പത്രക്കുറിപ്പുകള്‍

തലസ്ഥാനത്തെ വിദ്യാര്‍ത്ഥി വേട്ട കാടത്തം, പൈശാചികം

ഹയര്‍ സെക്കന്ററി, ബിരുദ ഏക ജാലക പ്രവേശനം അട്ടിമറിച്ച്, സാധാരണക്കാരായ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ പോലീസ് ഭീകരവും പൈശാചികവും, മനുഷ്യത്വരഹിതവുമായി നേരിട്ട നടപടിയില്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂട്ട ആക്രമണമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

വിദ്യാര്‍ത്ഥികളെ കടന്നാക്രമിക്കുകയായിരുന്നു പോലീസ്. ഭീകര മര്‍ദ്ദനമാണുണ്ടായത്. നിരവധി വിദ്യാര്‍ത്ഥി നേതാക്കള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിജിന്‍, പ്രസിഡന്റ് വി.പി.സാനു, ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ മറ്റു വിദ്യാര്‍ത്ഥി നേതാക്കളായ സുകേഷ്, ശരത്, നീരജ്, അരുണ്‍ ഗോപി തുടങ്ങിയവരെയെല്ലാം സാരമായ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ്  ചെയ്തിരിക്കുകയാണ്. ഗുരുതരാവസ്ഥയിലായ രാഗേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ സ്വകാര്യ  ആശുപത്രിയിലും മറ്റുമായി ചികിത്സ തേടിയിരിക്കുകയാണ്. അത്യന്തം ഗൗരവമുള്ള സംഗതികളാണ് നടന്നിരിക്കുന്നത്. തികച്ചും ന്യായമായ സാമൂഹ്യ ആവശ്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ ശ്രമം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണം. ആവശ്യങ്ങള്‍ ഉന്നയിച്ച്, ജനാധിപത്യപരമായി നടത്തിയ ഈ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമത്തിനെതിരെ സമൂഹ മനസ്സ് ഒന്നാകെ അണി നിരക്കണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Last modified on Wednesday, 19 August 2015 01:56
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh