പത്രക്കുറിപ്പുകള്‍

നിയമസഭയില്‍ വനിതാ എം.എല്‍.എ മാരെ ആക്രമിച്ച സംഭവം എം. എ വാഹിദും. എ. ടി. ജോര്‍ജ്ജും ഉടന്‍ രാജിവയ്ക്കണം :- സി.പി.ഐ(എം)

ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് നിയമസഭയ്ക്കുള്ളില്‍ സഹപ്രവര്‍ത്തകരായ വനിതാ എം.എല്‍.എ മാരുടെ സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) യൂ.ഡി.എഫ് എം.എല്‍.എ മാരായ നാല് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവായ സാഹചര്യത്തില്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എ മാരായ എം. എ വാഹിദും. എ. ടി. ജോര്‍ജ്ജും ഉടന്‍ രാജി വയ്ക്കണമെന്ന് സി.പി.ഐ(എം)ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 

സാക്ഷി മൊഴിയും, തെളിവുമെല്ലാം പരിശോധിച്ച ശേഷമാണ് കോടതി കേസെടുക്കാന്‍ തീരുമാനിച്ചത്. കുറ്റകരമായ തടഞ്ഞുവയ്ക്കല്‍, സ്ത്രീയെ അപമാനിക്കല്‍, മോശം വാക്ക് പ്രയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. യു.ഡി.എഫ് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് വനിതാ എം.എല്‍.എ മാര്‍ കോടതിയെ സമീപിക്കുകയും, കോടതി കേസെടുക്കാന്‍ തീരുമാനിക്കുകയുമാണ് ഉണ്ടായത്. ഈ സംഭവം തലസ്ഥാന ജില്ലയിലെ ജനങ്ങള്‍ക്കാകെ അപമാനകരമാണ്. രാഷ്ട്രീയത്തിന്റേതായ ഏതെല്ലാം തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും നിയമസഭയ്ക്കുള്ളില്‍ വച്ച് വനിതാ എം.എല്‍.എ മാരെ ഇത്തരത്തില്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. ഇപ്പോള്‍ കോടതി കേസെടുക്കുവാന്‍ തീരുമാനിച്ചുകഴിഞ്ഞു. ബന്ധപ്പെട്ട എം.എല്‍.എ മാര്‍ ഈ സാഹചര്യത്തില്‍ രാജിവയ്ക്കുക എന്നത് സാമാന്യ മര്യാദ കൂടിയാണ്. എന്നാല്‍ എല്ലാ വിധ ക്രിമിനല്‍- മാഫിയ- ഗുണ്ട സംഘങ്ങളുടെയും തണലില്‍ വാഴുന്ന വാഹിദും, ജോര്‍ജ്ജും അതിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. അത് കൊണ്ട് തന്നെ പൗരബോധവും ജനാധിപത്യ ബോധവുമുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഇത് സഹിക്കാനാവില്ല. ഇവരുടെ രാജി ആവശ്യപ്പെട്ടുള്ള ശക്തമായ സമരം അനിവാര്യമാണ്. ഈ രണ്ട് എം.എല്‍.എ മാരും പ്രതിനിധാനം ചെയ്യുന്ന കഴക്കൂട്ടം, പാറശ്ശാല നിയോജകമണ്ഡലങ്ങളിലെ ബഹുജനങ്ങള്‍ ശക്തമായി പ്രക്ഷോഭ രംഗത്ത് വരണം. സെപ്റ്റംബര്‍ 26 ന് എം.എ വാഹിദിന്റെയും ജോര്‍ജ്ജിന്റെയും രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുവാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ മധു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാര്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. 

Last modified on Monday, 04 January 2016 23:53
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh