവര്‍ത്തനവും:

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംദശകംമുതലാണ് ക്രിസ്തുമതത്തിന്റെ പ്രവര്‍ത്തന ഫലമായി തിരുവിതാംകൂറില്‍ സാമൂഹിക ജീവിതത്തില്‍ ചലനങ്ങളുണ്ടാകുന്നത്. അതിനുമുമ്പുള്ള പതിനെട്ടുനൂറ്റാണ്ടുകാലവും ക്രൈസ്തവര്‍ കേരളത്തിലുണ്ടായിരുന്നെങ്കിലും അവരുടെ പ്രവര്‍ത്തനം നിലവിലിരുന്ന വ്യവസ്ഥയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലാണ് പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മിഷണറിമാര്‍ കേരളത്തിലെത്തുന്നത്. അവരുടെ പ്രവര്‍ത്തനം സജീവമായിരുന്നത് തെക്കന്‍ തിരുവിതാംകൂറിലായിരുന്നു.

ലണ്ടന്‍ മിഷണറി സൊസൈറ്റി (എല്‍.എം.എസ്) നാഗര്‍കോവിലിനടുത്തുള്ള നെയ്യൂരില്‍ ഒരു പള്ളി സ്ഥാപിക്കുന്നതോടുകൂടിയാണ് മാറ്റം തുടങ്ങുന്നത്. പനകയറ്റവും കൃഷിപ്പണിയും ചെയ്തുപോന്ന അടിയാളവിഭാഗത്തില്‍പ്പെട്ട ചാന്നാര്‍ ജാതിയില്‍പ്പെട്ടവരായിരുന്നു എല്‍.എം.എസ്സില്‍ ചേര്‍ന്നവര്‍.സവര്‍ണ്ണജാതിക്കാരായ ജന്മിമാരുടെ പാടത്തും പറമ്പിലും ഊഴിയവേല (പ്രതിഫലമില്ലാത്ത നിര്‍ബന്ധിത ജോലി) ചെയ്തിരുന്നവരായിരുന്നു ഇവര്‍. ഇവരില്‍ കുറേപ്പേര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നതോടുകൂടി പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.

സഭയില്‍ ചേര്‍ന്നവര്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ എത്തണമെന്നും, ദേഹശുദ്ധിയും വസ്ത്രശുദ്ധിയും ഉണ്ടായിരിക്കണമെന്നും, സ്ത്രീകള്‍ കുപ്പായം ധരിച്ചുവരണമെന്നുമായിരുന്നു. മിഷണറിമാര്‍ ആവശ്യപ്പെട്ടത്. വസ്ത്രമില്ലാത്തവര്‍ക്ക് സൗജന്യമായി പള്ളിയില്‍നിന്നും അത് കൊടുത്തിരുന്നു. മിഷണറിമാര്‍ക്കുവേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നത് ഇംഗ്ലണ്ടിലെ തുണിമില്ലുടമകളായിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ രണ്ടുതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കി. കുറേപ്പേര്‍ പള്ളിയില്‍ പോയത് കാരണം ഞായറാഴ്ചകളില്‍ ഊഴിയവേലയ്ക്ക് ആളെ കിട്ടാതായതിനാല്‍ ജന്മിമാര്‍ക്ക് എതിര്‍പ്പുണ്ടായി. സവര്‍ണ സ്ത്രീകള്‍പോലും ധരിക്കാറില്ലാതിരുന്ന കുപ്പായം ചാന്നാട്ടികള്‍ ധരിക്കുന്നത് മേല്‍ജാതിക്കാരുടെ എതിര്‍പ്പിനിടയാക്കി. ജന്മിയും അടിയാളനും തമ്മിലും മേല്‍ജാതിക്കാരനും കീഴ്ജാതിക്കാരനും തമ്മിലും എന്ന തരത്തില്‍ എതിര്‍പ്പിന്റെ സ്വഭാവം അതിവേഗം മാറി. നെയ്യാറ്റിന്‍കര, വിളവംകോട്, കല്‍ക്കുളം, തോവാള, അഗസ്തീശ്വരം എന്നീ അഞ്ച് തെക്കന്‍ താലൂക്കുകളില്‍ ജാതിവിരുദ്ധമായ കലാപമായി ഇതുവളര്‍ന്നു. ചാന്നാര്‍ ലഹള എന്ന പേരില്‍ ഇത് പിന്നീട് പ്രസിദ്ധമായി.

ധര്‍മ്മശാസ്ത്രങ്ങള്‍ക്കും നാടുനടപ്പിനും കീഴ്‌വഴക്കങ്ങള്‍ക്കും എതിരായിട്ടുള്ളതായിരുന്നു ചാന്നാട്ടികളുടെ കുപ്പായം ധരിക്കല്‍. ധര്‍മ്മ സംസ്ഥാപനമാണ് രാഷ്ട്രധര്‍മ്മമെന്നതിനാല്‍ സര്‍ക്കാര്‍ ചാന്നാര്‍കലാപത്തെ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍, മിഷണറിമാര്‍ മദിരാശിയിലെ ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചു. മദിരാശി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം റസിഡന്റും ദിവാനുമായിരുന്ന കേണല്‍ മണ്‍റോ ചാന്നാട്ടികള്‍ക്ക് കുപ്പായം ധരിക്കുന്നതിനുള്ള അനുവാദംകൊടുത്തു. എന്നാല്‍, ചാന്നാട്ടികളുടെ കുപ്പായം പരസ്യമായി വലിച്ചുകീറിക്കൊണ്ട് സവര്‍ണര്‍ നിയമലംഘനം നടത്തി. തിരുവിതാംകൂറില്‍ നിലവിലിരുന്ന നിയമപ്രകാരം സവര്‍ണരെ ശിക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ മണ്‍റോ ബ്രിട്ടീഷ് മാതൃകയില്‍ കോടതികള്‍ സ്ഥാപിച്ചു. സ്ത്രീകളുടെ കുപ്പായം കീറിയതിന് സവര്‍ണര്‍ക്ക് ശിക്ഷലഭിച്ചുവെങ്കിലും കുറ്റകൃത്യത്തിന് കുറവൊന്നും ഉണ്ടായില്ല.

നൂറ്റാണ്ടുകളോളം ആചാരമായിരുന്ന ഒന്ന് പെട്ടെന്ന് അനാചാരമാകുന്ന ഒരു സ്ഥിതി സംജാതമായി. സ്ത്രീക്ക് മേല്‍വസ്ത്രം വേണമെന്ന് പെട്ടെന്ന് തോന്നാന്‍ കാരണമെന്ത്? അതിനുകാരണം ക്രിസ്തുമതമാണ്. ക്രിസ്തുമതം സാമൂഹ്യമാറ്റത്തിനുള്ള ഐഡിയോളജിയായി പ്രവര്‍ത്തിക്കുകയായിരുന്നു. മത പരിവര്‍ത്തനത്തിലൂടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു മിഷണറിമാര്‍ പ്രചരിപ്പിച്ചത് അധികം വൈകാതെതന്നെ അത് വ്യാമോഹമാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു.

സമത്വസമാജം:

സവര്‍ണമേലാളന്മാര്‍ അടിയാളജാതിക്കാരെക്കൊണ്ട് ഊഴിയവേല ചെയ്യിപ്പിച്ചും സ്വന്തമിഷ്ടപ്രകാരം വസ്ത്രംപോലും ധരിക്കാനുള്ള അവകാശം നിഷേധിച്ചും കീഴ്മര്യാദയുടെ പേരില്‍ ഭരണകൂടം അതിനെ ന്യായീകരിച്ചും പോരുന്ന ഒരവസ്ഥയിലാണ് ശക്തമായ പ്രതിഷേധം ചാന്നാര്‍ജാതിക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനംചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നുള്ള വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് 1837ല്‍ 'സമത്വസമാജം' സ്ഥാപിക്കപ്പെടുന്നത്. ഇത് സ്ഥാപിച്ചത് ചാന്നാര്‍ ജാതിയില്‍പ്പിറന്ന മുത്തുക്കുട്ടിയെന്ന വ്യക്തിയായിരുന്നു. വൈകുണ്ഠസ്വാമി എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായി. ബംഗാള്‍ നവോത്ഥാനനായകനായ റാംമോഹന്‍ റോയി ബ്രഹ്മസമാജം സ്ഥാപിക്കുന്നത് 1828ല്‍ ആയിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് അതുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത സമത്വസമാജം സ്ഥാപിക്കപ്പെടുന്നത്. ബ്രഹ്മസമാജം സവര്‍ണര്‍ക്കിടയിലെ അനാചാരങ്ങള്‍ ദൂരീകരിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. സവര്‍ണര്‍ അവര്‍ണരില്‍ അടിച്ചേല്‍പ്പിച്ച അവകാശ നിഷേധത്തിനെതിരേയുള്ള പോരാട്ടമായിരുന്നു സമത്വസമാജത്തിലൂടെ ഉദ്ദേശിക്കപ്പെട്ടത്.

ശുചീന്ദ്രത്തിനടുത്തുള്ള പൂവാണ്ടന്‍ പറമ്പിലാണ് 1809ല്‍ വൈകുണ്ഠസ്വാമി ജനിച്ചത്. അവിടമാണ് പിന്നീട് സ്വാമിത്തോപ്പ് എന്നറിയപ്പെട്ടത്. അയല്‍ ജില്ലയായ തിരുനെല്‍വേലിയിലെ ചാന്നാര്‍ജനങ്ങള്‍ക്കുണ്ടായിരുന്ന അവകാശങ്ങള്‍ തിരുവിതാംകൂര്‍ക്കാര്‍ക്ക് നിഷേധിക്കപ്പെട്ടതാണ് വൈകുണ്ഠസ്വാമിയെ പോരാളിയാക്കിയത്. ബുദ്ധമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും സ്വാധീനം അദ്ദേഹത്തിലുണ്ടായിരുന്നു. എന്നാല്‍, മതതത്വങ്ങളിലൂടെ പരിഹരിക്കാന്‍ കഴിയുന്നതല്ല ജാതീയമായ ഉച്ചനീചത്വങ്ങളെന്ന ബോദ്ധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. നാനാജാതിയില്‍പ്പെട്ടവരെ ഒരുമിച്ചിരുത്തി അദ്ദേഹം ഭക്ഷണം കൊടുത്തു. 'സമപന്തിഭോജനം' എന്നാണതറിയപ്പെട്ടത്. കൂലിയില്ലാതെ വേലചെയ്യരുതെന്ന് ഊഴിയവേലയ്ക്കുപോകുന്നവരോടുപറഞ്ഞു. അന്യായപ്പാട്ടം കൊടുക്കരുതെന്ന് കൃഷിക്കാരോടും പറഞ്ഞു. സഹപ്രവര്‍ത്തകരുമൊത്ത് ചേര്‍ന്ന് ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയര്‍വലിച്ച് ക്ഷേത്രാചാരം ലംഘിച്ചു. സവര്‍ണര്‍ക്കു മാത്രം അവകാശപ്പെട്ട തലപ്പാവ് ചാന്നാര്‍ജാതിക്കാരോടും ധരിക്കാന്‍ പറഞ്ഞു. സ്വാമിത്തോപ്പിലെ തന്റെ ആശ്രമത്തില്‍ അദ്ദേഹം കണ്ണാടി പ്രതിഷ്ഠിച്ചു. തലപ്പാവ് ധരിച്ച് കണ്ണാടിയില്‍ നോക്കി അതില്‍ക്കാണുന്ന ബിംബത്തെ ആരാധിക്കാന്‍ പറഞ്ഞു. ഒരു ജാതി, ഒരുമതം, ഒരു ദൈവം, ഒരു ഭാഷ, ഒരു ദേശം, ഒരു കുലം, ഒരു ലോകം എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. മദിരാശിയിലെ ബ്രിട്ടീഷുഭരണത്തെ വെണ്‍നീചന്റെ ഭരണമെന്നും തിരുവിതാംകൂര്‍ഭരണത്തെ അനന്തപുരിയിലെ കരിനീചന്റെ ഭരണമെന്നും വിശേഷിപ്പിച്ചു.

നിലവിലുള്ള ആചാര്യ മര്യാദകളെയെല്ലാം ലംഘിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനം വെല്ലുവിളിയായിത്തന്നെ അധികാരികളെടുത്തു. അങ്ങിനെ 1839ല്‍ അദ്ദേഹത്തെ തടവുകാരനാക്കുകയും നൂറ്റിപ്പത്തു ദിവസത്തെ കാരാഗൃഹവാസത്തിനു ശിക്ഷിക്കുകയും ചെയ്തു. ശിക്ഷാ കാലാവധി കഴിഞ്ഞ് തിരിച്ച് സ്വാമിത്തോപ്പിലെത്തിയ അദ്ദേഹം ഒരു കിണര്‍ കുഴിച്ച് എല്ലാവര്‍ക്കും അതില്‍നിന്നും കുടിവെള്ളമെടുക്കാന്‍ അനുവദിച്ചു. മുന്തിരിക്കിണര്‍ എന്ന് അതിന് പേരിട്ടു. അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനായിരുന്നു ഷണ്‍മുഖ വടിവേലു. നാഗര്‍കോവിലിനടുത്തുള്ള തടിക്കാരംകോണത്ത് അദ്ദേഹം പിന്നീട് ആശ്രമം സ്ഥാപിച്ചു. മറ്റൊരു ശിഷ്യനായിരുന്നു സുബ്ബരായര്‍. വൈകുണ്ഠസ്വമി തടവറയിലായിരുന്നപ്പോള്‍ സബ്ജയിലറായിരുന്നു സുബ്ബരായര്‍. തിരുവനന്തപുരത്ത് തൈക്കാട് അയ്യാഗുരുവെന്ന പേരില്‍ പിന്നീടദ്ദേഹം പ്രസിദ്ധനായി. വൈകുണ്ഠസ്വാമി 1851ല്‍ ദിവംഗതനായി.

അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ചന്നാര്‍ജനതയ്ക്ക് സമരവീര്യം പകര്‍ന്നത് വൈകുണ്ഠസ്വാമിയായിരുന്നു. ക്രിസ്തുമതമാണ് ആചാരലംഘനത്തിന് തുടക്കത്തില്‍ കാരണമായതെങ്കിലും 'സമത്വ സമാജ' സ്ഥാപനമാണ് ചാന്നാര്‍ലഹളകള്‍ക്ക് ചൂടും ചൂരും പകര്‍ന്നത്. ഇതു ക്രമേണ മറ്റു ജാതികളിലേക്കും പടര്‍ന്നു. മതം മാറിയതു കൊണ്ടുമാത്രം നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ ലഭിക്കില്ലെന്ന ബോധവും വളരാനിടയായി. ഇത് ഓരോ ജാതിക്കകത്തും നിലനില്‍ക്കുന്ന ആചാരങ്ങളില്‍പ്പലതും അനാചാരങ്ങളാണെന്ന തിരിച്ചറിവുണ്ടാകാന്‍ കാരണമായി. അതോടൊപ്പംതന്നെ പൗരാവകാശങ്ങളെപ്പറ്റി ബോധവാന്മാരാകാനും പ്രേരകമായി. അത്തരത്തില്‍ ഒരു വലിയ വിഭാഗം ജനങ്ങള്‍ അവകാശങ്ങള്‍ക്കായി പോരാടുമ്പോള്‍ അതു നിഷേധിക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയുമായിരുന്നില്ല. അതാണ് സര്‍ക്കാര്‍ ഉത്തരവുകളായ രാജകീയ വിളംബരങ്ങളായി പുറത്തിറങ്ങിയിരുന്നത്.

സാമൂഹിക പരിഷ്‌ക്കരണം:

കേരളത്തിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാംതന്നെ തിരുവിതാംകൂറിലാണ് ഉദയംകൊണ്ടത്. അതില്‍ തന്നെ ഏറിയ കൂറും തിരുവനന്തപുരം ജില്ലയിലാണുതാനും. 'സമത്വസമാജം' മുതല്‍ 'സാധുജനപരിപാലന സംഘം' വരെയുള്ള പ്രസ്ഥാനങ്ങള്‍ ആദാനപ്രദാനങ്ങളിലൂടെയാണ് വളര്‍ന്നു വന്നത്. വൈകുണ്ഠസ്വാമിയുടെ ശിഷ്യനായിരുന്ന ഷണ്‍മുഖവടിവേലുവിന്റെ ശിഷ്യത്വം സ്വീകരിച്ചയാളായിരുന്നു ചട്ടമ്പി സ്വാമികള്‍. തന്റെ ഗുരുവിന്റെ സ്മരണയ്ക്കായിട്ടാണദ്ദേഹം ഷണ്‍മുഖദാസന്‍ എന്ന പേരു സ്വീകരിച്ചത്. മറ്റൊരു ശിഷ്യനായ തൈക്കാട്ട് അയ്യാഗുരുവില്‍ നിന്നും യോഗവിദ്യ പഠിച്ചവരായിരുന്നു സതീര്‍ത്ഥ്യരും സമശീര്‍ഷരുമായ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും. തൈക്കാട് അയ്യാഗുരു (1814-1910) 1873 മുതല്‍ എല്ലാ വര്‍ഷവും തൈപ്പൂയംനാളില്‍ എല്ലാ ജാതിയിലും മതത്തിലുംപെട്ട വ്യക്തികളെ ഒന്നിച്ചിരുത്തി പന്തിഭോജനം നടത്തിയിരുന്നു. അതില്‍ വിറളിപൂണ്ട സവര്‍ണര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്ന് വിളിച്ചധിക്ഷേപിച്ചു. അതിനദ്ദേഹം മറുപടി പറഞ്ഞതിങ്ങിനെ: ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍''.

എന്തുകൊണ്ട് തിരുവിതാംകൂര്‍ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ വിളഭൂമിയായി? അത് പ്രധാനമായും ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റത്തിന്റെ ഫലമാണ്. പണ്ടാരവക (സര്‍ക്കാര്‍ വക) ഭൂമി കുടിയാന്മാര്‍ക്കു പാട്ടത്തിനു കൊടുത്ത് കൃഷിയെ പ്രോത്സാഹിപ്പിച്ച് നികുതി പിരിച്ച് ഖജനാവ് നിറയ്ക്കുന്ന പതിവു തുടങ്ങിയത് തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മയാണ്. അത്തരത്തില്‍ കിട്ടിയ നികുതിപ്പണംകൊണ്ടാണ് ആരുവാമൊഴിമുതല്‍ ആലുവാപ്പുഴവരെ നീണ്ടുകിടക്കുന്ന ഒരു രാജ്യം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ആദ്യം മേല്‍ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും മാത്രമാണ് ഭൂമി പാട്ടത്തിനു നല്‍കിയിരുന്നതെങ്കില്‍ മണ്‍റോയുടെ കാലംമുതല്‍ പിന്നോക്കജാതിയില്‍പ്പെട്ടവര്‍ക്കും പാട്ടഭൂമി നല്‍കിത്തുടങ്ങി. കഠിനാദ്ധ്വാനംകൊണ്ട് മിച്ചം ഉല്‍പാദിപ്പിച്ച് വിപണനം ചെയ്ത് വളര്‍ന്നുവരുന്ന ഒരു കര്‍ഷകവര്‍ഗം ഇവിടെ ഉണ്ടായി. ഇവരുടെ ആവശ്യപ്രകാരം നികുതി കുടിശ്ശിക വരുത്തിയാല്‍ ഒഴിപ്പിക്കാന്‍ പാടില്ലെന്നും പിഴ ഈടാക്കുക മാത്രമേ പാടുള്ളൂവെന്നും സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. അങ്ങനെ വളര്‍ന്നുവന്ന ഇടത്തരം കര്‍ഷകവര്‍ഗ്ഗം അധികം വൈകാതെ ഉടമസ്ഥാവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തി. പ്രവര്‍ത്യക്കാര്‍, കാര്യക്കാര്‍, സര്‍വാധികാര്യക്കാര്‍ തുടങ്ങിയ ഉദേ്യാഗസ്ഥന്മാര്‍ മുഖേന അവരുടെ ആവശ്യം സര്‍ക്കാരിലെത്തിച്ചു. തങ്ങളുടെ ആവശ്യം നേടിയെടുക്കാനായി പ്രക്ഷോഭമാര്‍ഗ്ഗവുമവലംബിച്ചു. ചേര്‍ത്തല, പൂഞ്ഞാര്‍, കുന്നത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധയോഗങ്ങള്‍ ചേര്‍ന്നു. ഇതിന്റെയെല്ലാം ഫലമായി 1865ല്‍ സര്‍ക്കാര്‍ പണ്ടാരപ്പാട്ട വിളംബരം പ്രസിദ്ധപ്പെടുത്തി.

ഇത്തരത്തില്‍ ഭൂമിയിന്മേലുള്ള കൈവശാവകാശം ഉടമസ്ഥാവകാശമാവുകയും ഭൂമി വില്‍പനച്ചരക്കാകുകയും ചെയ്തതോടെ കച്ചവടം ആരംഭിക്കുകയും സ്വദേശിയും വിദേശിയുമായ മൂലധനത്തിന്റെ കടന്നുവരവിന് കളമൊരുങ്ങുകയും ചെയ്തു. കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വളര്‍ന്നു വന്ന ധനികവിഭാഗത്തിന സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലായെന്ന അവസ്ഥയില്‍നിന്നാണ് ആചാരങ്ങള്‍ അനാചാരങ്ങളാണെന്ന തോന്നലുണ്ടായത്. സവര്‍ണര്‍ക്കു ലഭിക്കുന്ന പൗരാവകാശങ്ങള്‍ തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധമുയര്‍ന്നത്.

അതോടൊപ്പംതന്നെ മൂലധനത്തിന്റെ കടന്നുവരവോടുകൂടി തോട്ടകൃഷിയും വ്യവസായങ്ങളും ആരംഭിച്ചു. മൂലധനം പെറ്റുപെരുകുന്നതിന് തൊഴിലാളികളെ ആവശ്യമായിരുന്നു. പ്രതിഫലമില്ലാതെ പണിയെടുത്തിരുന്ന ഊഴിയവേലക്കാരായ അടിയാളജാതിക്കാര്‍ കൂലി കിട്ടുന്ന തോട്ടം- വ്യവസായത്തൊഴിലാളികളായി മാറിത്തുടങ്ങി. ജാതി അടിമകള്‍ കൂലി അടിമകളായി മാറുന്ന ഒരു നിശ്ശബ്ദ വിപ്‌ളവം സമൂഹത്തില്‍ സംഭവിച്ചു. ഇത്തരത്തില്‍ പുതിയ വര്‍ഗ്ഗങ്ങള്‍ വളര്‍ന്നുവന്നപ്പോള്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഉത്പാദനബന്ധങ്ങളും ആചാരാനുഷ്ഠാനങ്ങളും കാലഹരണപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശ്രീ നാരായണ പ്രസ്ഥാനവും അയ്യന്‍കാളി പ്രസ്ഥാനവും ഉടലെടുക്കുന്നത്.

അരനൂറ്റാണ്ടിനു മുമ്പാരംഭിച്ച വൈകുണ്ഠസ്വാമി പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായി വളരാതിരുന്നതിനുള്ള കാരണവും മറ്റൊന്നല്ല. ഭൂവുടമാബന്ധങ്ങളില്‍ മാറ്റം വരുന്നതും മൂലധനം രംഗപ്രവേശം ചെയ്യുന്നതും പുതിയ വര്‍ഗ്ഗങ്ങള്‍ വളര്‍ന്നുവരുന്നതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു. ക്രൈസ്തവ മിഷണറിമാര്‍ ആരംഭിച്ച പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പ്രചാരകരായി സര്‍ക്കാര്‍തന്നെ മാറുന്നതും ഇക്കാലത്താണ്. അതായത്, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിദ്യാലയങ്ങള്‍ തുടങ്ങുകമാത്രമല്ല, സ്വകാര്യ സംരംഭകര്‍ക്ക് ഗ്രാന്റ്-ഇന്‍-എയ്ഡ് സമ്പ്രദായത്തിലൂടെ സഹായം നല്‍കുന്ന സമ്പ്രദായം ആരംഭിക്കുന്നതും ഇക്കാലത്താണ്. തൊഴില്‍ കിട്ടുന്നതിന് ആധുനിക വിദ്യാഭ്യാസം ആവശ്യമാണെന്നു വന്നപ്പോള്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ആധുനിക വിദ്യാഭ്യാസത്തിലൂടെ പാശ്ചാത്യ ആശയങ്ങളും ശാസ്ത്ര ബോധവും ഇവിടെ പ്രചരിച്ചുതുടങ്ങി.

ബ്രാഹ്മണാധിപത്യം വെല്ലുവിളിക്കപ്പെടുന്നു:

ഭൂവുടമസ്ഥതയിലും ക്ഷേത്ര ഭരണത്തിലും രാജ്യഭരണത്തിലും ബ്രാഹ്മണര്‍ക്ക് നിര്‍ണ്ണായക പദവിയാണ് സമൂഹത്തിലുണ്ടായിരുന്നത്. വേദപഠനത്തിന്റേയും ജ്യോതിശാസ്ത്രത്തിന്റേയും ആരോഗ്യ ശാസ്ത്രത്തിന്റേ(ആയുര്‍വേദം)യും കുത്തക അവര്‍ക്കായിരുന്നു. വേദപഠനം ശൂദ്രന് നിഷിദ്ധമാണെന്ന ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ വെല്ലുവിളിക്കേണ്ടത് ഈ കാലഘട്ടത്തില്‍ ആവശ്യമായി വന്നു. 'വേദാധികാര നിരൂപണം''എന്ന കൃതിയിലൂടെ ചട്ടമ്പിസ്വാമികള്‍ ബ്രാഹ്മണരുടെ കുത്തകയെ ചോദ്യം ചെയ്തു.

നൂറ്റാണ്ടുകളായി കേരളത്തില്‍ ബ്രാഹ്മണര്‍ പ്രചരിപ്പിച്ചു പോന്ന ഒരു കടങ്കഥയായിരുന്നു പരശുരാമന്റെ മഴുവേറ്. 'കേരളോല്‍പത്തി'കേരള മാഹാത്മ്യം'എന്നീ അജ്ഞാത കര്‍ത്രുകങ്ങളായ കൃതികളിലൂെടയാണ് കേരളം പരശുരാമ സൃഷ്ടിയാണെന്ന് സ്ഥാപിച്ചിരുന്നത്. കടലില്‍നിന്നു പൊക്കിയെടുത്ത ഈ പ്രദേശത്ത് മുപ്പത്തിരണ്ട് ബ്രാഹ്മണ കുടുംബങ്ങളെ കുടിയിരുത്തിയെന്നും അതുവഴി കേരളം ബ്രാഹ്മണര്‍ക്ക് അവകാശപ്പെട്ടതാണെന്നുമായിരുന്നു ഈ കൃതികളിലൂടെ സമര്‍ത്ഥിച്ചിരുന്നത്. 'പ്രാചീന മലയാളം''എന്ന കൃതിയിലൂടെ ചട്ടമ്പിസ്വാമികള്‍ അതിനെ ചോദ്യം ചെയ്തു. എന്നാല്‍, കേരളമുണ്ടായ നാള്‍മുതല്‍ അവിടെ അധിവസിച്ചിരുന്നത് നായന്മാരാണെന്നു പറയാന്‍ അദ്ദേഹം മടിച്ചതുമില്ല. എന്തായാലും ബ്രാഹ്മണാധിപത്യത്തെ സൈദ്ധാന്തികമായി നേരിടാന്‍ ചട്ടമ്പിസ്വാമികള്‍ക്കായി.

ചട്ടമ്പിസ്വാമികളുടെ സതീര്‍ത്ഥ്യനും സമശീര്‍ഷനുമായ ശ്രീ നാരായണന്‍ ഒരു പടികൂടി കടന്ന് വിഗ്രഹപ്രതിഷ്ഠ നടത്തി ബ്രാഹ്മണ്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി. നെയ്യാറിന്റെ തീരത്ത് അരുവിപ്പുറത്ത് 1888ല്‍ ഒരു കരിങ്കല്‍ക്കഷണം എടുത്തുവച്ച് ചോദിച്ചവരോടൊക്കെ അതു ശിവനാണെന്നു പറഞ്ഞു. ഈ പ്രതിഷ്ഠയിലൂടെ ബ്രാഹ്മണരുടെ കുത്തകയെ വെല്ലുവിളിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. നിര്‍ഗുണനും നിരാകാരനും നിരാമയനുമായ ശിവന് പ്രതേ്യക രൂപഭംഗിയില്ലാത്ത ഒരു ശിലാഖണ്ഡത്തിലും കുടികൊള്ളാന്‍ കഴിയുമെന്നും അതിനാല്‍ ബാഹ്യമായ രൂപഭംഗിയും ആചാരനിഷ്ഠകളുമല്ല മറിച്ച് വിശ്വാസമാണ് പ്രധാനമെന്നും സ്ഥാപിക്കുകയായിരുന്നു ഗുരു. അതൊരു നിശ്ശബ്ദ വിപ്ലവമായിരുന്നെങ്കിലും ജഡീഭൂതമായിരുന്ന സമൂഹമനസ്സിനെ വിദ്യുത്പ്രവാഹം പോലെ കുലുക്കിയുണര്‍ത്തി. കൃഷിയിലൂടെയും കച്ചവടത്തിലൂടെയും സാമ്പത്തിക സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും തദനുസൃതമായ സാമൂഹ്യപദവി ലഭിക്കാത്തതില്‍ രോഷംപൂണ്ട നവജാത മധ്യവര്‍ഗ്ഗവും ഊഴിയവേല ഉപേക്ഷിച്ച് കൂലിവേല തേടിപ്പോയ അടിയാളനും ഒരേപോലെ സ്വീകാര്യനായിത്തീര്‍ന്നു ശ്രീ നാരായണന്‍. അവര്‍ക്കു നെഞ്ചിലേറ്റി നടക്കാനുള്ള ബിംബമായിരുന്നു അദ്ദേഹം. അദ്ദേഹം ആഹ്വാനം ചെയ്യുന്നതെന്തും സ്വികരിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഇന്നലെവരെ തങ്ങള്‍ വിശ്വസമര്‍പ്പിച്ചിരുന്ന ചാത്തന്‍, മാടന്‍, മറുത തുടങ്ങിയ കാളി കൂളി' ദൈവങ്ങളെ ഉപേക്ഷിക്കാനും മേലാളന്മാര്‍ക്കു മാത്രം അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരുന്ന സവര്‍ണദേവതകളെ സ്വായത്തമാക്കാനും അവര്‍ വെമ്പല്‍കൊണ്ടു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ മനുഷ്യനെന്ന പദവി നിഷേധിക്കപ്പെട്ടിരുന്ന അവര്‍ണര്‍ ക്രിസ്തുമതത്തിലും ഇസ്ലാംമതത്തിലും സിക്കുമതത്തിലും ബുദ്ധമതത്തിലും ചേര്‍ന്ന് അവശത ദൂരീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗുരു പറഞ്ഞു: ''മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, എല്ലാമനുഷ്യര്‍ക്കുംകൂടി ''ഒരു ജാതി, ഒരു മതം, ഒരു ദൈവം' മാത്രം മതിയെന്നും അഭിപ്രായപ്പെട്ടു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഉപദേശിച്ചതിന്റെ ഫലമായിട്ടാണ് 1903ല്‍ ഡോ. പല്‍പ്പു, കുമാരനാശാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിക്കപ്പെട്ടത്.

തൈക്കാട് അയ്യാഗുരുവും ചട്ടമ്പിസ്വാമിയും ശ്രീനാരായണനും കൂടി കെട്ടഴിച്ചുവിട്ട മാനവിക ബോധം, യുക്തിചിന്ത, വിമര്‍ശനബുദ്ധി, സമത്വബോധം മുതലായ നവോത്ഥാനമൂല്യങ്ങള്‍ പരസ്യമായ ആചാരലംഘനമായും അടിയാള ലഹളയായും വളര്‍ത്തിയെടുത്തത് അയ്യന്‍കാളിയായിരുന്നു. മേലാളനെക്കണ്ടാല്‍ രണ്ടാംമുണ്ടെടുത്ത് അരയില്‍ കെട്ടി ഓഛാനിച്ചു നിന്ന അടിയാളനോട് അതെടുത്ത് തലയില്‍കെട്ടി തലയുയര്‍ത്തി നില്‍ക്കാന്‍ േപ്രരിപ്പിച്ചത് അയ്യന്‍കാളിയായിരുന്നു. യാത്രയ്ക്കായി മേലാളര്‍ മാത്രം ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയില്‍ പൊതുനിരത്തില്‍കൂടി സഞ്ചരിച്ച് ആചാരലംഘനം നടത്തി. പഞ്ചമിപ്പെണ്ണിന്റെ കൈ പിടിച്ചുകൊണ്ട് പള്ളിക്കൂടത്തില്‍ കടന്നുചെന്ന് പ്രവേശനമാവശ്യപ്പെട്ടു. തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിച്ചുതന്നില്ലെങ്കില്‍ വയലു പണിക്ക് ചെറുമനും ചെറുമിയും ഇറങ്ങില്ലെന്നും അമ്മച്ചിമാരും തങ്കച്ചിമാരും കൂടി ഞാറ് നടേണ്ടിവരുമെന്നും ഓര്‍മ്മിപ്പിച്ചു. ജാതീയ ചിഹ്നങ്ങളായ കല്ലുമാലയും വളയും പൊട്ടിച്ചെറിഞ്ഞ് അടിയാളപ്പെണ്ണുങ്ങള്‍ ആത്മവീര്യം പ്രകടിതമാക്കി. എല്ലാ അടിയാളന്മാര്‍ക്കുമായി 1907ല്‍ 'സാധുജന പരിപാലന സംഘം' സ്ഥാപിച്ചു. ജാതി ചിന്തയ്—ക്കതീതമായ ആദ്യത്തെ വര്‍ഗ്ഗസംഘടനയായിരുന്നു അത്.

മെമ്മോറിയലുകള്‍:

അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന വര്‍ഗഘടന നവജാത മദ്ധ്യവര്‍ഗ്ഗത്തിന് തങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനായി ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന ബോധമുണ്ടാക്കി. അതിന്റെ ആദ്യ പ്രതിഫലനമായിരുന്നു 1891ലെ 'മലയാളി മെമ്മോറിയല്‍. പാശ്ചാത്യ വിദ്യാഭ്യാസം വ്യാപകമായതോടുകൂടി വിദ്യാസമ്പന്നരായ ഒരു വിഭാഗം മലയാളികള്‍ അപ്പോഴേക്കും വളര്‍ന്നുവന്നിരുന്നു. എന്നാല്‍, നയരൂപീകരണത്തിലും ഭരണനിര്‍വഹണത്തിലും പരദേശികളും സ്വദേശികളുമായ ബ്രാഹ്മണര്‍ക്കായിരുന്നു തിരുവിതാംകൂര്‍ സര്‍ക്കാരില്‍ സ്വാധീനം. ഈയവസ്ഥയ്ക്കു മാറ്റം വരണമെന്നും അഭ്യസ്തവിദ്യരായ മലയാളികള്‍ക്ക് സര്‍ക്കാര്‍ജോലികള്‍ നല്‍കണമെന്നുമുളള ആവശ്യമാണ് പതിനായിരത്തിലധികം ആളുകള്‍ ഒപ്പിട്ട് മഹാരാജാവിന് സമര്‍പ്പിച്ച മലയാളി മെമ്മോറിയലിലിന്റെ ഉള്ളടക്കം. ഇതിന് മതിയായ പ്രതികരണം സര്‍ക്കാരില്‍നിന്നുണ്ടായില്ല. തുടര്‍ന്ന് 1895ല്‍ ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ടു. ഈ മെമ്മോറിയലുകള്‍വഴി അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിച്ചില്ലെങ്കിലും മറ്റുചില പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ഉയര്‍ന്ന വൈദ്യശാസ്ത്ര ബിരുദം നേടി നാട്ടിലെത്തിയ ഡോ. പല്‍പ്പുവിന് ഈഴവനാണ് എന്ന കാരണത്താല്‍ ജോലി നിഷേധിച്ച സര്‍ക്കാര്‍ എസ്.എന്‍.ഡി.പി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന കുമാരനാശാനെ തിരുവിതാംകൂറിലെ നിയമസഭയായ ശ്രീമൂലം പ്രജാസഭയില്‍ അംഗമാക്കി. പള്ളിക്കൂടത്തില്‍ പ്രവേശനവും പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരുന്ന അടിയാളന്റെ നേതാവായ അയ്യന്‍കാളിയെ ശ്രീമൂലം പ്രജാസഭാംഗമാക്കി. പിന്നോക്ക ജാതിക്കാരെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുമ്പോള്‍തന്നെ സംഘടനാ നേതാക്കളെ ജാതി നേതാക്കളായി ചിത്രീകരിച്ച് സ്ഥാനമാനങ്ങള്‍ നല്‍കി ജനകീയ ഐക്യം തകര്‍ക്കുന്നതിനുവേണ്ടി 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന കൊളോണിയല്‍ ഭരണതന്ത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ പയറ്റുകയായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് ഉദ്ദേശിച്ച ഫലം ഉണ്ടായി. ജാതി സംഘടനാ നേതാക്കളാരുംതന്നെ തിരുവിതാംകൂറിലെ ഭരണനയങ്ങളെ രാഷ്ട്രീയമായി വിമര്‍ശിച്ചിട്ടേയില്ല.

രാഷ്ട്രീയ പ്രബുദ്ധത:

സാമൂഹികമായ അനാചാരങ്ങള്‍ ദൂരീകരിക്കുന്നതിനു വേണ്ടിയുള്ള സാമൂഹിക പരിഷ്‌ക്കരണ പരിപാടികള്‍ ഒരു ഭാഗത്തു നടക്കുമ്പോള്‍തന്നെ ഭരണകൂടനയങ്ങളെ രാഷ്ട്രീയമായി വിമര്‍ശിക്കുന്ന സംരംഭങ്ങള്‍ മറുവശത്ത് നടക്കുന്നുണ്ടായിരുന്നു. അതിന് തുടക്കം കുറിച്ചത് തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിലെ (ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളേജ്) വിദ്യാര്‍ത്ഥിയായിരുന്ന ജി. പി. പിള്ളയായിരുന്നു. തിരുവിതാംകൂര്‍ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ''വെസ്റ്റേണ്‍സ്റ്റാര്‍' എന്ന പത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ അദ്ദേഹത്തെ കലാലയത്തില്‍നിന്നും പുറത്താക്കി.

രാഷ്ട്ര മീമാംസയുടെ ആധുനിക തത്വങ്ങളെ അവലംബിച്ചുകൊണ്ട് ഭരണനയങ്ങളെ വിമര്‍ശിക്കുന്ന നടപടി തുടങ്ങിവച്ചത് പത്രപ്രവര്‍ത്തനത്തിന്റെ കുലപതിയായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരുന്നു. പത്രപ്രവര്‍ത്തനരംഗത്തും ഭരണ വിമര്‍ശന വിഷയത്തിലും നൂതനമായ ഒരു പന്ഥാവ് വെട്ടിത്തെളിയിക്കുകയായിരിന്നു രാമകൃഷ്ണപിള്ള. ഭരണത്തിലെ അഴിമതിയും ഭരണാധികാരികളുടെ അസാന്മാര്‍ഗ്ഗിക ജീവിതവുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് വിധേയമായത്. ഭരണകൂടത്തെ ഭരണാധികാരിയില്‍നിന്നും വേറിട്ടുകാണുന്ന ജനാധിപത്യരീതിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനം. അതുകൊണ്ടാണദ്ദേഹം പറഞ്ഞത് 'തിരുവിതാംകൂറിന്റെ ഖജനാവ് പൊന്നുതമ്പുരാന്റെ തറവാട്ടുസ്വത്തല്ല''എന്ന്.

പത്രപ്രവര്‍ത്തനത്തിലൂടെയും രാഷ്ട്രീയ വിമര്‍ശനത്തിലൂടെയും രാമകൃഷ്—ണപിള്ള ഭരണാധികാരികളെ പൊറുതി മുട്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ദ്ധിച്ചതായിരുന്നു. ഭരണത്തോടാട്ടിനിന്ന സവര്‍ണ്ണ നേതാക്കള്‍ അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കളായിരുന്നു. എന്നാല്‍, പത്രവായനക്കാരും സാധാരണക്കാരും അദ്ദേഹത്തിന്റെ മിത്രങ്ങളായിരുന്നു. അതിന്റെ തെളിവാണ് ശ്രീമൂലം സഭയിലേക്കുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ജന്മനാടായ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ അദ്ദേഹം നാമനിര്‍ദ്ദേപത്രിക സമര്‍പ്പിച്ചപ്പോള്‍ എതിരെ മത്സരിക്കാന്‍ ആരും തയ്യാറായില്ല. ഏകകണ്ഠമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, അദ്ദേഹത്തെ ശത്രുവായി കണ്ടിരുന്ന ദിവാന്‍ രാജഗോപാലാചാരി തെരഞ്ഞെടുപ്പ് അസാധുവാക്കി. രാമകൃഷ്ണപിള്ള നെയ്യാറ്റിന്‍കരയില്‍ സ്ഥിര താമസക്കാരനല്ലായെന്ന കാരണം പറഞ്ഞാണ് അസാധുവാക്കിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആരുംതന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചില്ല. ശിഷ്ടകാലം ആ മണ്ഡലം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഭരണാധികാരികളെ അതിനിശിതമായി വിമര്‍ശിച്ച 'സ്വദേശാഭിമാനി' പത്രത്തേയും അതിന്റെ പത്രാധിപരേയും തളയ്ക്കാന്‍തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. അതിലേക്കായി ഒരു പത്രമാരണനിയമം കൊണ്ടു വന്നു. പത്രപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുന്നതായിരുന്നു അത്. അതിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം എഴുതി: ''തിരുവിതാംകൂറില്‍ പത്രസ്വാതന്ത്ര്യം നിയന്ത്രിക്കുകയല്ല, നേരെമറിച്ച് അഴിമതി ഉന്മൂലനം ചെയ്യുന്നതും ഗവണ്‍മെന്റിന്റെ എല്ലാ വിഭാഗങ്ങളും സത്യവും നീതിയും പുലര്‍ത്തുന്നുണ്ടോ എന്ന് വീക്ഷിക്കുന്നതുമായ ഒരു ഭരണകൂടമാണ് ഇന്നാവശ്യം''. ഇത്തരമൊരു കരി നിയമം കൊണ്ടുവന്ന ദിവാനെ അദ്ദേഹം ഇങ്ങിനെ വിമര്‍ശിച്ചു: ''ശ്രീ രാജഗോപാലാചാരിയെപ്പോലുള്ള അഹംഭാവികള്‍ കാറ്റില്‍ പുല്ലുചെത്തുന്ന വാളുപോലെ വിറയ്ക്കുന്നു. പിന്‍ബലത്തിനുവേണ്ടി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടുന്ന നിയമങ്ങളെ അവര്‍ ആശ്രയിക്കുന്നു. എന്നാല്‍, ഇത്തരം ഭരണാധികാരികളുടെ സ്വേഛാധിപത്യം തളരാത്ത ജനാധിപത്യ കൊടുങ്കാറ്റില്‍ പരാജയപ്പെട്ടുപോകും''.'

ഈ മുഖപ്രസംഗമെഴുതി ഒരാഴ്ച തികയുന്നതിനുമുമ്പുതന്നെ രാമകൃഷ്ണപിള്ളയെ നാടുകടത്തിക്കൊണ്ടുള്ള രാജകീയ വിളംബരം പ്രസിദ്ധം ചെയ്തു. പത്രവും അച്ചടി ഉപകരണങ്ങളും കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ അറസ്റ്റു ചെയ്ത് ആരുവാമൊഴി ചുരത്തിനപ്പുറത്തേക്ക് നാടുകടത്തി. സര്‍ക്കാരിന്റെ ഈ കിരാത നടപടിക്കെതിരെ തലസ്ഥാന നഗരിയിലെ ജനങ്ങള്‍ ശക്തമായി പ്രതികരിച്ചു. പ്രതിഷേധ സൂചകമായി ജനങ്ങള്‍ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി. ഗതാഗതം സ്തംഭിച്ചു. ആയിരക്കണക്കിനാളുകള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. വിചാരണയ്—ക്കായി പത്രാധിപരെ കോടതിയില്‍ ഹാജരാക്കുമെന്ന ഉറപ്പു ലഭിച്ചതിനു ശേഷമേ അവര്‍ പിരിഞ്ഞു പോയുള്ളൂ. കോടതിയില്‍ ഹാജരാക്കുമെന്നുതന്നെയാണ് പത്രാധിപരും വിശ്വസിച്ചിരുന്നത്. എന്നാല്‍, അവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് സന്ധ്യക്കുശേഷം അദ്ദേഹത്തെ ആരുവാമൊഴിയിലേക്കു കൊണ്ടു പോവുകയായിരുന്നു.

നാടുകടത്തല്‍ ഉത്തരവിന്റെ ഒരു ഭാഗത്തും പത്രാധിപര്‍ എന്തപരാധമാണ് ചെയ്തത് എന്നു പറയുന്നില്ല. പൊതുതാല്‍പര്യത്തിന് വിരുദ്ധമായി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നല്ലാതെ പത്രത്തെ എങ്ങിനെ ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്നില്ല. ഏതെങ്കിലും നിയമവ്യവസ്ഥയനുസരിച്ച് കുറ്റാരോപണം നടത്തി വിചാരണചെയ്ത് ശിക്ഷയ്ക്കു വിധേയനാക്കുകയായിരുന്നില്ല. പ്രതിക്കുപോലും ഈ നാടുകടത്തല്‍ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യാനാവാത്തവിധം ഏകാധിപത്യപരമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഈ ഉത്തരവിലൂടെതന്നെ ഇത്രയും നാള്‍ താന്‍ പത്രത്തിലൂടെ നടത്തിയ സമരം മുഴുവന്‍ ന്യായമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തു.

നാടുകടത്തലിനുശേഷം അല്‍പകാലം മദിരാശിയില്‍ താമസിച്ചശേഷം അദ്ദേഹം പാലക്കാട്ടെത്തി. തരവത്ത് അമ്മാളുവമ്മയുടെ ആതിഥ്യം സ്വീകരിച്ച് കുറെക്കാലം അവിടെ താമസിച്ചു. അപ്പോഴാണ് കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ആദ്യമായി മാര്‍ക്‌സിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത് മലയാളത്തിലായിരുന്നു. 1912 ആഗസ്റ്റ് മാസത്തിലാണ് അത് പ്രസിദ്ധീകൃതമാവുന്നത്. അതിനുമുമ്പത്തെ മാര്‍ച്ചുമാസത്തില്‍ ലാലാഹര്‍ദയാല്‍ എന്നൊരാള്‍ 'മോഡേണ്‍ റിവ്യൂ' എന്ന മാസികയില്‍ മാര്‍ക്‌സിന്റെ ഒരു ലഘുജീവചരിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മാര്‍ക്‌സിനെ ആധുനിക യുഗത്തിലെ ഋഷി എന്നായിരുന്നു വിശേഷിപ്പിച്ചത്. മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളില്‍ അപ്രായോഗികങ്ങളായ പലതും ഉണ്ട് എന്നായിരുന്നു ഹര്‍ദയാല്‍ വിലയിരുത്തിയത്. എന്നാല്‍, രാമകൃഷ്ണപിള്ള അങ്ങിനെയല്ല മാര്‍ക്‌സിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ : പാടശേഖരങ്ങളില്‍ പണിയെടുക്കുന്ന പുലയര്‍ അവരുടെ വരുമാനമാണോ വര്‍ദ്ധിപ്പിക്കുന്നത്? ചാന്നാന്മാരും കുശവന്മാരും അതുപോലുള്ള ശില്പികളും രാജ്യത്തിന്റെ വരുമാനമാണ് വര്‍ദ്ധിപ്പിക്കുന്നത്. അവരുടെ ജീവിതനിലവാരം ഉയര്‍ന്നിട്ടുണ്ടോ? ഒരിക്കലുമില്ല. നഗരപ്രദേശങ്ങളിലെ ധനികവര്‍ഗ്ഗം ബംഗ്ലാവുകള്‍ നിര്‍മ്മിച്ച് ആഡംബരത്തില്‍ മുഴുകുന്നു. കാരണം അവര്‍ തൊഴിലാളികളുടെ അധ്വാനശക്തി ചൂഷണം ചെയ്തു അവര്‍ക്ക് തുച്ഛമായ വേതനംമാത്രം നല്‍കുന്നു. അധ്വാനിക്കുന്നവരുടെ അധ്വാനഫലം ധനികരുടെ നികുംഭിലകളില്‍ കുമിഞ്ഞുകൂടുന്നു. തൊഴിലാളികളുടെ അധ്വാനഫലം അധ്വാനിക്കാത്ത ഒരു പിടി ആളുകള്‍ക്കുവേണ്ടി സ്വരൂപിക്കുകയാണ് സര്‍ക്കാരിന്റെ നയം.'

ഇത്തരത്തില്‍ ഒരു വിശകലനം നടത്തണമെന്നുണ്ടെങ്കില്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ മിച്ചമൂല്യസിദ്ധാന്തമെന്തെന്ന് മനസ്സിലാക്കുകതന്നെ വേണം. അതെങ്ങിനെയാണ് തിരുവിതാംകൂറില്‍ പ്രതിഫലിക്കുന്നത് എന്നത് ഇവിടുത്തെ ഉദാഹരണങ്ങള്‍ തെരഞ്ഞെടുത്ത് സമര്‍ത്ഥിക്കുകയാണദ്ദേഹം. സോവിയറ്റ് വിപ്ലവം നടക്കുന്നതിനും അഞ്ചുവര്‍ഷം മുമ്പാണ് കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമാകുന്നതിനും എത്രയോ മുന്‍പാണത്.

കുന്നംകുളത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'ആത്മപോഷിണി' എന്ന വാരികയില്‍ സോഷ്യലിസത്തെപ്പറ്റിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെപ്പറ്റിയും തുടര്‍ച്ചയായി ഏഴു ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1913-14 കാലഘട്ടത്തിലായിരുന്നു അത്. മഹാന്മാരെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന നിസ്സംഗമായ ഒരു പത്രപ്രവര്‍ത്തക താല്‍പ്പര്യം മാത്രമല്ല മാര്‍ക്‌സിന്റെ ജീവചരിത്ര രചനയ്ക്കു പിന്നില്‍ ഉണ്ടായിരുന്നത് എന്നത് വ്യക്തം. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നുതന്നെ നമുക്കും വിശ്വസിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ വിചാരവിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി പ്രക്ഷോഭം:

തിരുവിതാംകൂറിലെ വിദ്യാര്‍ത്ഥികളിലാണ് രാഷ്ട്രീയ പ്രബുദ്ധത ഏറെ പ്രകടമായിരുന്നത് എന്നു പറയുന്നതില്‍ യാതൊരപാകതയും ഉണ്ടെന്നു തോന്നുന്നില്ല. സര്‍ക്കാരിന്റെ ഭരണനയങ്ങളെ വിമര്‍ശിക്കുന്നതില്‍ പത്രക്കാര്‍ മുന്നിട്ടിറങ്ങുന്നതിനുമുമ്പുതന്നെ കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. തിരുവിതാംകൂറിലെ ഭരണരംഗത്തെ അഴിമതിയെപ്പറ്റി ആദ്യമായി എഴുതിയത് മഹാരാജാസ് കോളേജിലെ ജി. പി. പിള്ള എന്ന വിദ്യാര്‍ത്ഥിയായിരുന്നു. ''വെസ്റ്റേണ്‍ സ്റ്റാര്‍' എന്ന ഇംഗ്ലീഷ് പത്രത്തില്‍ 1882ലായിരുന്നു ജി.പി. പിള്ള ഈ ലേഖനമെഴുതിയത്. അതിന്റെ പേരില്‍ അദ്ദേഹത്തെ കോളേജില്‍നിന്നും പുറത്താക്കി. പിന്നീട് ബാരിസ്റ്റര്‍ ജി.പി. പിള്ള എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായി. മദിരാശിയില്‍ തന്റെ വിദ്യാഭ്യാസം തുടരവേ തന്നെ തിരുവിതാംകൂര്‍ ഭരണത്തെ അദ്ദേഹം വിമര്‍ശിച്ചുകൊണ്ടിരുന്നു.

മൂലംതിരുനാള്‍ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂര്‍ത്തിയാഘോഷവേളയില്‍ യോഗസ്ഥലത്തേക്കുകടന്നുവന്ന് ശല്യമുണ്ടാക്കിയ പോലീസിനെതിരെ പരസ്യമായി മുദ്രാവാക്യം മുഴക്കാന്‍ അവിടെ കൂടിയിരുന്ന വിദ്യാര്‍ത്ഥികള്‍ തയ്യാറായി. വിദ്യാര്‍ത്ഥികളുടെ സംഘടിതമായ ഈ നീക്കത്തിന്റെ ഫലമായി പോലീസിന് ഹാളില്‍നിന്നും പുറത്തു പോകേണ്ടതായി വന്നു. പോലീസതിക്രമത്തെക്കുറിച്ച് അന്നുമുതല്‍തന്നെ വിദ്യാര്‍ത്ഥികള്‍ രോഷാകുലരായിരുന്നു. എസ്.എം.വി. സ്‌കൂളിലെ ഒരദ്ധ്യാപകനെ സ്ഥലം മാറ്റിയതിന്റെ പേരില്‍ 1919 ജനുവരിയില്‍ കുട്ടികള്‍ സമരം ചെയ്യുകയുണ്ടായി. സവര്‍ണ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി കുടിവെള്ളം സംവരണചെയ്തിരുന്ന സമ്പ്രദായത്തിനെതിരെ അന്നേവര്‍ഷം നവംബറില്‍ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കി. കുടിവെള്ളപ്പുരയില്‍ച്ചെന്ന് മണ്‍പാത്രങ്ങളില്‍ ശേഖരിച്ചുവച്ചിരുന്ന വെള്ളം എടുത്തു കുടിച്ച അവര്‍ണ വിദ്യാര്‍ത്ഥികള്‍ കുടിക്കാനുപയോഗിച്ച കപ്പുകള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. ഇത്തരത്തില്‍ ചെറിയചെറിയ സംഭവങ്ങള്‍ നടന്നതിന്റെയനുഭവമാണ് 1921ലെ രൂക്ഷമായ കലാപത്തിലേക്കെത്തിച്ചത്.

ഈ സമരത്തിനുള്ള പെട്ടെന്നുള്ള പ്രകോപനം 1921-22 അദ്ധ്യയനവര്‍ഷംമുതല്‍ സ്‌കൂള്‍ ക്ലാസുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. പ്രൈമറി സ്‌കൂളുകളില്‍-അതായത് 4-ാം ക്ലാസ്സുവരെ - വിദ്യാഭ്യാസം സൗജന്യമായിരുന്നു. അഞ്ചാം ക്ലാസ്സുമുതല്‍ മുകളിലോട്ടുള്ള ഫീസാണ് വര്‍ദ്ധിപ്പിച്ചത്. തിരുവിതാംകൂറില്‍ അന്ന് രണ്ടുതരം സ്‌കൂളുകളും മൂന്നുതരം ഫീസുമാണുണ്ടായിരുന്നത്. നാട്ടുഭാഷാ വിദ്യാലയങ്ങളും ഇംഗ്ലീഷ് സ്‌കൂളുകളും. നാട്ടുഭാഷാ വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് ഫീസ് കൂടുതലും പെണ്‍കുട്ടികള്‍ക്കു കുറവുമായിരുന്നു. ഇംഗ്ലീഷ് സ്‌കൂളുകളില്‍ വളരെ ഉയര്‍ന്ന ഫീസായിരുന്നു. ഈ മൂന്നുതരം ഫീസുകളും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. നിരക്കുവര്‍ദ്ധന ചുവടെ കൊടുക്കുന്നു. ആണ്‍കുട്ടികള്‍ക്ക് 5-ല്‍ 14 ചക്രമായിരുന്നത് 21 ചക്രമായും, 6-ലേത് 16ല്‍ നിന്നും 24ലേക്കും, 7ലേത് 18ല്‍ നിന്നും 27ലേക്കും വര്‍ദ്ധിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് അന്നേവരെ ഫീസുണ്ടായിരുന്നില്ല. ആദ്യമായി ഫീസ് ഏര്‍പ്പെടുത്തിയത് 1921ലാണ്. 5ല്‍ 7 ചക്രവും, 6ല്‍ 8ഉം ഏഴില്‍ 9ഉം ചക്രമായിരുന്നു ഫീസ് (28 ചക്രം = 1 രൂപ) ഇംഗ്ലീഷ് സ്‌കൂളുകളിലെ വര്‍ദ്ധന ഇങ്ങിനെ: പ്രിപ്പാറട്ടറി ക്ലാസ്സ് രൂപ 12ല്‍ നിന്നും 18ലേക്കും, ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് ഫോറങ്ങളിലേത് 24 രൂപയില്‍ മാറ്റം വരുത്തിയില്ല. ഫോര്‍ത്ത്, ഫിഫ്ത്ത്, സിക്‌സ്ത് ഫോറങ്ങളിലേക്ക് 36 രൂപയില്‍നിന്നും 42 ലേക്ക് ഉയര്‍ത്തി.

സാധാരണക്കാര്‍ക്ക് അന്ന് സ്‌കൂളുകളില്‍ പോകാന്‍ കഴിയുകമായിരുന്നില്ല. സാമ്പത്തികമായ ഉയര്‍ന്ന സ്ഥിതിയിലുള്ളവര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിനു കഴിയുമായിരുന്നുള്ളൂ. എന്നാല്‍ അവര്‍ക്കുപോലും പ്രയാസമുണ്ടാക്കുന്നതായിരുന്നു ഫീസ് വര്‍ദ്ധന. ഒന്നാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തിലെ കെടുതികള്‍ തിരുവിതാംകൂറിനേയും ബാധിച്ചിരുന്നു. കാര്‍ഷികവിളകളുടെ വിലയിടിവ് അതിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നവരുടെ ജീവിതത്തെ ദുസ്സഹമാക്കി. അത് ഏറെ ബാധിച്ചത് വിദ്യാര്‍ത്ഥികളെയായിരുന്നു. വിദ്യാഭ്യാസ ചെലവിലുണ്ടായ വര്‍ദ്ധന, സര്‍ക്കാര്‍ ധനത്തിന്റ കുറവ്, അദ്ധ്യാപകരുടെ ശമ്പളവര്‍ദ്ധന മുതലായ കാര്യങ്ങളാണ് ഫീസ് വര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍. ഹയര്‍ ഗ്രേഡ് ഇംഗ്ലീഷ് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ഫീസ് വര്‍ദ്ധനവിനെ ന്യായീകരിച്ചു.

ഇതിനോട് വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുണ്ടാവുക സ്വാഭാവികം. എന്നാല്‍, ഫീസ് വര്‍ദ്ധനമാത്രമായിരുന്നില്ല കാരണമെന്ന് സമരത്തിന്റെ സംഘാടനരീതിയില്‍നിന്നും മനസ്സിലാക്കാം. ഒന്നാമത്തെ കാര്യം സമരം തുടങ്ങുന്നത് പതിനഞ്ചോ പതിനാറോ വയസ്സുമാത്രമുള്ള സകൂള്‍ വിദ്യാര്‍ത്ഥികളാണ്. അവരാണ് കോളേജ് വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ടത്. രണ്ടാമത്തെ കാര്യം സമരത്തിനാഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ അച്ചടിച്ച് രഹസ്യമായി വിതരണം ചെയ്തിരുന്നു. ജില്ലയ്ക്കു പറുത്തുള്ള വിദ്യാലയങ്ങളിലേക്ക് ദൂതന്മാരെ അയച്ച് പ്രചാരണം നടത്തിയിരുന്നു. മൂന്നാമത് സമരത്തിന് തെരഞ്ഞെടുത്ത മുഹൂര്‍ത്തം. മഹാരാജാവും ദിവാനും പോലീസ് കമ്മീഷണറും സ്ഥലത്തില്ലായിരുന്ന ദിവസമാണ് സമരം തുടങ്ങിയത്. സ്വകാര്യ കാറുടമകളോട് പോലീസാവശ്യത്തിനായി അവരുടെ കാറുകള്‍ വിട്ടുകൊടുക്കരുതെന്നും അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേടുപാടുകള്‍ വരുത്തുമെന്നും അറിയിപ്പു കൊടുത്തിരുന്നു. അതിനാല്‍ സംഭവ ദിവസം നഗരത്തിലെ കാറുകളെല്ലാം അപ്രത്യക്ഷമായിരുന്നു. അതാണ് പോലീസിന് കുതിരപ്പട്ടാളത്തെ ആശ്രയിക്കേണ്ടതായി വന്നത്.

സമരം തുടങ്ങിയത് എസ്.എം.വി. സ്‌കൂളില്‍നിന്നായിരുന്നു. (വഞ്ചിയൂരിലുളള ഇന്നത്തെ കേടതി കെട്ടിടസമുച്ചയത്തിലെ പഴയകെട്ടിടങ്ങളിലായിരുന്നു സ്‌കൂള്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നത്.) പത്തുമണിക്ക് സ്‌കൂള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ എല്ലാ മുറികളുടെയും വാതിലുകളില്‍ അന്നേ ദിവസം മുടക്കമായിരിക്കുമെന്നുളള പോസ്റ്റര്‍ പതിച്ചിരുന്നു. പഠനം ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ നേരെ പോയത് സെന്റ്‌ജോസഫ് സ്‌കൂളുലേയ്ക്കായിരുന്നു. അവിടുത്തെ വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍നിന്നും ഇറക്കിയശേഷം മഹാരാജാസ് കോളേജിലേയ്ക്ക് (യൂണിവേഴ്‌സിറ്റി കോളേജിലേയ്ക്ക്) പോയി. അവിടെനിന്നും സമരം ചെയ്ത് കുട്ടികള്‍ വെളിയിലേയ്ക്കു വന്നു. സംഭവമറിഞ്ഞ കോളേജ് പരിസരത്ത് ജനങ്ങള്‍ ഒത്തുകൂടി. ഇതേസമയം തൈയ്ക്കാട്ടുള്ള മോഡല്‍ സ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ പഠിപ്പുമുടക്കി. തൊട്ടടുത്തുളള ആര്‍ട്‌സ് കോളേജിലെ കുട്ടികള്‍ കൂട്ടത്തില്‍ കൂടി. അവര്‍ നേരെ ചാലസ്‌കൂളിലേയ്ക്കു പോയി അവിടുത്തെ ക്ലാസ്സുകള്‍ ബഹിഷ്‌കരിപ്പിച്ചു.

ഇത് പല ദിവസങ്ങളില്‍ ആവര്‍ത്തിച്ചു. നഗരത്തില്‍നിന്നും പ്രാന്തപ്രദേശങ്ങളിലേയ്ക്കും മറ്റുജില്ലകളിലേയ്ക്കും സമരം വ്യാപിച്ചു. ഏറ്റവും ശക്തമായ സമരം നടന്നത് ആലപ്പുഴയിലും കോട്ടയത്തുമായിരുന്നു. സമരത്തിനനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ പൊന്തി വന്നു. കേസരി ബാലകൃഷണപിള്ള അന്ന് വനിതാകോളേജിലെ ചരിത്രാദ്ധ്യാപകനായിരുന്നു. അദ്ദേഹം സമരത്തെ അനുകൂലിച്ചു. രംഗം വഷളായി വരുന്നതറിഞ്ഞ് ദിവാന്‍ രാഘവയ്യയും പോലീസ് കമ്മീഷണറും നഗരത്തില്‍ തിരിച്ചെത്തി. സംസ്ഥാനത്താകെയും തിരുവനന്തപുരം നഗരത്തില്‍ പ്രത്യേകിച്ചും സംഘര്‍ഷാവസ്ഥ നിലനില്‍കുകയായിരുന്നു. 1921 സെപ്തംബര്‍ 21-ാം തീയതിയായിരുന്നു പട്ടാളവും വിദ്യാര്‍ത്ഥികളും തമ്മിലേറ്റുമുട്ടല്‍ ഉണ്ടായത്. സമരത്തില്‍ ലഭിച്ച ജനപിന്തുണ വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കിയിരുന്നു. വിദ്യാര്‍ഥി സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ കുഞ്ഞിരാമന്‍നായര്‍ എന്ന വിദ്യാര്‍ത്ഥിയെ ആര്‍ട്‌സ് കോളേജില്‍നിന്നും പുറത്താക്കിയിരുന്നു. അയാളെ പുന:പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുനേരെയാണ് 21-ാം തീയതി ലാത്തിച്ചാര്‍ജ് നടത്തിയത്. പോലീസിനുപുറമേ മഹാരാജാവിന്റെ അംഗസേനയും പാങ്ങോട് പട്ടാളക്യാമ്പില്‍നിന്നുള്ള കുതിരപ്പട്ടാളവും രംഗത്തെത്തി. പോലീസ് കമ്മീഷണര്‍ മി. പിറ്റ് അന്നുരാവിലെ എസ്.എം.വി.സ്‌കൂളിലും ആര്‍ട്‌സ് കോളേജിലും കുതിരപ്പുറത്തെത്തിയിരുന്നു. രണ്ടിടത്തുവച്ചും അയാള്‍ക്ക് കല്ലേറില്‍ താടിക്ക് മുറിവും മുതുകത്ത് ചതവും പറ്റിയിരുന്നു. കുതിരയ്ക്കും കിട്ടി വേണ്ടുവോളം ഏറ്. മഹാരാജാസ് കോളേജിലേത്തിയപ്പോള്‍ കോമ്പൗണ്ടിനുള്ളില്‍ വിദ്യര്‍ത്ഥികള്‍ കൂടിനില്പ്പുണ്ടായിരുന്നു. പിരിഞ്ഞുപോകാന്‍ അയാള്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ അനുസരിച്ചില്ലായെന്നു മാത്രമല്ല കല്ലേറും തുടങ്ങി. കമ്മീഷണര്‍ പ്രിന്‍സിപ്പലിനെ ചെന്നു കണ്ട് പോലീസിന് ക്യാമ്പസ്സില്‍ പ്രവേശിക്കാനുള്ള അനുമതി എഴുതി വാങ്ങി. കൂട്ടംകൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സമാധാനപരമായി പിരിച്ചയക്കുന്നതിന് പോലീസിന് ക്യാമ്പസ്സില്‍ കയറേണ്ടതുണ്ട് എന്നായിരുന്നു പ്രിന്‍സിപ്പിലിനെ ധരിപ്പിച്ചത്. പ്രവേശനാനുമതിയുമായി റോഡിലെത്തിയ കമ്മീഷണര്‍ ജില്ലാ മജിസ്ട്രട്ട് മി. പന്തലായിയില്‍നിന്നും ലാത്തിച്ചാര്‍ജിനു അനുവാദം വാങ്ങി. തുടര്‍ന്നായിരുന്നു കുരിരപ്പട്ടാളം കോളേജില്‍ കയറിയത്. ക്രൂരമായ മര്‍ദ്ദനമാണ് പിന്നീടുണ്ടായത്. കുതിരയുടെ തൊഴിയേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ലാത്തിയടികൊണ്ട് പലരുടെയും തല പൊളിഞ്ഞു. ക്ലാസ്സ്മുറികളും വരാന്തയും യുദ്ധക്കളമായി. വരാന്തയില്‍ ചോരതളം കെട്ടി നിന്നു. സ്റ്റാഫ്‌റൂമില്‍ ഇരിക്കുകയായിരുന്ന അദ്ധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റു. അസിസ്റ്റന്റ് പ്രൊഫസറന്മാരായ കൃഷ്ണമാചാരി, ബാലകൃഷ്ണവാരിയര്‍, രാഘവവര്‍മ്മ എന്നിവര്‍ക്ക് പരിക്കേറ്റു. അവരെ പോലീസ് തല്ലിയതാണെന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ അവര്‍ നേരിട്ടുഹാജരായി മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് തിരിച്ചറിയല്‍ പരേഡില്‍ തല്ലിയവരെ അവര്‍ തിരിച്ചറിഞ്ഞില്ലായെന്നതുകൊണ്ട് ആരും ശിക്ഷിക്കപ്പെട്ടില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ 18 വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. അതില്‍ ഭൂരിപക്ഷത്തിനും തലയിലായിരുന്നു മുറിവ്. കൂടുതല്‍ മുറിവേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവത്രേ. രാജഗോപാലന്‍ എന്നൊരു വിദ്യാര്‍ത്ഥി മൂന്നാംദിവസം രാത്രിയില്‍ മരിച്ചു. രാമാനുജം എന്നൊരു വിദ്യാര്‍ത്ഥി കുതിരയുടെ തൊഴിയേറ്റ് നാഭികലങ്ങിയും കാലുകള്‍ വേറിട്ടും മരിച്ചു. അയാളുടെ ശവം പോലീസ് രഹസ്യമായി എവിടെയോ മറവുചെയ്തു. എസ്.എം.വി. സ്‌കൂളിലെ അഞ്ചാം ഫോറം വിദ്യാര്‍ത്ഥി ശങ്കരപ്പിളള മുറിവേറ്റ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചു.

കുതിരപ്പട്ടാളത്തിന്റെ ഭീകര താണ്ഡവത്തില്‍ പ്രതിഷേധിച്ച് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം വിജെടി ഹാളിന്റെ പരിസരത്ത് തടിച്ചുകൂടി. കോളേജിനകത്ത് പട്ടാളം ക്യാമ്പ് ചെയ്തു. കുട്ടികളെ മുഴുവന്‍ പുറത്താക്കി. അന്നു രാത്രിയില്‍ പട്ടാളത്തിനു േനരെ ആക്രമണമുണ്ടായി. പലേടത്തും ജനങ്ങള്‍ പോലീസിനെ ആക്രമിച്ചു. ക്രമസമാധാന നില വഷളായി. നിയമപാലനത്തിനായി നഗരത്തില്‍ പട്ടാളത്തെ വിന്യസിച്ചു. അടുത്ത ദിവസം പോലീസ് മൈതാനിയില്‍ പ്രതിഷേധയോഗം നടന്നു. സര്‍ക്കാരിന്റെ കിരാത നടപടിയെ പ്രംഗിച്ചവരൊക്കെ അപലപിച്ചു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കേസരി ബാലകൃഷ്ണപിള്ള വനിതാ കോളേജിലെ അദ്ധ്യാപക ജോലി രാജിവച്ചു. എന്നാല്‍,കോട്ടയത്ത് ക്രൈസ്തവസഭാനേതാക്കള്‍ യോഗം ചേര്‍ന്ന് ഫീസ് വര്‍ദ്ധനയെ ന്യായീകരിക്കുകയും വിദ്യാര്‍ത്ഥിസമരത്തെ അടിച്ചമര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാരിന് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും സര്‍ക്കാരിനെതിരായിട്ടുള്ള ജനവികാരം ശക്തമായി വളരുകയായിരുന്നു. വിദ്യാര്‍ത്ഥിസമരം പൊതുജനം ഏറ്റെടുക്കുമോ എന്ന സംശയവും സര്‍ക്കാരിനുണ്ടായി. സെപ്റ്റംബര്‍ 27ന് ഫീസ് വര്‍ദ്ധന പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥിസമരത്തിന്റെ പല ലക്ഷ്യങ്ങളിലൊന്ന് അങ്ങിനെ അംഗീകരിച്ചു കിട്ടി.

പൗരാവകാശ സമരവും നിവര്‍ത്തന പ്രക്ഷോഭവും:

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തിരുവിതാംകൂര്‍ സര്‍വീസില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 'മലയാളി,' 'ഈഴവ' മെമ്മോറിയലുകള്‍ അധികാരികള്‍ക്കു സമര്‍പ്പിച്ചെങ്കിലും അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അഭ്യസ്ഥവിദ്യരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെങ്കിലും സര്‍ക്കാരുദ്യോഗം ഭൂരിപക്ഷത്തിനും അപ്രാപ്യമായിരുന്നു. ഒരു പ്രധാനപ്പെട്ട തടസ്സം റവന്യൂ-ദേവസ്വം വകുപ്പുകള്‍ ഒരുമിച്ചായിരുന്നുവെന്നതായിരുന്നു. പിന്നോക്ക ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലാതിരുന്നതുകൊണ്ട് റവന്യൂ-ദേവസ്വം വകുപ്പുകളില്‍ അവരെ നിയമിക്കുന്നതിന് തടസ്സമുണ്ട്. എന്നു മാത്രമല്ല, നിയമസഭയില്‍ അംഗത്വത്തിനും പിന്നോക്കക്കാര്‍ക്ക് അനുവാദമില്ലായിരുന്നു. അവര്‍ക്ക് വോട്ടവകാശവുമില്ല. എന്തെന്നാല്‍ ഭൂനികുതി നല്‍കുന്നതിന്റെയടിസ്ഥാനത്തിലായിരുന്നു വോട്ടവകാശം നിശ്ചയിച്ചിരുന്നത്. ഈ വക കാരണങ്ങളാല്‍ അസംതൃപ്തരായ പിന്നോക്കജാതിക്കാര്‍ തങ്ങള്‍ക്ക് പൗരാവകാശം ലഭിക്കണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട് ഒരു പ്രക്ഷോഭത്തിന് തയ്യാറെടുത്തു. സിവിക് റൈറ്റ്‌സ് ലീഗ് (പൗരാവകാശമുന്നണി) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. നിയമസഭാ പരിഷ്‌കാര നിര്‍ദ്ദേശങ്ങളടങ്ങുന്ന റഗുലേഷന്‍ 1920ല്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതേപ്പറ്റി ലീഗ് അഭിപ്രായപ്രകടനം നടത്തുകയും സര്‍ക്കാരിന് നിവേദനം കൊടുക്കുകയും ചെയ്തു. കേസരി ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികള്‍ അതിനെ പിന്തുണച്ചു.

തിരുവിതാംകൂറില്‍ വളര്‍ന്നുവരുന്ന ബഹുജനമുന്നേറ്റത്തെ ദേശീയവും സാര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ സ്വാധീനിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമായി. കോണ്‍ഗ്രസ്-ഖിലാഫത്ത്‌സഖ്യവും മലബാറിലെ കര്‍ഷക കലാപങ്ങളും 1921ലെ മാപ്പിള ലഹളയും തിരുവനന്തപുരത്തും ചലനങ്ങളുണ്ടാക്കി. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനം, അതിനുമുമ്പു നടന്ന റഷ്യന്‍ വിപ്ലവം, വിപ്ലവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് സഹോദരന്‍ അയ്യപ്പന്‍ 'വേലക്കാരന്‍'' എന്ന വാരികയില്‍ എഴുതിയ കവിത എന്നിവകളെല്ലാംതന്നെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയിരുന്നു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിവേട്ടയും തുടര്‍ന്നുണ്ടായ സംഭവങ്ങളും പൗരാവകാശ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടി.

പൗരാവകാശ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് തിരുവിതാംകൂറില്‍ രാഷ്ട്രീയ പ്രക്ഷോഭം രൂപംകൊളളുന്നത്. അതിനുള്ള സാഹചര്യമൊരുങ്ങിയത് 1931ല്‍ നിയമസഭയുടെ ഘടന പരിഷ്‌കരിക്കാനുള്ള ഒരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോഴാണ്. സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ടവകാശവും നിയമസഭയില്‍ അംഗത്വവുമെന്ന നിര്‍ദ്ദേശം മാറ്റണമെന്നും പ്രായപൂര്‍ത്തി വോട്ടവകാശവും ജനസംഖ്യാനുപാതികമായി നിയമസഭയില്‍ അംഗത്വവും വേണമെന്നതായിരുന്നു പൗരാവകാശ വാദക്കാരുടെ ആവശ്യം. കാനേഷുമാരി കണക്കുകളനുസരിച്ച് ജനസംഖ്യയില്‍ മുന്നില്‍ നിന്നത് ഈഴവരായിരുന്നു. എന്നാലവര്‍ക്ക് മറ്റു മുന്നോക്ക ജാതിക്കാരേക്കാള്‍ കുറഞ്ഞ പ്രാതിനിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ജാതിക്കാരും ഇത്തരത്തില്‍ കാനേഷുമാരി കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അവകാശവാദങ്ങളുന്നയിച്ചു. ഈയൊരു സാഹചര്യത്തിലാണ് സംയുക്ത രാഷ്ട്രീയ സമിതി രൂപീകൃതമാകുന്നത്. പിന്നോക്ക ജാതിക്കാരും ക്രിസ്ത്യാനികളും മുസ്ലിങ്ങളുമടങ്ങുന്നതായിരുന്നു ഈ മുന്നണി. ജതാധിപത്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായിരുന്നു ജാതി-മത സംഘടനകള്‍ ഒത്തുചേര്‍ന്നത്.

ശ്രീമൂലം പ്രജാസഭയിലേക്ക് 1932ല്‍ നടന്ന തെരഞ്ഞെടുപ്പ് സംയുക്ത രാഷ്ട്രീയ സമിതി ബഹിഷ്‌കരിച്ചു. അതായത്, ഭൂരിപക്ഷം ജനങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതാണ് നിവര്‍ത്തന പ്രക്ഷോഭം എന്ന പേരില്‍ അറിയപ്പെട്ടത്. നിവര്‍ത്തനം എന്നാല്‍ ബഹിഷ്‌കരണം. ഭൂരിപക്ഷം ജനങ്ങളും ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പിന്റെ ഫലമായി രൂപീകൃതമായ നിയമസഭയെ പിരിച്ചുവിടണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം ജനങ്ങളെയും ശത്രുക്കളാക്കിക്കൊണ്ട് ഭരണം നടത്താന്‍ സാധിക്കില്ലെന്ന് അധികാരികള്‍ മനസ്സിലാക്കി. സംയുക്ത രാഷ്ട്രീയമുന്നണിയുമായി ചര്‍ച്ചചെയ്തു ഒത്തുതീര്‍പ്പുണ്ടാക്കി. റവന്യൂ ദേവസ്വംവകുപ്പ് രണ്ടാക്കി. നായര്‍ ബ്രിഗേഡിനെ പിരിച്ചുവിട്ടു. തല്‍—സ്ഥാനത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്‌സ് നിലവില്‍ വന്നു. പിന്നോക്കക്കാര്‍ക്കും ക്രിസ്താനികള്‍ക്കും മുസ്ലിങ്ങള്‍ക്കും അതില്‍ റിക്രൂട്ട് ചെയ്യപ്പെടാന്‍ അര്‍ഹതയുണ്ടാകും. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജാതി-മത സംവരണമേര്‍പ്പെടുത്തി. നിയമനത്തിലുളള അര്‍ഹരെകണ്ടെത്തുന്നതിനായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 1935ല്‍ രൂപീകൃതമായി. ഇന്ത്യയില്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍ രൂപീകൃതമാവുന്ന സംസ്ഥാനമെന്ന ഖ്യാതി തിരുവിതാംകൂറിന് ലഭിച്ചു.

അങ്ങനെ പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും നേടിയെടുക്കുന്നതില്‍ സംയുക്ത രാഷ്ട്രീയസമിതി വിജയിച്ചു. ഇത് ജാതി-മത സംഘടനകളുടെ രാഷ്ട്രീയമായ രൂപപരിണാമത്തിന്റെ ചരിത്രംകൂടിയാണ്. ഇത് ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തിന്റെ വിജയമാണ്; ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതേ ജാതി-മതസംഘടനങ്ങള്‍തെന്നയാണ് കാല്‍നൂറ്റാണ്ടിനുശേഷം ജനാധിപത്യപരമായി തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഇ. എം. എസ്സിന്റെ മന്ത്രിസഭയെ താഴെയിറക്കാന്‍ ജനാധിപത്യവിരുദ്ധമായ സമരംചെയ്തത്. കൂട്ടത്തില്‍ മുന്നോക്കജാതിസംഘടനകളും ഭൂവുടമകളും ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയമായ രക്ഷാകര്‍തൃത്വം ഏറ്റെടുത്തുവെന്നേയുളളൂ.

ലോകസാമ്പത്തിക മാന്ദ്യവും തിരുവിതാംകൂറും:

ഒന്നാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ കാര്‍ഷിക വിളകളുടെ വിലയിടിവും നിതേ്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പകര്‍ച്ച വ്യാധികളും ജനജീവിതത്തെ ദുരിത പൂര്‍ണ്ണമാക്കി. ഈ ദുഃസ്ഥിതി 1929, 30 കാലഘട്ടത്തിലെ ലോകസാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി കൂടുതല്‍ വഷളായി. തുടര്‍ന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായി. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുവേണ്ടി അമേരിക്കയിലെ റോക്‌ഫെല്ലര്‍ ഫൗണ്ടേഷനില്‍നിന്നും ധനസഹായം പറ്റുകയും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഇംഗ്ലണ്ടിലയച്ച് ഉയര്‍ന്ന പരിശീലനം നല്‍കുകയും ഈ പകര്‍ച്ചവ്യാധികളെ ചികിത്സിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക, ഇന്ത്യ, മലയ, ശ്രീലങ്ക തുടങ്ങിയ ബ്രിട്ടീഷ് കോളനികളിലാണ് ഈ ധനസഹായം പ്രയോജനപ്പെടുത്തിയത്. മേല്‍പറഞ്ഞ രോഗങ്ങള്‍ കാരണം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരുന്നത് തോട്ടംതൊഴിലാളികള്‍ക്കിടയിലാണ്. തേയില, റബര്‍, എണ്ണപ്പന തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്ന വിദഗ്ധതൊഴിലാളികള്‍ മരണപ്പെടുന്നതും പകരം ആളെക്കിട്ടാന്‍ സാദ്ധ്യതയില്ലാതെ വരികയും ചെയ്താല്‍ മുതലാളിമാര്‍ക്കുണ്ടാകുന്ന നഷ്ടം ചില്ലറയല്ല. അതുകാരണമാണ് ബഹുരാഷ്ട്ര കമ്പനിയായ റോക് ഫെല്ലര്‍ തിരുവിതാംകൂറിലും ചികിത്സയ്ക്കായി പണംമുടക്കിയത്.

യുദ്ധാനന്തരകാലഘട്ടത്തില്‍ മുതലാളിത്തലോകത്തെ ഗ്രസിച്ച സാമ്പത്തികമാന്ദ്യം തിരുവിതാംകൂറിനേയും ഗുരുതരമായി ബാധിച്ചു. കാര്‍ഷികമേഖല പാടെ തകര്‍ന്നു. പട്ടിണി വര്‍ദ്ധിച്ചു. രണ്ടാലോക മഹായുദ്ധകാലമായപ്പോഴും ക്ഷാമം പിടി—പെടുകയും ചെയ്തു. സാമ്പത്തികമാന്ദ്യകാലത്തെ കാര്‍ഷികവിളകളുടെ വിലയിടിവ് സാമ്പത്തിക മാന്ദ്യഅന്വേണഷ കമ്മീഷന്‍ (Economic Depressipon Enquiry Commission Report) ഇങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഇതില്‍നിന്നും ഉപജീവനത്തിനായി കൃഷിയെ ആശ്രയിച്ചിരുന്ന മഹാഭൂരിപക്ഷം ജനങ്ങളും എങ്ങനെ പട്ടിണിയിലായെന്നു മനസ്സിലാക്കാമല്ലോ. തിരുവിതാകൂറില്‍ (കേരളത്തിലും ഇന്ത്യയിലും) 1930കളിലും 1940കളിലും ബഹുജന മുന്നേറ്റങ്ങളും അതില്‍തന്നെ ഇടതുപക്ഷാശയങ്ങള്‍ക്കും മുന്‍തൂക്കം കിട്ടാനുണ്ടായ സാഹചര്യം ഇതായിരുന്നു. ലോകമുതലാളിത്ത രാജ്യങ്ങളാകെ സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയന്‍മാത്രം അതിലകപ്പെടാതെ നിലനിന്നത് പാപ്പരീകരിക്കപ്പെട്ടു—കൊണ്ടിരുന്ന സാധാരണജനങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു.

കമ്മ്യൂണിസ്റ്റ് ലീഗ്:

സ്വദേശാഭിമാനി രാമകൃഷണപിള്ളയിലൂടെ മലയാളികള്‍ക്കു പരിചിതമായ കാള്‍ മാര്‍ക്‌സ്, മിച്ചമൂല്യസിദ്ധാന്തം, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, സോഷലിസം, കമ്മ്യൂണിസം തുടങ്ങിയ പദങ്ങളും സോവിയറ്റ്‌വിപ്ലവാനന്തര കാലഘടത്തില്‍ സഹോദരന്‍ അയ്യപ്പന്‍ ''വേലക്കാരന്‍' എന്ന വാരികയില്‍ വിപ്ലവത്തെ പ്രകീര്‍—ത്തിച്ചുകൊണ്ടെഴുതിയ കവിതയും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് സാധാരണക്കാരില്‍ അംഗീകാരം നേടാന്‍ സഹായിച്ച ഘടകങ്ങളായിരുന്നു. തിരുവനന്തപുരത്തെ വിദ്യര്‍ത്ഥികള്‍ 1920കളുടെ ആരംഭംതൊട്ട് സമരോത്സുകരായി രംഗത്തെത്തിയിരുന്നു. ആ സമരങ്ങളില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് കമ്മ്യൂണിസ്റ്റാശയങ്ങളോട് ആഭിമുഖ്യമുള്ളവരായിത്തീര്‍ന്നു.

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു എന്‍. പി. കുരിക്കള്‍ (1904-46). എസ്.എം.വി. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന കുരിക്കള്‍ 1921ലെ വിദ്യാര്‍ത്ഥിസമരത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ഫൈനല്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹെഡ്മാസ്റ്ററുമായുണ്ടായ ഒരു തര്‍ക്കത്തെതുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കി. രക്ഷാകര്‍ത്താക്കള്‍ അദ്ദേഹത്തെ തിരുനെല്‍വേലി—യിലേക്കയച്ച് ടെലിഗ്രാഫ് ടെക്‌നോളജി പഠിപ്പിച്ചു. ആറേഴുമാസത്തെ പഠനത്തിനുശേഷം അദ്ദേഹം നാട്ടിലേയ്ക്കു മടങ്ങി. തിരുനെല്‍വേലിയിലെ പഠനകാലത്തായിരിക്കണം അദ്ദേഹം ഇടതുപക്ഷാശയങ്ങളോട് അടുപ്പം കാട്ടിത്തുടങ്ങിയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയശേഷം ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന കോണ്‍ഗ്രസ്സ് ജില്ലാകമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അധികം വൈകാതെ സിറ്റികമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി തുടരുമ്പോഴാണ് 1930ലെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കാനായി പൊന്നറ ശ്രീധര്‍, കെ. കുമാര്‍ എന്നിവരോ—ടൊത്ത് കോഴിക്കോട്ടേയ്ക്കു പോകുന്നത്. അവിടെനിന്നും പയ്യന്നൂരിലും എത്തി. തിരിച്ച് തിരുവനന്തപുരത്തെത്തിയശേഷം എന്‍. സി. ശേഖറുമൊത്ത് വീണ്ടും കോഴിക്കോട്ടെത്തി ഉപ്പുനിയമം ലംഘിച്ച് അറസ്റ്റ് വരിച്ച്. അതിന്റെ ഫലമായി ആറുമാസത്തെ തടവുശിക്ഷ ലഭിച്ചു. കണ്ണൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ജയില്‍വാസം അദ്ദേഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. അതിനുമുമ്പ് ഉപ്പുസത്യഗ്രഹ വേളയില്‍ ത്തന്നെ പി. കൃഷ്ണപിള്ളയുമായി പരിചയപ്പെട്ടിരുന്നു. തടവുശിക്ഷ കഴിഞ്ഞ് 1931 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് എത്തിയ കുരിക്കള്‍ കേട്ട വാര്‍ത്ത ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റി എന്നതായിരുന്നു. അവരുടെ വധശിക്ഷ റദ്ദാക്കുന്നതിന് ഗാന്ധിജി ആത്മാര്‍ത്ഥമായി ശ്രമിച്ചില്ലായെന്ന തോന്നല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ശക്തമായി പ്രചരിച്ചു. വധശിക്ഷയില്‍ പ്രതിഷേധിച്ച് ഒരു പൊതുയോഗവും സംഘടിപ്പിച്ചു. കേസരി ബാലകൃഷ്ണ പിള്ളയായിരുന്നു യോഗാധ്യക്ഷന്‍. പി. എന്‍. കൃഷ്ണപിള്ള, ജി. രാമചന്ദ്രന്‍, എന്‍. പി. കുരിക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു കുരിക്കളുടെ പ്രസംഗം.

ഇതേത്തുടര്‍ന്ന് കുരിക്കള്‍ രഹസ്യമായി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതില്‍നിന്നാണ് കമ്മ്യൂണിസ്റ്റ് ലീഗ് എന്ന പേരില്‍ ഒരു സംഘടന തിരുവനന്തപുരത്ത് രൂപീകൃതമായതായി അറിയുന്നത്. 'ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകത്തിന്റെ സംഘാടകസമിതി സെക്രട്ടറിയെന്ന നിലയ്ക്കാണ് കുരിക്കള്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്‍. സി.ശേഖര്‍, പൊന്നറ ശ്രീധര്‍, തിരുവട്ടാര്‍ പത്മനാഭപിള്ള എന്നിവരായിരുന്നു ലീഗിലെ മറ്റംഗങ്ങള്‍. ലഘുലേഖകളില്‍ പ്രധാനപ്പെട്ട ഒന്ന് കുരിക്കള്‍ക്ക് കാണ്‍പൂരില്‍നിന്നും കിട്ടിയതാണെന്നറിയുന്നു. അത് തര്‍ജമചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന്റെ 50 കോപ്പികള്‍ കൊച്ചി രാജ്യത്തെ ചാലക്കുടിയിലെ ഒരു ശങ്കരപ്പിള്ളക്കും മറ്റു കുറെ കോപ്പികള്‍ കോഴിക്കോട്ടിനടുത്തുള്ള തിക്കോടിയിലെ ഒരു നമ്പ്യാര്‍ക്കും അയച്ചുകൊടുത്തിരുന്നതായി രഹസ്യപോലീസ് രേഖകളില്‍ കാണുന്നു. എന്തായാലും ലീഗിന്റെ പ്രവര്‍ത്തനം തിരുവിതാംകൂറിലുടനീളം നിരോധിച്ചുകൊണ്ട് കളക്ടര്‍മാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ക്ഷേത്ര പ്രവേശന വിളമ്പരം:

1920 കളുടെ ആരംഭത്തില്‍ തുടങ്ങിയ പൗരാവകാശ പ്രക്ഷോഭം സാമൂഹികവും ഭരണപരവും രാഷ്ട്രീയവുമായ അവകാശങ്ങളില്‍ ചിലത് നേടിയെടുക്കാന്‍ ഉപകരിച്ചുവെങ്കിലും ആരാധനാ സ്വാതന്ത്ര്യവും അതിലേക്കാവശ്യമായ ക്ഷേത്രപ്രവേശനവും അനുവദിച്ചുകിട്ടുന്നതിന് സഹായകമായില്ല. പൗരാവകാശ പ്രക്ഷോഭം നിവര്‍ത്തന പ്രക്ഷോഭമായി വികസിച്ച് രാഷ്ട്രീയ മാനം കൈവരിച്ചപ്പോള്‍ അത് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് തിരിച്ചറിയുകയും ചെയ്തു. മതസാമുദായിക ശക്തികള്‍ ഒത്തുചേര്‍ന്ന് രാഷ്ട്രീയ ആവശ്യത്തിനായി ശബ്ദമുയര്‍ത്തിയപ്പോള്‍ ആ ഐക്യത്തിനെ തകര്‍ക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിത്തീര്‍ന്നു. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ ഉത്തരേന്ത്യയില്‍ എങ്ങിനെയാണോ മതവിഭാഗങ്ങളെ തമ്മില്‍ തെറ്റിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയത് അത് വേറൊരു രൂപത്തില്‍ തിരുവിതാംകൂറിലും നടപ്പാക്കുകയായിരുന്നു. സംയുക്ത രാഷ്ട്രീയ സമിതിയില്‍പ്പെട്ട ഈഴവരാദി പിന്നോക്കക്കാരും ക്രൈസ്തവര്‍, മുസ്ലീങ്ങള്‍ എന്നീ മതവിഭാഗങ്ങളും ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടിയാണ് യോജിച്ചതെങ്കിലും മതപരമായി പൊരുത്തപ്പെടാന്‍ വയ്യാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്തെന്നാല്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ആദ്യംമുതല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നത് പിന്നോക്ക ജാതിയില്‍പ്പെട്ടവരെ സഭയില്‍ ചേര്‍ക്കുന്നതിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശകംതൊട്ട് പിന്നോക്ക ജാതിക്കാര്‍ പൗരാവകാശങ്ങള്‍ അനുവദിച്ചു കിട്ടാത്തതിന്റെ പേരില്‍ മതപരിവര്‍ത്തനം ചെയ്യുന്നുണ്ടായിരുന്നു. 1901, 1911, 1921, 1931 എന്നീ വര്‍ഷങ്ങളിലെ കാനേഷുമാരി കണക്കുകള്‍ പരിശോധിച്ചാല്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി കാണാം. ഈ വര്‍ദ്ധനവിനു കാരണം ഈഴവരാദി പിന്നോക്കക്കാര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നതായിരുന്നു. ഇസ്ലാം മതത്തിലും സിക്കുമതത്തിലുംവരെ പലരും ചേര്‍ന്നിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലവാരം പുലര്‍ത്തിയിരുന്ന ക്രൈസ്തവരില്‍ ഒരുവിഭാഗം ബാങ്കിംഗ് സ്ഥാപനങ്ങളും കച്ചവടവും നടത്തി സമ്പന്നരാവുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പിന്നോക്കജാതിക്കാരുടെ പിന്‍ബലവുംകൂടി കിട്ടിയാല്‍ സര്‍ക്കാരിനെതിരെ ശക്തായ പോരാട്ടം ഉണ്ടാവുമെന്നുള്ള കാര്യം തിരിച്ചറിയാനുള്ള വിവേകം മഹാരാജാവിന്റെ ഉപദേഷ്ടവും പിന്നീട് ദിവാനുമായിത്തീര്‍ന്ന, സര്‍.സി.പി. രാമസ്വാമി അയ്യര്‍ക്കുണ്ടായിരുന്നു. നിയമപണ്ഡിതനും രാഷ്ട്രതത്രജ്ഞനുമായ സര്‍ സി.പി. ദിവാനായി നിയമിക്കപ്പെടുന്ന 1936 ല്‍ത്തന്നെ ക്ഷേത്രപ്രവേശന വിളംബരവും പ്രഖ്യാപിക്കപ്പെട്ടത് യാദൃശ്ചികമല്ല.

തന്ത്രപരമായി അതീവപ്രാധാന്യമുളള ക്ഷേത്രപ്രവേശനവിളംബരത്തിലൂടെ പിന്നോക്കജാതിക്കാര്‍ക്കെല്ലാം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ (മണ്‍റോയുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ദേവസ്വം വകുപ്പിന്റെ കീഴിലുള്ള) പ്രവേശിക്കാനുള്ള അവകാശം കിട്ടി. അംഗബലംകൊണ്ടും സാമ്പത്തികശേഷികൊണ്ടും മുന്‍പന്തിയില്‍ നിന്നിരുന്ന ഈഴവരില്‍ ഒരുവിഭാഗവും എസ്.എന്‍.ഡി.പി. നേതൃത്വവും അന്നുമുതല്‍ രാജഭക്തരാവുകയും രാഷ്ട്രീയ പ്രക്ഷോഭത്തില്‍ നിന്ന് പിന്തിരിയുകയും ചെയ്തു. എന്നാല്‍ ഈ വിളംബരം പിന്നോക്കജാതിക്കാരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു അവകാശം നേടിയെടുക്കലായിരുന്നു. വിളംബരംവഴി ക്ഷേത്രപ്രവേശനത്തിന് നിയമപരമായി ജാതിവ്യത്യാസമന്യേ എല്ലാവര്‍ക്കും അവകാശം കിട്ടിയെങ്കിലും പുലയര്‍ക്കും മറ്റ് അയിത്തജാതിക്കാര്‍ക്കും പിന്നീടും വളരെക്കാലം പീഢനങ്ങള്‍ അനുഭവിക്കേണ്ടതായി വന്നു. സവര്‍ണര്‍ക്കു തുല്യമുള്ള അവകാശങ്ങള്‍ നേടുന്നതിനുവേണ്ടി അവര്‍ക്ക് കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി സംഘം തുടങ്ങിയ വര്‍ഗസംഘടനകളില്‍ അംഗമാകേണ്ടതായിവന്നു. മുന്നോക്കക്കാരുടെ മാത്രമല്ല പിന്നോക്കക്കാരിലെ സാമ്പത്തികമായി മുന്നോക്കം നിന്നവര്‍ക്കെതിരേയുള്ള സമരത്തിലും അവര്‍ അണിചേര്‍ന്നു. വിശ്വാസസംരക്ഷണത്തേക്കാളുപരി സാമ്പത്തിക ചൂഷണത്തിനെതിരേയുള്ള സമരമാണ് പ്രധാനമെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.

