ലേറ്റസ്റ്റ് വാര്‍ത്തകള്‍

വനിതാ സ്ഥാനാര്‍ഥിയുടെ മുടിമുറിക്കല്‍: അന്വേഷണ ആവശ്യം ശക്തം

 കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയെ ആക്രമിച്ച് മുടിമുറിച്ച സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ കൊല്ലയില്‍ ഡിവിഷനില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ട എല്‍ സതികുമാരിയുടെ മുടിയാണ് അക്രമികള്‍ കത്തികൊണ്ട് മുറിച്ചെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഇവര്‍ മത്സരിച്ചുവെന്ന കാരണത്താല്‍ സിപിഐ എമ്മിന്റെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസുകാരും മനോരമപത്രവും നടത്തുന്നത്. ആക്രമണത്തിന് ഇരയായ സ്ത്രീ പറയുന്ന വസ്തുതകള്‍പോലും പരിശോധിക്കാതെയാണ് സിപിഐ എമ്മിനെതിരെ നുണപ്രചാരണം നടത്തുന്നത്.

സംഭവത്തിലെ യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ് സിപിഐ എം. യഥാര്‍ഥ പ്രതികളെ കണ്ടുപിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടത് പൊലീസാണെങ്കിലും അതിന് തയ്യാറല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. മുടിമുറിക്കല്‍സംഭവം സിപിഐ എം അന്വേഷിക്കട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറയുന്നത്. ഈ പരാമര്‍ശത്തില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢ ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

കൊല്ലയില്‍ പഞ്ചായത്ത് മേഖലയില്‍ യുഡിഎഫിന് കനത്ത പരാജയമാണ് ഉണ്ടായത്. ഇതില്‍നിന്ന് മുഖംരക്ഷിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഭരണസ്വാധീനമുപയോഗിച്ച് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായതിലുള്ള നാണക്കേട് മറയ്ക്കാനാണ് ഈ അതിക്രമത്തെ സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ യുഡിഎഫുകാര്‍ ശ്രമിക്കുന്നത്. തന്നോട് പലര്‍ക്കും വ്യക്തിവൈരാഗ്യമുള്ളതായി സതികുമാരി വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസുകാര്‍ അതെല്ലാം വിഴുങ്ങിയാണ് സിപിഐ എമ്മിനുനേരെ തിരിഞ്ഞിരിക്കുന്നത്. നുണപ്രചാരണം അവസാനിപ്പിക്കണമെന്നും യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ ഉദിയന്‍കുളങ്ങര ജങ്ഷനില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ എംഎല്‍എമാരായ ആര്‍ സെല്‍വരാജും എ ടി ജോര്‍ജും ചേര്‍ന്ന് കേസ് ദുര്‍ബലപ്പെടുത്തി അന്വേഷണം അട്ടിമറിച്ച് സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് കടകംപള്ളി പറഞ്ഞു. നീതിപൂര്‍വമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താതിരിക്കാന്‍ യുഡിഎഫ് നേതൃത്വം പൊലീസിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരിക്കുന്നതായും സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശക്തമായ തുടര്‍സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏരിയ സെക്രട്ടറി കടകുളം ശശി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം വി എസ് ബിനു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാപഞ്ചായത്ത് അംഗം എസ് കെ ബെന്‍ഡാര്‍വിന്‍, വി താണുപിള്ള, വി ശ്രീകുമാര്‍, എസ് വിക്രമന്‍, എം സെല്‍വരാജന്‍, പി ടി ശാന്തകുമാര്‍, ജി അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Last modified on Monday, 04 January 2016 23:49
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh