കോര്പ്പറേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള സി.പി.ഐ(എം) നെയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. സി.പി.ഐ(എം) ജില്ലാ നേതാക്കള്‍ മത്സരിച്ച എല്ലാ വാര്‍ഡിലും എല്‍.ഡി.എഫിന് ലഭിക്കുന്ന വോട്ടുകള്‍ ചോര്‍ച്ചയെന്നും കൂടാതെ ഇക്കുറിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗണ്യമായ ഭാഗം വോട്ടുകള്‍ കൂടി ബി.ജെ.പിയ്ക്ക് നല്‍കിയാണ് സി.പി.ഐ(എം) നേതാക്കളെ പരാജയപ്പെടുത്തിയതെന്ന് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് നോക്കിയാല്‍ കാണാനാവും. പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാര്‍ഡുകളില്‍ വലിയ അട്ടിമറിയാണ് യു.ഡി.എഫ് നടത്തിയത്. പാങ്ങോട് വാര്‍ഡില്‍ കഴിഞ്ഞ തവണ യു.ഡി.എഫിന് ലഭിച്ചത് 1217 വോട്ടാണ്. ഇത്തവണ അത് 703 ആയി കുറഞ്ഞു. കൃത്യമായി 514 വോട്ടാണ് ബി.ജെ.പിക്ക് മറിച്ചു നല്‍കിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ സംഭാവനയായിരുന്നു അത്. എന്നിട്ടും കേവലം 48 വോട്ടിനാണ് എല്‍.ഡി.എഫ് അവിടെ പരാജയപ്പെട്ടത്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 667 വോട്ടാണ് യു.ഡി.എഫിന് കുറഞ്ഞത്. എല്‍.ഡി.എഫ് അവിടെ പരാജയപ്പെട്ടത് 524 വോട്ടിനും. ഇപ്രകാരം യു.ഡി.എഫിന്റെ സംഭാവന കൊണ്ടു മാത്രം 16 വാര്‍ഡില്‍ ബി.ജെ.പി വിജയിച്ചു കയറി. മാത്രമല്ല, ചാല വാര്‍ഡില്‍ യു.ഡി.എഫ് ആകെ പിടിച്ചത് 283 വോട്ടാണ്, കുളത്തൂരില്‍ വെറും 183 വോട്ട് പിടിച്ചു. കരമനയില്‍ യു.ഡി.എഫ് വോട്ട് വെറും 675 മാത്രം. 183 മുതല്‍ 980 വരെ മാത്രം വോട്ട് യു.ഡി.എഫ് പിടിച്ചത് 34 വാര്‍ഡുകളിലാണ്. ഇവിടെയെല്ലാമുള്ള കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെപ്പോയി എന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കണം. സ്വയം കുഴിച്ച കുഴിയില്‍ യു.ഡി.എഫും കോണ്‍ഗ്രസും ചെന്നുപെട്ടു എന്നതാണ് വസ്തുത. പരമ്പരാഗതമായി കോണ്‍ഗ്രസ് ശീലിച്ച കാല് വാരലും, വോട്ട് മറിയ്ക്കലും, വോട്ട് കച്ചവടവുമെല്ലാം തകൃതിയായി ഇത്തവണയും തലസ്ഥാനത്ത് നടത്തിയതിന്റെ വ്യക്തമായ ചിത്രമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിധിയിലൂടെ പുറത്ത് വന്നത്. ഈ കച്ചവടത്തിനും അട്ടിമറിയ്ക്കും നേതൃത്വം നല്‍കിയത് ഒരു മന്ത്രിയും കരകുളം കൃഷ്ണപിള്ളയുമാണ്. യഥാര്‍ത്ഥത്തില്‍ തൊണ്ടി സഹിതമാണ് ഇപ്പോള്‍ പിടിക്കപ്പെട്ടത്. അതുകൊണ്ടാണ് സമനില തെറ്റിയവരെപ്പോലെയുള്ള പ്രസ്താവന ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള നടത്തിയത്. സ്വന്തം സഹപ്രവര്‍ത്തകരോടും, അണികളോടും, നാട്ടുകാരോടും പറയാന്‍ ഒരു ന്യായവും കിട്ടാതെ വന്നപ്പോള്‍ സി.പി.ഐ(എം)നെയും അതിന്റെ ജില്ലയിലെ അമരക്കാരനെയും കടന്നാക്രമിച്ച് രക്ഷപ്പെടാന്‍ കരകുളം കൃഷ്ണപിള്ള നടത്തുന്ന പാഴ്ശ്രമം വിലപ്പോവില്ല. കേരള ജനത ആഗ്രഹിക്കാത്ത ഫാസിസ്റ്റ് – വര്‍ഗ്ഗീയ ശക്തികളുടെ തലസ്ഥാനത്തേയ്ക്കുള്ള കടന്നു വരവിന് കളമൊരുക്കിയ യു.ഡി.എഫും, കോണ്‍ഗ്രസും, തീരാകളങ്കവും വഞ്ചനയുമാണ് ജനങ്ങളോട് കാട്ടിയത്. ഇതിന് കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന് കാലം അവരെ പഠിപ്പിക്കുക തന്നെ ചെയ്യും. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ഈ രാഷ്ട്രീയ നെറികേടിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരണമെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Last modified on Monday, 04 January 2016 23:54