സ്റ്റേറ്റ് കോണ്‍ഗ്രസ്:

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ആദ്യംമുതല്‍തന്നെ മന്ദഗതിയിലായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലും അതിന് കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. അയിത്തോച്ചാടനം ഒരു വിഷയമായി കോണ്‍ഗ്രസ്സിനെക്കൊണ്ടംഗീകരിപ്പിക്കാന്‍ ടി.കെ.മാധവന്‍ മുതല്‍പേരുടെ ശ്രമഫലമായി സാധിച്ചുവെങ്കിലും ഒരു രാഷ്ട്രീയ സംഘടനയെന്ന നിലയില്‍ അതിന്റെ പ്രസക്തി വളരെ പരിമിതമായിരുന്നു. ഗാന്ധിയന്‍ നിലപാടിനോടുള്ള വിയോജിപ്പും കമ്മ്യൂണിസത്തോടും സോഷ്യലിസത്തോടുമുള്ള ആഭിമുഖ്യവും വര്‍ദ്ധിച്ചുവരുന്നുണ്ടായിരുന്നു. അതാണ് 1931-ല്‍ കമ്മ്യൂണിസ്റ്റ്‌ലീഗ് സ്ഥാപിക്കാന്‍ ഇടയാക്കിയ സാഹചര്യം. നിവര്‍ത്തനപ്രക്ഷോഭകാലത്ത് ജാതി-മത സംഘടനകള്‍ കോണ്‍ഗ്രസ്സിന്റെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നാട്ടുരാജ്യങ്ങളിലെ സമരങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ടു പങ്കെടുക്കേണ്ടെന്ന 1937 ലെ ഹരിപുരകോണ്‍ഗ്രസ്സിന്റെ തീരുമാനം കോണ്‍ഗ്രസ്സിനകത്തെ ഉല്പതിഷ്ണുക്കളെ രോഷാകുലരാക്കി. അതാണ് സ്റ്റേറ്റ്‌കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തില്‍ കലാശിച്ചത്.

അതിനുമുന്‍പുതന്നെ തിരുവനന്തപുരത്ത് തൊഴിലാളികള്‍ സംഘടിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്തിട്ടുണ്ട്. റയില്‍വേ തൊഴിലാളികള്‍ 1928 ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും ഒരു ദിവസം തൊഴിലാളികള്‍ പണിമുടക്കി. എന്‍.പി.കുരിക്കളും, എന്‍.സി.ശേഖറും ചേര്‍ന്ന് സംഘടിപ്പിച്ച പ്രസ്സ് തൊഴിലാളികളും കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട് നിവേദനം നടത്തുകയും പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ലീഗിനുശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് യൂത്ത്‌ലീഗ് എന്ന ഒരു സംഘടന ഉല്പതിഷ്ണുക്കളായ ചില യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ചിരുന്നു. പിന്നീട് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരായും സോഷ്യലിസ്റ്റുകാരായും കമ്മ്യൂണിസ്റ്റുകാരായും പ്രവര്‍ത്തനം തുടര്‍ന്ന നിരവധിപേര്‍ യൂത്ത് ലീഗിന്റെ അംഗങ്ങളായിരുന്നു.

ഉല്പതിഷ്ണുക്കള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടുകൂടി പ്രക്ഷോഭങ്ങള്‍ക്കു ശക്തികൂടി. ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങള്‍ നടക്കുമ്പോള്‍തന്നെ നാട്ടിന്‍പുറങ്ങളില്‍ കര്‍ഷകരും പട്ടണങ്ങളിലെ വ്യവസായശാലകളിലും സമരങ്ങളും പണിമുടക്കുകളും വുന്‍തോതിലുണ്ടായി. ലോകസാമ്പകത്തികമാന്ദ്യത്തിന്റെ ഫലമായുണ്ടായ സാമ്പത്തികത്തകര്‍ച്ച, പട്ടിണി, പകര്‍ച്ചവ്യാധികള്‍, ദേശീയരംഗത്തെ സംഭവവികാസങ്ങളുടെ പ്രതിഫലനങ്ങള്‍ ഇതെല്ലാം ഈ പ്രക്ഷോഭങ്ങള്‍ക്കു കാരണമായിരുന്നു. സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ചെറിയതോതിലാണെങ്കിലും യുവാക്കളെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര വെടിവെപ്പ്:

സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉത്തരവാദഭരണം ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷ സമരം ആരംഭിച്ചു. സര്‍ക്കാര്‍ കോണ്‍ഗ്രസിനെ നിരോധിക്കുകയും പ്രസിഡന്റായിരുന്ന പട്ടംതാണുപിള്ളയെ അറസ്റ്റു ചെയ്യുകയും ചെയ്തു. തന്റെ പിന്‍ഗാമിയായി നെയ്യാറ്റിന്‍കര എന്‍.കെ.പദ്മനാഭപിള്ളയെ പട്ടം നാമനിര്‍ദ്ദേശം ചെയ്തു. പത്മനാഭപിള്ള സ്വദേശാഭിമാനിയുടെ സഹോദരനും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനുമായിരുന്നു. പത്മനാഭപിള്ളയെ പോലീസ് അറസ്റ്റുചെയ്ത് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. എന്നാല്‍ ആ കാര്‍ നാട്ടുകാര്‍ തകര്‍ത്തു; തീയിട്ടു. പത്മനാഭപിള്ളയെ ട്രാന്‍സ്‌പോര്‍ട്ടുബസ്സില്‍ കയറ്റി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. അക്രമാസക്തരായ ജനത്തെ അമര്‍ച്ചചെയ്യാന്‍ ലഫ്: കേണല്‍ വാട്കീസിന്റെ നേതൃത്വത്തില്‍ കുതിരപ്പട്ടാളം നെയ്യാറ്റിന്‍കരക്കു പുറപ്പെട്ടു. ബാലരാമപുരത്തുവച്ച് ജനങ്ങള്‍ കുതിരകളെ തടഞ്ഞു. അതിനു നേതൃത്വം കൊടുത്തവരിലൊരാളായിരുന്നു ഫക്കീര്‍ഖാന്‍. പിന്നീട് കമ്മ്യൂണിസ്റ്റുകാരനും നേതാവുമായിത്തീര്‍ന്നു അദ്ദേഹം.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയ കുതിരപ്പട്ടാളത്തിനുനേരെ രോഷാകുലരായ ജനങ്ങള്‍ കല്ലെറിഞ്ഞു. പട്ടാളം വെടിവക്കുമെന്ന് ഭീഷണിപ്പെടുത്തി. എങ്കില്‍ വെടിവക്കൂ എന്ന് ആക്രോശിച്ചുകൊണ്ട് വീരരാഘവന്‍ എന്ന യുവാവ് മുന്നോട്ടുവന്നു. അയാള്‍ വെടിയേറ്റു വീണു. സ്റ്റേറ്റ് കോണ്‍ഗ്രസ് സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷി. അഞ്ചുപേര്‍ അവിടെത്തന്നെ വെടിയേറ്റുവീണു. പിന്നീട് രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചു മരണമടഞ്ഞു. നെയ്യാറ്റിന്‍കര വെടിവയ്പ് 1938 ആഗസ്റ്റ് 31 ന് ആയിരുന്നു.

ചന്ത സമരങ്ങള്‍:

കാര്‍ഷികമേഖലയിലെ ഒരു പ്രധാനപ്പെട്ട സ്ഥലത്ത് ഉത്പന്നങ്ങള്‍ വില്‍ക്കാനും പലവ്യഞ്ജനങ്ങളും തുണിയുമെല്ലാം വാങ്ങാനും കൃഷിക്കാരും കച്ചവടക്കാരും ഒത്തുകൂടുക പതിവായിരുന്നു. ആഴ്ചയില്‍ ഒരിക്കലോ രണ്ടുതവണയോ ഇത്തരത്തില്‍ ചന്ത കൂടുമായിരുന്നു. നാട്ടുപ്രമാണിമാരും റൗഡികളുമായിരുന്നു ഈ ചന്തകളെ നിയന്ത്രിച്ചിരുന്നത്. പോലീസുകാര്‍ ഇവര്‍ക്ക് കൂട്ടായുണ്ടാവും.

നാനാസ്ഥലത്തുനിന്നും കച്ചവടക്കാരെത്തിച്ചേരുന്ന ഇത്തരം ചന്തകള്‍ വാര്‍ത്താവിതരണ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. പത്രങ്ങളും രറ്റു വാര്‍ത്താവിതരണ സൗകര്യങ്ങളും വിരളമായിരുന്ന അക്കാലത്ത് ചന്തയില്‍ വരുന്നവര്‍ പറഞ്ഞാണ് മറ്റു പ്രദേശങ്ങളില്‍ എന്തു നടക്കുന്നു എന്ന് നാട്ടുകാര്‍ മനസ്സിലാക്കുന്നത്. സത്യവും അസത്യവും അതിശയോക്തിയും ദുഷ്പ്രചരണങ്ങളും ഒക്കെ ഇക്കൂട്ടത്തിലുണ്ടാവും. അതുകേട്ട് ജനങ്ങള്‍ രോഷാകുലരായി എന്നുവരാം.

ചന്തകളില്‍ നടക്കുന്ന അന്യായപ്പിരിവിനെച്ചൊല്ലിയാണ് പലേടത്തും സമരങ്ങള്‍ തുടങ്ങുന്നത്. പൊതുവായ രാഷ്ട്രീയസാഹചര്യം ഇത്തരം സമരങ്ങള്‍ക്ക് പ്രേരകമായിരുന്നു. ഈ ചന്തകള്‍ സര്‍ക്കാര്‍ സംവിധാനത്തോടുകൂടി ആരംഭിച്ച ഈത്താമൊഴി, കോട്ടാര്‍, താടുവെട്ടി, കളിയിക്കാവിള, ബാലരാമപുരം, തിരുവനന്തപുരം ചാല, ആറ്റിങ്ങല്‍ തുടങ്ങിയ കമ്പോളങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇവിടെല്ലാം ആവശ്യക്കാര്‍ ചെന്ന് സാധനങങള്‍ വാങ്ങുകയേ പതിവുള്ളു. എന്നാല്‍ ചന്തകളില്‍ വില്‍ക്കലും വാങ്ങലുമുണ്ട്. പ്രധാനമായും കാര്‍ഷികവിഭവങ്ങളും വനവിഭവങ്ങളും. ഇവിടെ ചൂഷകനായി എത്തിയത് റൗഡികളായിരുന്നു. അതിനാല്‍ അടിപിടിയും കത്തിക്കുത്തും പതിവായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് കൃഷിക്കാരും നാട്ടുകാരും സംഘടിച്ചത്. അത്തരത്തിലുള്ളതാണ് കല്ലറ-പാങ്ങോടു സമരം (വിശദമായ ലേഖനം അന്യത്ര).

രേഖപ്പെടുത്തിയിട്ടില്ലാത്ത നിരവധി സമരങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, ആര്യങ്കോട്, പനച്ചമൂട് തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള സമരങ്ങള്‍ നടന്നിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി:

1931-ലെ കമ്മ്യൂണിസ്റ്റ് ലീഗ് അല്പകാലത്തെ പ്രവര്‍ത്തനത്തിനുശേഷം തിരോഭവിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔപചാരികമായി നിലവില്‍വന്ന 1939 ലെ പിണറായി പാറപ്രം സമ്മേളനത്തിനുശേഷമാണ് ചിട്ടയായ പ്രവര്‍ത്തനം നടക്കുന്നത്. കമ്മ്യൂണിസ്റ്റ്‌ലീഗ് പ്രസിദ്ധീകരിച്ച ചില ലഘുലേഖകള്‍ കമ്മ്യൂണിസ്റ്റ് ആശയമായി പ്രചരിക്കുന്നതിന് സഹായകരമായിരുന്നു. മറ്റുപല സ്ഥലങ്ങളില്‍ നിന്നും മാര്‍ക്‌സിസ്റ്റ് സാഹിത്യം തിരുവനന്തപുരത്ത് ചിലര്‍ക്ക് കിട്ടുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ 'പ്രഭാതം' ഈ ആശയഗതി പ്രചരിക്കാന്‍ ആവതും ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജിലേയും ലോ-കോളേജിലേയും വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. ഇത്തരത്തില്‍ ആഭിമുഖ്യമുള്ളവര്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരുവിതാംകൂര്‍ ഘടകം രൂപീകരിച്ചു. സഖാക്കള്‍ കാട്ടായിക്കോണം ശ്രീധര്‍, കെ.വി.സുരേന്ദ്രനാഥ്, ലോ കോളേകജ് വിദ്യാര്‍ത്ഥിയായിരുന്ന കെ.സി.ജോര്‍ജ് തുടങ്ങിയവരായിരുന്നു ആദ്യം ഈവഴിക്കു ചിന്തിച്ചത്. ക്രമേണ അഖിലേന്ത്യാ പാര്‍ട്ടിയുടെ കേരള ഘടകം നിലവില്‍വരികയും അതിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പി.കൃഷ്ണപിള്ള നേതൃസ്ഥാനത്തു നില്‍ക്കുന്നുണ്ടായിരുന്നു.

കര്‍ഷകസംഘം:

സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി കാര്‍ഷികമേഖല തകര്‍ന്നതും ഭക്ഷ്യക്ഷാമം രൂക്ഷമായതും പകര്‍ച്ചവ്യാധികള്‍ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയതും ഇവയെയെല്ലാം കൂടുതല്‍ വഷളാക്കിക്കൊണ്ട് രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതും സാധാരണക്കാരെ നിത്യദാരിദ്ര്യത്തിലാക്കി. പട്ടിണിയകറ്റുന്നതിനുവേണ്ടി സര്‍ക്കാര്‍ തുടങ്ങിയ പരിപാടിയായിരുന്നു ''ഗ്രോമോര്‍ ഫുഡ് ക്യാമ്പയിന്‍. ഇതിന്‍പ്രകാരം തരിശുകിടക്കുകയായിരുന്ന സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്കു പാട്ടത്തിനു നല്‍കി കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആലപ്പുഴയിലെ വേമ്പനാടുകായല്‍ ഇത്തരത്തില്‍ പാട്ടത്തിനെടുത്ത ജോസഫ് മുരിക്കന്‍ ചിത്തിര, റാണി, മാര്‍ത്താണ്ഡന്‍ കായലുകള്‍ വെള്ളം വറ്റിച്ച് കൃഷി തുടങ്ങിയത് നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാടുനിന്നും ആരുവാമൊഴിക്കുപോകുന്ന പഴയ കച്ചവടപ്പാതയുടെ സമീപത്തുള്ള കാണിപ്പറ്റ് പ്രദേശം കുടിയേറി കൃഷിചെയ്ത കതര്‍ഷകര്‍ കപ്പ, കരനെല്ല്, ഇഞ്ചി മുതലായവ കൃഷിചെയ്ത് സമ്പത്തുല്പാദിപ്പിച്ചു. കായലില്‍ കൃഷിചെയ്യാനിറങ്ങിയ തൊഴിലാളികളാണെങ്കിലും കരഭൂമിയില്‍ കൃഷിചെയ്ത കര്‍ഷകരാണെങ്കിലും നിലനില്പിനുവേണ്ടി സംഘടിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. കാണിപ്പറ്റ് മേഖലയില്‍ ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ടതാണ് കാണിപ്പറ്റ് കര്‍ഷകസംഘം. (വിശദമായ ലേഖനം അന്യത്ര). അഖിലേന്ത്യാതലത്തില്‍ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘവുമായി ഇതിനു ബന്ധമൊന്നുമുണ്ടായിരുന്നില്ല. പ്രാദേശികമായ ഈ സംഘടനക്കുപിന്നില്‍ ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

മുന്‍പു പരാമര്‍ശിച്ച കല്ലറ-പാങ്ങോടു സമരത്തിലും അതേത്തുടര്‍ന്ന് ആറ്റിങ്ങലില്‍ നടന്ന പ്രക്ഷോഭത്തിലും മറ്റുപല സ്ഥലങ്ങളിലും നടന്ന ചന്തപ്പിരിവിനും ഗുണ്ടായിസത്തിനുമെതിരെ നടന്ന ചെറുത്തുനില്പിനുപിന്നിലും കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു.

സ്വതന്ത്ര തിരുവിതാംകൂര്‍:

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുമെന്നുള്ള സാഹചര്യം വന്നുചേര്‍ന്നു. യുദ്ധാനന്തരസാഹചര്യത്തിലെ പട്ടിണിയും ദുരിതങ്ങളും ഒരുഭാഗത്തും തിളച്ചുപൊള്ളുന്ന രാഷ്ട്രീയ സമരങ്ങള്‍ മറുഭാഗത്തും ഇവകളുടെ പ്രേരണയാലുണ്ടായ പണിമുടക്കങ്ങളും ഇന്ത്യയിലാകെ സ്‌ഫോടനാത്മകമായ സ്ഥിതിയുണ്ടാക്കി. പുന്നപ്ര-വയലാര്‍ സമരം, ഉതതരമലബാറിലെ നെല്ലെടുപ്പുസമരങ്ങള്‍, ആന്ധ്രയിലെ തെലുങ്കാനാ സമരം, ബംഗാളിലെ തേഭാഗാ സമരം, ബോംബെയിലെ നാവികകലാപം, റയില്‍വേസമരം, തപാല്‍ സമരം തുടങ്ങിയ സമരപരമ്പരകള്‍ ഇന്ത്യയെയാകെ ഇളക്കിമറിക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകുന്ന സാഹചര്യത്തില്‍ നാട്ടുരാജ്യമായ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യമായി നില്‍ക്കുമെന്ന് ദിവാന്‍ സര്‍ സി.പി. പ്രഖ്യാപിച്ചതും അതിനനുസൃതമായി മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചതും. അമേരിക്കന്‍ ഭരണഘടനയുടെ മാതൃകയില്‍ എളുപ്പത്തില്‍ മാറ്റാന്‍ കഴിയാത്ത ഭരണത്തലവനില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ഒരു ഭരണഘടനയായിരുന്നു ഈ വിളംബരംവഴി നിലവില്‍ വന്നത്. 1947 ജൂലായ് 19 ന് പുറപ്പെടുവിച്ച ഈ വിളംബരത്തോടുകൂടി തിരുവിതാംകൂര്‍ ആകെ ഇളകിമറിഞ്ഞു. ഭരണസിരാകേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരം സ്വാഭാവികമായും സമരകേന്ദ്രമായിത്തീര്‍ന്നു.

ഇത്തരത്തിലുള്ള ഒരു ഭരണഘടനാ പ്രഖ്യാപനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ സി.പി.ക്കാണെന്നറിയാമായിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ചില ചെറുപ്പക്കാര്‍ അദ്ദേഹത്തെ കൊലചെയയാന്‍തന്നെ തീരുമാനിച്ചു. 1947 ജൂലായ് 25-ാം തീയതി സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ കച്ചേരികേട്ടതിനുശേഷം മടങ്ങുകയായിരുന്ന ദിവാനുനേരെ ഹാളിനുള്ളില്‍വച്ചുതന്നെ ആക്രമണമുണ്ടായി. മുറിവേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ജൂലായ് 26 ന് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ തിരുവിതാംകൂര്‍ സന്നദ്ധമാണെന്ന് മഹാരാജാവ് കേന്ദ്രസര്‍ക്കാരിനെ കമ്പിസന്ദേശംവഴി അറിയിച്ചു. ആഗസ്റ്റ് 20ന് പി.ജി.നാരായണന്‍ ഉണ്ണിത്താനെ പുതിയ ദിവാനായി മഹാരാജാവ് നിയമിച്ചു. സെപ്തംബര്‍ 4-ാം തീയതി സ്വതന്ത്ര തിരുവിതാംകൂര്‍ ഭരണഘടന റദ്ദാക്കുകയും പുതിയ ഭരണഘടനാ പരിഷ്‌കാരം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അങ്ങിനെ ഉത്തരവാദഭരണം സ്ഥാപിക്കപ്പെട്ടു.

പട്ടം താണുപിള്ള അദ്ധ്യക്ഷനായി ഒരു പതിനഞ്ചംഗ സമിതി നിലവില്‍വന്നു. കോണ്‍ഗ്രസ്സുകാരും, നായര്‍-ഈഴവ-മുസ്ലീം-ക്രൈസ്തവ നേതാക്കളുമെല്ലാം പ്രസ്തുത സമിതിയിലുണ്ടായിരുന്നു. ജനാധിപത്യ സംവിധാനത്തിനുള്ളില്‍ ജാതി-മത സംഘടനകള്‍ അങ്ങിനെ നുഴഞ്ഞുകയറുകയും നിയമസഭയിലും ഭരണത്തിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു. 1948 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെയടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്നു. 120 അംഗ നിയമസഭയില്‍ 111 പേര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. അതില്‍ 14 പേര്‍ തമിഴ്‌നാടു കോണ്‍ഗ്രസ്സുകാര്‍. മാര്‍ച്ച് 20 ന് നിയമസഭായോഗം ചേര്‍ന്നു. ഇടക്കാല ഗവണ്‍മെന്റ് രൂപീകരിക്കുന്ന ബില്‍ 23 ന് പാസ്സാക്കി. ആ ബില്‍പ്രകാരം ദിവാന്‍പദം അവസാനിച്ചു. മൂന്നംഗ മന്ത്രിസഭ നിലവില്‍വന്നു. പട്ടം താണുപിള്ള പ്രധാനമന്ത്രിയും, ടി.എം.വര്‍ഗീസും, സി.കേശവനും മന്ത്രിമാരും. ഉത്തരവാദരണം നിലവില്‍വന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ദിവാന്‍ ഭരണത്തോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസും വിസ്മൃതിയിലാണ്ടു. മന്ത്രിസഭ രൂപീകൃതമായ ബില്‍ നേതാക്കള്‍ സംതൃപ്തിയടഞ്ഞു. ജനങ്ങള്‍മാത്രം ദുരിതത്തിലായി.

തിരുകൊച്ചി, കേരളം:

തിരുവിതാംകൂറിനെപ്പോലെ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച കൊച്ചിയേയും കൂട്ടിയോജിപ്പിച്ചുകൊണ്ട് 1949 ജൂലായില്‍ തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായി. മഹാരാജാവ് രാജപ്രമുഖനായി. പറവൂര്‍ ടി.കെ.നാരായണപിള്ള പ്രധാനമന്ത്രിയായി. ഉപരിതലത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ജനങ്ങള്‍ പ്രക്ഷോഭ മാര്‍ഗ്ഗത്തിലായിരുന്നു. കര്‍ഷക സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടു. തൊഴിലാളികളും പണിമുടക്കുകളുമായി രംഗത്തിറങ്ങി. ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി. (വിശദമായ ലേഖനങ്ങള്‍ കാണുക).

സമരങ്ങളുടെയെല്ലാം പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായിരുന്നു. കാട്ടായിക്കോണം ശ്രീധര്‍, കെ.വി.സുരേന്ദ്രനാഥ്, ഫക്കീര്‍ഖാന്‍, എന്‍.എന്‍.പണ്ടാരത്തില്‍, ഒറ്റശേഖരമംഗലം ജനാര്‍ദ്ദനന്‍ നായര്‍, അവണാകുഴി സദാശിവന്‍, കള്ളിക്കാട്ട് ഗംഗന്‍ അങ്ങിനെ നിരവധിപേര്‍. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1950 ല്‍ മറ്റു പാര്‍ട്ടികളെപ്പോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി. എങ്കിലും പറവൂര്‍ ടി.കെ.യുടെ പോലീസ് കിരാതമായ മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. കര്‍ഷകരുടേയും തൊഴിലാളികളുടെയും സമരത്തിന് നേതൃത്വം കൊടുത്തവരൊക്കെത്തന്നെ പോലീസ് മര്‍ദ്ദന—ത്തിനിരയായി. എങ്കിലും ഒടുങ്ങാത്ത സമരവീര്യവുമായി പാര്‍ട്ടി സഖാക്കള്‍ മുന്നോട്ടുനീങ്ങി.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനായി കമ്മീഷനെ നിയോഗിച്ചപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ നാലു തെക്കന്‍ താലൂക്കുകളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന തമിഴ്‌നാട് കോണ്‍ഗ്രസ് ആ താലൂക്കുകളെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനിറങ്ങി. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന കുഞ്ഞന്‍ നാടാര്‍ അതിനു നേതൃത്വം നല്‍കി. തെക്കന്‍ താലൂക്കുകളില്‍ സമരം അക്രമാസക്തമായി. ഇത് കുഴിത്തുറയില്‍ വെടിവയ്പില്‍ കലാശിച്ചു. നാലുപേര്‍ മരണമടഞ്ഞു. കല്‍ക്കുളം, വിളവന്‍കോട്, അഗസ്തീശ്വരം, തോവാള എന്നീ നാലു താലൂക്കുകളില്‍ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളായതിനാല്‍ അവയെ മദ്രാസിനോടു ചേര്‍ത്തുകൊണ്ട് കമ്മീഷന്‍ ശുപാര്‍ശ നല്‍കി. പാര്‍ലമെന്റ് അതംഗീകരിച്ചതോടുകൂടി 1956 നവംബര്‍ 1 ന് മറ്റുസംസ്ഥാനങ്ങളോടൊപ്പം കേരളവും നിലവില്‍വന്നു.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ:

കേരള സംസ്ഥാന രൂപീകൃതമായതിനുശേഷം നിലവില്‍വന്ന നിയമസഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കായിരുന്നു ഭൂരിപക്ഷം. അഞ്ചു സ്വതന്ത്രന്മാരുടെ പിന്തുണയോടുകൂടി ഇ.എം.എസ്. നമ്പൂതിരിപ്പാട് മന്ത്രിസഭ രൂപീകരിച്ചു. കേരളത്തിലെ ആദ്യത്തേയും അവസാനത്തേയും ഒറ്റക്കക്ഷി മന്ത്രിസഭ. ആ മന്ത്രിസഭ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ അടിസ്ഥാനപരമായിട്ടുള്ളതായിരുന്നു. അതുകൊണ്ടുതന്നെ പ്രതിലോമശക്തികളുടെ എതിര്‍പ്പും കൂടി. നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഫലമായി അനുവദിച്ചുകിട്ടിയ ജനാധിപത്യാവകാശങ്ങള്‍ ജാതി-മത സംഘടനാടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കുന്ന രീതിയായിരുന്നു. 1947 ല്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ സംഭവിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാനത്ത് നിലവില്‍വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനവിരുദ്ധ താത്പര്യക്കാര്‍ക്ക് ചേക്കേറാനുള്ള താവളമായിരുന്നു. സോഷ്യലിസ്സുകാര്‍ അതില്‍നിന്നും വേറിട്ടുപോയി. പി.എസ്.പി.യും, ആര്‍.എസ്.പി.യും, ഐ.എസ്.പി.യും, എസ്.എസ്.പി.യുമായി വഴിപിരിഞ്ഞു. എന്നാല്‍ ഇവരെല്ലാം കമ്മ്യണിസ്റ്റ് വിരുദ്ധ ചേരിയില്‍ അണിനിരന്നു.

ഭൂപരിഷ്‌കരണനിയമം ജന്മിമാരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെശത്രുക്കളാക്കി. നായര്‍, ബ്രാഹ്മണജന്മിമാര്‍ അക്കൂട്ടത്തില്‍പ്പെട്ടു. അവര്‍ എന്‍.എസ്.എസ്സിന്റെ പിന്നില്‍ അണിനിരന്നു. എന്നാല്‍ പ്ലാന്റേഷന്‍സിനെ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കിയതിനാല്‍ വന്‍കിട കൃഷിക്കാരായ ക്രൈസ്തവര്‍ ആശ്വാസംകൊണ്ടു. എന്നാല്‍ വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്തവസഭകള്‍ രംഗത്തുവന്നതിനാല്‍ ക്രൈസ്തവ തോട്ടമുടമകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. ഇവര്‍ക്കുവേണ്ടത്ര രാഷ്ട്രീയഛത്രം നല്‍കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തയ്യാറായി. ഇന്നെന്നപോലെ അന്നും പത്രങ്ങള്‍ വര്‍ഗധര്‍മ്മം അനുഷ്ഠിച്ചു. കെ.പി.സി.സി. പ്രസിഡന്റായിരുന്ന കൈനിക്കര പദ്മനാഭപിള്ള എഴുതിയ ''പതിമ്മൂന്നരസെന്റ്'''എന്ന പുസ്തകം ഭൂപരിഷ്‌കാരത്തിന്റെ ഗുണഫലമനുഭവിച്ച ചെറുകിട കര്‍ഷകരില്‍പ്പോലും ആശങ്കയുണര്‍ത്തി. മാനിഫെസ്റ്റോയില്‍ കാള്‍മാര്‍ക്‌സ് എഴുതിയതു പോലെ കമ്മ്യൂണിസ്റ്റ് ദുര്‍ഭൂതത്തെ' ആഭിചാര ക്രിയക്രിയയിലൂടെ ആവാഹിക്കാന്‍ ക്രൈസ്തവസഭകളും ജാതി സംഘടനകളും കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ചുചേര്‍ന്നു. അവര്‍ നടത്തിയ സമരത്തിനിട്ട പേരാണ് വിമോചന സമരം. കേരളത്തെ കമ്മ്യൂണിസ്റ്റ് ദുര്‍ഭൂതത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള സമരം. വാസ്തവത്തില്‍ അത് കേരളത്തിലെ നവോത്ഥാനമൂല്യങ്ങളെ ഉച്ചാടനം ചെയ്യാനുള്ള സമരമായിരുന്നു. നവോത്ഥാനമൂല്യങ്ങള്‍ക്കേറ്റ ശക്തമായ പ്രഹരമായിരുന്നു ജനാധിപത്യധ്വംസനസമരവും മന്ത്രിസഭയെ പിരിച്ചുവിടലും.

ഈ വിമോചനസമരത്തിലൂടെ കൊല്ലപ്പെട്ടത് നാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും ഉയര്‍ത്തിക്കൊണ്ടു വന്ന മാനവികതയെയും സമത്വ ബോധത്തേയുമായിരുന്നു. സ്വദേശാഭിമാനിയും കേസരിയും വളര്‍ത്തിക്കൊണ്ടു വന്ന നിര്‍ഭയമായ പത്രപ്രവര്‍ത്തന മൂല്യങ്ങളെയായിരുന്നു. അഴിമതിയേയും ആഭാസത്തരത്തേയും വിമര്‍ശിച്ച ആ കുലപതികളുടെ പിന്‍മുറക്കാരില്‍ ചിലര്‍ അവരുടെ പേരില്‍ പ്രതിജ്ഞയെടുക്കുമ്പോഴും അനുനിമിഷം അവരെ നിരാകരിച്ചുകൊണ്ടിരിക്കുകയാണ്. വിമോചനസമരം ഉയര്‍ത്തിവിട്ടത് പൊതുജീവിതത്തിലെ അധാര്‍മ്മികതയെയാണ്.

തലസ്ഥാനനഗരിയെന്ന നിലയില്‍ മേല്‍പ്പറഞ്ഞ എല്ലാവിധമായ പ്രസ്ഥാനങ്ങളുടേയും കേളീരംഗമായിത്തീരുന്നു തിരുവനന്തപുരം. രാജഭരണം പോയിട്ടും രാജഭക്തി അവശേഷിക്കുന്നു. അതു നിലനിറുത്താന്‍ ഭഗവത് സ്വരൂപങ്ങളെ ബിംബങ്ങളാക്കുന്നു. അതിനെതിരെ ശക്തമായ ആശയസമരം പുരോഗമനപ്രസ്ഥാനങ്ങള്‍ നടത്തുന്നു. യാഥാസ്ഥിതികത്വവും ഉല്പതിഷ്ണത്വവും ഏറ്റുമുട്ടുന്ന രംഗവേദിയാണ് തലസ്ഥാനനഗരവും ജില്ലയും. ജില്ലയുടെ പാരമ്പര്യം രാജഭക്തിയുടേതല്ല, സമരപരമ്പരകളുടേതാണെന്ന തിരിച്ചറിവാണിന്നാവശ്യം. ആറ്റിങ്ങല്‍ മുതല്‍ മുടവന്‍മുകള്‍വരെയുള്ള സമരപരമ്പരകള്‍ നമ്മോടു പറയുന്നത് അതാണ്. രണസ്മാരകങ്ങള്‍ കാണുമ്പോള്‍ നമുക്ക് ഓര്‍മ്മകളുണരണം. നിസ്വവര്‍ഗത്തിന്റെ മോചനത്തിനുള്ള ഇന്ധനമായി ആ തീക്ഷ്ണ സ്മരണകളെ മാറ്റിത്തീര്‍ക്കണം.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh