സെക്രട്ടറിയുടെ പേജ്


തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നില്‍ കണ്ടൊരു ബ്‌ളാക്ക് ആന്റ്‌ വൈറ്റ് പോസ്റ്ററാണിത്. രാഷ്ട്രപിതാവിന്റെ ഘാതകനെ മഹത്വവത്കരിക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമം കേരളത്തിലും സജീവമാണെന്ന്‍ വ്യക്തമാക്കുന്ന ഇത്തരം പോസ്റ്ററുകള്‍ നഗരത്തിന്റെ പലഭാഗത്തും പതിച്ചിട്ടുള്ളതായും അറിയാന്‍ കഴിഞ്ഞു. ഗാന്ധി ഘാതകനായ ഗോട്സെയുടെ ബലിദാനദിനം, ആജ്ഞനേയ സേവാസംഘം എന്ന കടലാസ്‌ സംഘടനയുടെ ഒരു പോസ്റ്ററില്‍ മാത്രം ഒതുങ്ങുന്നതാണോ എന്ന്‍ വ്യക്തമല്ല. എങ്കിലും ആഘോഷങ്ങള്‍ പോയിട്ട് ഇത്തരം ഒരു പോസ്റ്റര്‍ പോലും രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്.


കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകള്‍ക്കും, കേരളീയ ജനതയുടെ മതസൗഹാര്‍ദ്ദ സമീപനങ്ങള്‍ക്കും എതിരെയുള്ള കടന്നാക്രമണമാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ‘കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി?’ എന്ന ലേഖനം. അതിശയോക്തിയും അതിപ്രസരവും കലര്‍ന്ന കല്ലുവച്ച നുണകള്‍ കണക്കില്ലാതെ പറഞ്ഞു പെരുംനുണകള്‍ പെരുമഴ പോലെ പെയ്യിച്ച് നാട് മലീമസമാക്കുന്ന ആര്‍.എസ്.എസിന്റെ സ്ഥിരം വര്‍ഗ്ഗീയ അജണ്ടയ്ക്ക് അപ്പുറം ഒന്നുമില്ല പ്രസ്തുത ലേഖനത്തിലും. കേരളത്തെക്കുറിച്ചും കമ്മ്യൂണിസ്റ്റുകാരെകുറിച്ചും ന്യൂനപക്ഷങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ലേഖനം അസല്‍ മണ്ടത്തരങ്ങളുടെ സമാഹാരം കൂടിയാണ്. ഇന്ത്യ ഒരു ബഹുമത രാഷ്ട്രമാണെന്ന കാര്യം ഒരിക്കലും ഹിന്ദു വലതുപക്ഷം അംഗീകരിക്കുന്ന കാര്യമല്ലെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ്‌ ലേഖനം. മുമ്പെങ്ങുമില്ലാത്ത വിധം അസഹിഷ്ണുതയും വര്‍ഗീയ സംഘര്‍ഷങ്ങളും രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് പടരുന്ന അശാന്തി കേരളത്തിലേക്ക് കൂടി പടര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ ലക്‌ഷ്യം വയ്ക്കുന്നെന്ന തിരിച്ചറിവ് കൂടി ലേഖനം പകരുന്നു.


2015 ഒക്‌ടോബര്‍ 28 ന് മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ച 'പുതിയ മേയര്‍ വരും വരെ പ്ലാസ്റ്റിക് വീട്ടിലിരിക്കും' എന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാസങ്ങളായി പ്ലാസ്റ്റിക് ശേഖരണം മുടങ്ങിക്കിടക്കുന്നു, കോര്‍പ്പറേഷനെ വിശ്വസിച്ച ക്ലീന്‍ കേരള കമ്പനി വെട്ടിലായി, പ്ലാസ്റ്റിക് വേര്‍തിരിക്കാന്‍ 2500 സ്‌ക്വയര്‍ ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം വേണമെന്ന് നിബന്ധന അംഗീകരിക്കാന്‍ നഗരസഭ തയ്യാറാകാത്തതുമൂലം പ്ലാസ്റ്റിക് ശേഖരണം മുടങ്ങി, വെള്ളം വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ നഗരസഭ തയ്യാറായില്ല തുടങ്ങി എല്ലാ ആരോപണങ്ങളും വസ്തുതകളുമായി യാതൊരു ബന്ധമില്ലാത്തതും തട്ടിക്കൂട്ടിയതുമാണ്. 


തൈക്കാട് സമന്വയ നഗറില്‍ വെഞ്ഞാറമൂട് പോലീസിന്റെ അതിക്രമം. പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുടെയും സി.പി.ഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെയും വീടുകള്‍ക്ക് നേരെ വെഞ്ഞാറമൂട് എസ്.ഐ.റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആക്രമണം നടത്തിയത്. അര്‍ദ്ധരാത്രിയോടെ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുകളില്‍ അതിക്രമിച്ചു കടക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ചെയ്തു. രാത്രി 12.30 ഓടെ തൈക്കാട് സ്വദേശിയായ മഹേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പോലീസ് ഇയാളെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച മഹേഷിന്റെ അമ്മയോട് പോലീസുകാര്‍ തട്ടികയറുകയും ചീത്തവിളിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.ഐ(എം) തൈക്കാട് ബി ബ്രാഞ്ച് സെക്രട്ടറി കെ.രാജേഷിന്റെ വീട്ടിന്റെ പിന്‍ഭാഗത്തെ വാതില്‍ പോലീസ് ചവിട്ടി തകര്‍ക്കുകയും , രാജേഷിന്റെ ഭാര്യയെയും മകളേയും അസഭ്യം പറയുകയും ചെയ്തു.


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh