പത്രക്കുറിപ്പുകള്‍

തിരുവനന്തപുരം വികസന അതോറിറ്റി (TRIDA) പ്രവര്‍ത്തന സ്തംഭനത്തിന് പരിഹാരം കാണുക :- കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം നഗരത്തിലെയും സമീപ പഞ്ചയാത്തുകളിലെയും ആസൂത്രണം ഏകോപിപ്പിക്കുന്നതിനും വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുമാണ് തിരുവനന്തപുരം വികസന അതോറിറ്റി രൂപീകരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഒരൊറ്റ വികസന പദ്ധതി പോലും ഏറ്റെടുക്കാന്‍ ട്രിഡയ്ക്ക് കഴിഞ്ഞിട്ടില്ല. ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പട തന്നെ TRIDA യ്ക്ക് സ്വന്തമായുണ്ട്. ഇവര്‍ക്കെല്ലാം വെറുതെ ശമ്പളം കൊടുത്തുകൊണ്ടിരുക്കുകയാണ്.

ഇത് ഉദ്ധ്യോഗസ്ഥന്മാരുടെ കുറ്റമല്ല.അവര്‍ക്ക് ചെയ്യാന്‍ പദ്ധതിയില്ല. അതിന്‌ ഗവണ്മെന്റ് പണം നല്‍കുന്നില്ല.ഷോപ്പിംഗ് കോംപ്ലക്സുകളില്‍ നിന്ന് കിട്ടുന്ന സാമാന്യം ഭേദപ്പെട്ട വാടക കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സാധ്യതയുള്ള ഒരു വികസന ഏജന്‍സിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണ സ്തംഭനത്തില്‍ എത്തിയതിനുള്ള ഉത്തരവാദിത്വം ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനും ട്രിഡയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിനുമാണ്.

യു.ഡി.എഫ് ഗവണ്മെന്റ് അധികാരത്തില്‍ വരുമ്പോള്‍ എല്ലാം ട്രിഡയെ ഒരു നോക്കുകുത്തിയാക്കുന്നത് പതിവാണ്. തലേകുന്നില്‍ ബഷീര്‍ ചെയര്‍മാനായിരുന്നത് വരെ ഈ നില തുടര്‍ന്നു. 1996 ല്‍ അധികാരത്തില്‍ വന്ന ഇടതുമുന്നണി ഗവണ്മെന്റും അതില്‍ ധനകാര്യ മന്ത്രിയായിരുന്ന ടി. ശിവദാസ മേനോനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ്കുട്ടിയുമാണ്‌ ട്രിഡയ്ക്ക് ഭരണപരവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കിയത്. ഈ കാലയളവില്‍ ഒട്ടനവധി പദ്ധതികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു.

വെള്ളയമ്പലം – തൈക്കാട് മോഡല്‍ റോഡില്‍ കേരളത്തില്‍ ആദ്യമായി ഇരുവശവും കേബിളിനും പൈപ്പ്‌ലൈനുകള്‍ക്കും ഡക്ട് ഉണ്ടാക്കി. റോഡിന് ഇരുവശവും വൃക്ഷങ്ങള്‍ നട്ടു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ റോഡ്‌ പണി എളുപ്പത്തില്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം കന്യാകുമാരി റൂട്ടിലെ കുപ്പിക്കഴുത്ത് എന്ന് വിശേഷിപ്പിച്ചിരുന്ന വളരെ ഇടുങ്ങിയ കരമന – കിള്ളിപ്പാലം റോഡ്‌ പൂര്‍ത്തിയാക്കുന്നതിന് 336 പേരെ ഒഴിപ്പിക്കേണ്ടി വന്നു. ഒരു കേസുപോലും ഇല്ലാതെയാണ് റോഡ്‌ വികസനം പൂര്‍ത്തിയാക്കിയത്. അതിനായി അനേകം കോടി രൂപ ചെലവഴിക്കേണ്ടി വന്നു.പാളയം - പാറ്റൂര്‍ റോഡിന് വേണ്ടി സെന്റ്‌, ജോസഫ് സ്കൂളില്‍നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രശ്നനങ്ങള്‍ പരിഹരിച്ചാണ് റോഡ്‌ വികസനം പൂര്‍ത്തിയാക്കിയത്. സാഫല്യം കോംപ്ലക്സ് ഒന്നാം ഘട്ടം, സാഫല്യം കോംപ്ലക്സ് കണ്ണിമേറാ മാര്‍ക്കറ്റി നടുത്ത് പൂര്‍ത്തിയാക്കിയ രണ്ടാം ഘട്ടം എന്നിവയ്ക്ക് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. പുനരധിവാസ പാക്കേജിലൂടെ എല്ലാം പരിഹരിക്കാന്‍ കഴിഞ്ഞു. അക്കാലത്ത് സി.പി.ഐ(എം) നേതാക്കളായ സി. ജയന്‍ബാബു, സി. അജയകുമാര്‍ എന്നിവര്‍ ആയിരുന്നു ചെയര്‍മാന്മാര്‍. പാളയം പാര്‍ക്കിംഗ് സെന്റര്‍, മെഡിക്കല്‍കോളേജ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയില്‍ നിന്നുള്ള വരുമാനം കൊണ്ട് തന്നെ നിര്‍മ്മാണത്തിനുള്ള തുക കിട്ടി. ആ തുകയില്‍ നിന്നാണ് ബസ്സ്‌ സ്റ്റാന്റ് നിര്‍മ്മിക്കാന്‍ സാധിച്ചത്. പേട്ട മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണതുക അഡ്വാന്‍സില്‍ നിന്ന് തന്നെ പിരിഞ്ഞ് കിട്ടി. ജനറല്‍ ഹോസ്പിറ്റല്‍ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണവും ആക്കാലത്ത് തന്നെ പൂര്‍ത്തികരിച്ചതാണ്. 44 കിലോമീറ്റര്‍ നഗര റോഡുകള്‍ വീതി കൂട്ടുന്നതിന് ഭൂമിയേറ്റെടുത്ത് കൊടുക്കുന്ന ദൗത്യവും ട്രിഡ തന്നെ നിര്‍വ്വഹിച്ചു.

          ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം ഇന്നേവരെ ഒരു രൂപ പോലും ട്രിഡയ്ക്ക് നല്‍കിയിട്ടില്ല. ഒരു വികസന പദ്ധതിയും ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വെറും നോക്കുകുത്തിയായി ട്രിഡമാറിയിരിക്കുന്നു. ഇതിന് ഗവണ്മെന്റും ഇപ്പോഴത്തെ ചെയര്‍മാനും മറുപടി പറയണം. നാല് വര്‍ഷത്തിനുള്ളില്‍ ഒരു ബസ്‌ ഷെല്‍ട്ടറോ ഒരു ടോയിലെറ്റോ പോലും പണിയാന്‍ കഴിയാത്ത ഈ സ്ഥാപനം നഗരവാസികള്‍ക്ക് അപമാനമാണ്. അതിനാല്‍ ഒന്നുകില്‍‍‍ ചെയര്‍മാന്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ ഗവണ്മെന്റ് അദ്ദേഹത്തെ നീക്കം ചെയ്യണം. ഡോ. തോമസ്‌ ഐസക്ക് ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ആറ്റുകാല്‍  ഠൌണ്‍ഷിപ്പിന് പത്ത് കോടി രൂപ ബഡ്ജറ്റില്‍ നീക്കിവച്ചു. ഇതിന്റെ നോഡല്‍ ഏജന്‍സിയായി ട്രിഡയെയാണ് നിശ്ചയിച്ചത്. നാളിതുവരെ ഒരു രൂപ ചെലവഴിക്കാനോ പ്രോജക്ട് തയ്യാറാക്കാനോ കഴിഞ്ഞിട്ടില്ല.       എന്നാല്‍ പുതുതായി ഒരു പദ്ധതി ഏറ്റെടുക്കാനോ നിലവിലുള്ളവ നവീകരിക്കാനോ കഴിയാതെ തികച്ചും സ്തംഭനാവസ്ഥയിലായ തിരുവനന്തപുരം വികസന അതോറിറ്റിയെ പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Last modified on Monday, 04 January 2016 23:53
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh