സെക്രട്ടറിയുടെ പേജ്

നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമാണ് തിരുവനന്തപുരം

ഒട്ടേറെ സവിശേഷതകള്‍ ഉള്ള ജില്ലയാണ് കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം. രാജവാഴ്ചക്കാലംമുതല്‍ അതു തലസ്ഥാനമായി തുടരുന്നു. തിരുവനന്തപുരത്തിന് അഭിമാനകരമായ ഒരു വലിയ ചരിത്രമുണ്ട്. സമരഭരിതമായ ഒരു ഭൂതകാലവും സമരഭരിതമായ ഒരു വര്‍ത്തമാനകാലവും തിരുവനന്തപുരം ജില്ലയ്ക്കുണ്ട്.

രാജഭരണത്തിന്റെ ആസ്ഥാനമെന്ന നിലയിലും ജനാധിപത്യ രാജ്യത്തിന്റെ സംസ്ഥാന തലസ്ഥാനം എന്ന നിലയിലും തിരുവനന്തപുരം രാഷ്ട്രീയ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.— നിക്ഷിപ്ത താല്‍പര്യങ്ങളുടെ അധികാരകേന്ദ്രവും അതിനെ ചോദ്യംചെയ്യുന്ന ഉല്‍പതിഷ്ണു രാഷ്ട്രീയവും പതിറ്റാണ്ടുകളായി ഏറ്റുമുട്ടുന്ന സമരഭൂമിയെന്ന സവിശേഷതയും ഈ ജില്ലയ്ക്കുണ്ട്. കേരളത്തിലെ ഉല്‍ബുദ്ധചിന്തയ്ക്കും ഉല്‍പതിഷ്ണു രാഷ്ട്രീയത്തിനും ഉജ്വല വിപ്ലവപ്രസ്ഥാനത്തിനും തുടക്കംകുറിച്ചത് ഈ ജില്ലയിലാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമായ ജില്ല പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമായതില്‍ അല്‍ഭുതപ്പെടാനില്ല.

തിരുവനന്തപുരം ജില്ലയുടെ പുരോഗതിയുടെ അടിത്തറ തേടുമ്പോള്‍ നമ്മുടെ സാമൂഹ്യവിപ്ലവത്തിനും സാംസ്‌കാരികവിപ്ലവത്തിനും തുടക്കംകുറിച്ച നവോത്ഥാന നായകരാണ്— ആദ്യം സ്മരണയിലെത്തുക. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യന്‍കാളി തുടങ്ങിയ നവോത്ഥാന നായകര്‍ക്ക് ജന്മംനല്‍കിയ ജില്ലയാണിത്. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ മഹാകവി കുമാരനാശാന്‍, വക്കം മൗലവി, വക്കം അബ്ദുല്‍ഖാദര്‍, ബാരിസ്റ്റര്‍ ജി പി പിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങി കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ രചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ ജന്മഭൂമിയും കര്‍മഭൂമിയുമാണ് തിരുവനന്തപുരം. 

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഭരണകൂടത്തെ വിറകൊള്ളിച്ച കല്ലറ- പാങ്ങോട്, വട്ടിയൂര്‍ക്കാവ്, പേട്ട, ശംഖുമുഖം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ ഉജ്വലമായ പോരാട്ടങ്ങള്‍ ജില്ലയുടെ ദേശീയ സ്വാതന്ത്ര്യസമര പാരമ്പര്യങ്ങളുടെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്. തിരുവിതാംകൂറിന്റെ തലസ്ഥാനമെന്ന നിലയില്‍ രാജഭരണകാലത്തുതന്നെ ചരിത്ര പ്രസിദ്ധമായ നിരവധി സമ്മേളനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും തിരുവനന്തപുരം സാക്ഷ്യംവഹിച്ചു. 1937ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപംകൊള്ളുന്നതിനുമുമ്പുതന്നെ 1931ല്‍ കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള ഒരുസംഘം ചെറുപ്പക്കാര്‍ തിരുവനന്തപുരത്ത് കമ്യൂണിസ്റ്റ് ലീഗ് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്‍ സി ശേഖറും പൊന്നറ ശ്രീധറുമായിരുന്നു ഇവരില്‍ പ്രമുഖര്‍. 

1938 ഈ ജില്ലയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ വേലിയേറ്റത്തിന്റെ കാലമായിരുന്നു. 1938 ആഗസ്ത് 29ന് നെയ്യാറ്റിന്‍കരയില്‍ നടന്ന പ്രക്ഷോഭവും നെയ്യാറ്റിന്‍കര രാഘവന്റെ രക്തസാക്ഷിത്വവും ജില്ലയിലെ പോരാട്ടത്തിന്റെ തേജസ്സിനു മാറ്റുകൂട്ടുന്നു. കാവുമ്പായി, പുന്നപ്ര- വയലാര്‍വിപ്ലവങ്ങള്‍ക്കുമുമ്പ് 1938ല്‍ നെടുമങ്ങാട് താലൂക്കിലെ കല്ലറ- പാങ്ങോട് ഗ്രാമത്തിലെ കല്ലറച്ചന്തയിലെ അക്രമപ്പിരിവിനും പാങ്ങോട്ട് താമസിച്ചിരുന്ന മങ്കൊമ്പില്‍ കുടുംബക്കാരുടെ ചൂഷണത്തിനും മര്‍ദനത്തിനും വിരാമമിടാനും സ്‌റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എന്നാല്‍, ഗാന്ധിയന്‍ ശൈലിയില്‍നിന്ന് വ്യത്യസ്തമായി സഖാവ് ചെല്ലപ്പന്‍വൈദ്യന്‍, വേലായുധന്‍ ഉണ്ണിത്താന്‍, പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപ്പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന കല്ലറ- പാങ്ങോട്•സമരത്തിന്റെയും പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപ്പിള്ള, ഐഎന്‍എ പോരാളി വക്കം ഖാദര്‍ എന്നിവരുടെ രക്തസാക്ഷിത്വത്തിന്റെയും പിന്തുടര്‍ച്ചയാണ് തിരുവനന്തപുരം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം.

1931 ഏപ്രില്‍മാസം ആദ്യം തൈക്കാട്ട് ഒരു രഹസ്യസങ്കേതത്തില്‍വെച്ച് കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിതമായി. പൊന്നറ ശ്രീധര്‍, എന്‍ പി കുരുക്കള്‍, എന്‍ സി ശേഖര്‍, തിരുവട്ടാര്‍ താണുപിള്ള, ശിവശങ്കരപ്പിള്ള, പി ആര്‍ അയ്യര്‍, തൈക്കാട് ഭാസ്‌കര്‍ ഇങ്ങനെ ഏഴുപേരായിരുന്നു കമ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപകര്‍.— ഇന്ത്യയില്‍ പൂര്‍ണസ്വാതന്ത്ര്യം സ്ഥാപിക്കുക, ഉല്‍പാദനവും വിതരണവും പൊതുഉടമയില്‍ ആക്കിക്കൊണ്ട് സമൂഹത്തെ പുനഃസംഘടിപ്പിക്കുക എന്ന വിജ്ഞാപനവും 1931 ഏപ്രില്‍ എട്ടിന് കമ്യൂണിസ്റ്റ് ലീഗ് പുറപ്പെടുവിച്ചു. അന്നത്തെ തിരുവനന്തപുരം ജില്ലാ മജിസ്‌ട്രേട്ടും ദിവാന്‍ പേഷ്‌കാരുമായിരുന്ന മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ ആഗസ്ത് 10ന് ഈ വിജ്ഞാപനം നിരോധിച്ചെന്നും— ചരിത്രരേഖകള്‍ പറയുന്നു.— കേരളംകണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് രേഖ ഇതായിരുന്നു. എന്നാല്‍, ഈ കമ്യൂണിസ്റ്റ് ലീഗ് പില്‍ക്കാലത്ത് അഖില തിരുവിതാംകൂര്‍ യൂത്ത് ലീഗായി മാറി.

സര്‍ സി പിയുടെ കിരാതവാഴ്ചയ്ക്കും 'അമേരിക്കന്‍ മോഡലിനുമെതിരെ ജനവികാരമുയര്‍ന്നപ്പോള്‍ അതിന്റെ പ്രതിഫലനം എന്ന നിലയില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് ആദ്യത്തെ കമ്യൂണിസ്റ്റ് സെല്‍ സ. പി കൃഷ്ണപിള്ളയുടെ ആശീര്‍വാദത്തോടെ രൂപീകൃതമായി. 1940 ഓടുകൂടിയാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു ഘടകം തിരുവനന്തപുരത്ത് രൂപീകരിക്കപ്പെട്ടത്. സഖാക്കള്‍ ഉള്ളൂര്‍ ഗോപി, മണ്ണന്തല കരുണാകരന്‍, തൈക്കാട് ഭാസ്‌കര്‍, പുതുപ്പള്ളി രാഘവന്‍ തുടങ്ങിയവരായിരുന്നു അതിനു മുന്‍കയ്യെടുത്തത്. ഏറെ താമസിയാതെ കാട്ടായിക്കോണം വി ശ്രീധര്‍, പി ഫക്കീര്‍ഖാന്‍, ഐ സ്റ്റുവര്‍ട്ട്, ജി എസ് മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയുടെ പലഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ടി സെല്ലുകള്‍ രൂപീകരിക്കപ്പെട്ടു. സഖാക്കള്‍ പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ ദാമോദരന്‍, കെ സി ജോര്‍ജ്, എം എന്‍ ഗോവിന്ദന്‍നായര്‍, ഉണ്ണിരാജ, ഇ കെ നായനാര്‍ തുടങ്ങിയ ഒട്ടേറെ നേതാക്കള്‍ അക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ജില്ലയിലെ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനായി ഉയര്‍ന്നുവന്നത് കാട്ടായിക്കോണം വി ശ്രീധറായിരുന്നു. ജില്ലയില്‍ പാര്‍ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ ചെയ്തത് കാട്ടായിക്കോണം വി ശ്രീധറാണ്. നാലുപതിറ്റാണ്ടുകാലം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി അദ്ദേഹം നിറഞ്ഞുനിന്നു. 

തലസ്ഥാന ജില്ല എന്ന നിലയില്‍ ഐതിഹാസികമായ ഒട്ടേറെ പോരാട്ടങ്ങളുടെ വിളഭൂമിയായിരുന്നു തിരുവനന്തപുരം. ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അടിത്തറ പാകിയത് ഇത്തരം ജനകീയ പോരാട്ടങ്ങളായിരുന്നു. ജില്ലയുടെ തെക്കന്‍ പ്രദേശത്തു നടന്ന കാണിപറ്റ് കൃഷിക്കാരുടെ അവകാശപ്പോരാട്ടം, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഉജ്വലങ്ങളായ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരങ്ങള്‍, നെടുമങ്ങാട് താലൂക്കില്‍ നടന്നിട്ടുള്ള തോട്ടം തൊഴിലാളിസമരങ്ങള്‍, ചിറയിന്‍കീഴ് താലൂക്കിലും, തിരുവനന്തപുരത്തും മറ്റു പ്രദേശങ്ങളിലും നടന്നിട്ടുള്ള അയിത്തത്തിനെതിരായ സമരങ്ങള്‍ തുടങ്ങി തലസ്ഥാനനഗരിയില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും കെട്ടഴിച്ചുവിട്ട സമരങ്ങള്‍ വരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജീവവായു നല്‍കിയ ജനകീയ മുന്നേറ്റങ്ങളായിരുന്നു. കാട്ടായിക്കോണം വി ശ്രീധറും, അവണാകുഴി സദാശിവനും, ആര്‍ പ്രകാശവും, വാമനപുരം സഹദേവനും, പി ഫക്കീര്‍ഖാനും തോപ്പില്‍ ശിവശങ്കരനും, ആര്‍ പരമേശ്വരപിള്ളയും, പേരൂര്‍ക്കട സദാശിവനും തുടങ്ങി ഇന്നു ജീവിച്ചിരിക്കുന്ന വന്ദ്യവയോധികനായ കെ അനിരുദ്ധന്‍ ഉള്‍പെടെയുള്ള വിപ്ലവകാരികള്‍ ജനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള  ജില്ലയാണ്. കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല, ആദ്യത്തെ മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിങ് കോളേജ് തുടങ്ങി ഒട്ടേറെ കേന്ദ്ര സ്ഥാപനങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. ഐഎസ്ആര്‍ഒ, സതേണ്‍ എയര്‍ കമാന്റ് മിലിട്ടറി, നേവല്‍, സിആര്‍പി ക്യാമ്പുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍, ടെക്‌നോപാര്‍ക്ക്, ബയോടെക്‌നോളജി പാര്‍ക്ക്, ഐസര്‍, ബ്രഹ്മോസ് തുടങ്ങി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം വരെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. തലസ്ഥാനത്തിന്റെ മുഖഛായതന്നെ മാറ്റുവാനുതകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഹൈക്കോടതി ബഞ്ചും ഐടി കോറിഡോറും രാജവീഥികളുടെ വികസനവും മാലിന്യ സംസ്‌കരവുമെല്ലാം ജില്ലയുടെ സജീവ പ്രശ്‌നങ്ങള്‍ ആയി ഉയര്‍ന്നുനില്‍ക്കുന്നു. 

തലസ്ഥാന ജില്ലയാണെങ്കിലും കാര്‍ഷികമേഖലയാണ് ജില്ലയുടെ പ്രധാന തൊഴില്‍മേഖല. പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രവുമാണ് തിരുവനന്തപുരം. ഏകദേശം മൂന്നുലക്ഷം തൊഴിലാളികള്‍ പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്നു.  സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലം കാര്‍ഷിക, പരമ്പരാഗത മേഖലകള്‍ തകരുകയാണ്. കാര്‍ഷിക മേഖല ചുരുങ്ങുന്നു. ബഹുഭൂരിപക്ഷവും കൃഷി ഉപേക്ഷിക്കുന്നു. റബര്‍ തോട്ടങ്ങള്‍ ഒഴികെയുള്ള കൃഷിയല്ലാം അപ്രത്യക്ഷമാകുന്നു. കയര്‍, കശുവണ്ടി, കൈത്തറി മേഖലകളെല്ലാം ഏതാണ്ട് നിശ്ചലമാണ്. കൃഷി ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ രംഗം വിടുന്നു. കര്‍ഷകരെ സംരക്ഷിക്കുന്ന നടപടികള്‍ക്കുവേണ്ടിയുള്ള പേരാട്ടങ്ങള്‍ക്ക് വരും നാളുകളില്‍ ജില്ല സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പ്.

നാല്‍പതുകളുടെ അവസാനത്തോടെ കാര്‍ഷികരംഗത്തും തൊഴിലാളിരംഗത്തും നടത്തിയ ശക്തമായ പ്രവര്‍ത്തനത്തിലൂടെ ജില്ലയിലെ ഗണ്യമായ ഒരു രാഷ്ട്രീയശക്തിയായി കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ന്നത്.— നെയ്യാറ്റിന്‍കര താലൂക്കിലെ കാണിപ്പറ്റ് സമരം, നെടുമങ്ങാട് ചന്തസമരം, 1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരം, എംജി കോളേജ് സമരം, 1972ലെ മിച്ചഭൂമി സമരം തുടങ്ങിയ ഉജ്വലങ്ങളായ നിരവധി പോരാട്ടങ്ങള്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ അടിത്തറ വിപുലപ്പെടുത്താന്‍ സഹായിച്ചവയാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി സംഘടിത തൊഴിലാളിരംഗത്തും കര്‍ഷകത്തൊഴിലാളി രംഗത്തും വിദ്യാര്‍ഥി- യുവജന രംഗത്തുമുണ്ടായപുത്തന്‍ ഉണര്‍വുകള്‍ നമ്മുടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്.—

സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളും വര്‍ഗീയതക്കെതിരായ പോരാട്ടങ്ങളും ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടങ്ങളും ഒരു ഭാഗത്ത്നയിക്കുമ്പോള്‍ തന്നെ എണ്ണമറ്റ ജനകീയ സമരങ്ങള്‍ക്ക് ജില്ലയില്‍ നേതൃത്വം നല്‍കാന്‍ സിപിഐ എമ്മിന് സാധിച്ചിട്ടുണ്ട്. അതില്‍ ഉയര്‍ത്തിക്കാണിക്കേണ്ട രണ്ട് ശ്രദ്ധേയ സമരങ്ങളാണ് കിള്ളിസമരവും, കോവളം കൊട്ടാരം സമരവും. ഈ രണ്ടു സമരങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം നമുക്കല്ലാതെ മറ്റാര്‍ക്കുമല്ല. നമ്മുടെ പാര്‍ടി മുന്‍കൈ എടുത്തു നടത്തിയ രണ്ടു സമരങ്ങളും പില്‍ക്കാലത്ത് ജനകീയസമരങ്ങള്‍ ആയി രൂപാന്തരപ്പെടുകയായിരുന്നു. ഇത്തരം ജനകീയസമരങ്ങള്‍ക്ക് മുന്നില്‍ വാളോങ്ങിനിന്ന ഭരണാധികാരികളെ മുട്ടുകുത്തിക്കാന്‍ നമുക്ക് സാധിച്ചു.

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സമരസിരാകേന്ദ്രവുമാവുക സ്വാഭാവികമാണല്ലോ. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തെ തന്നെ സമരഭൂമിയാക്കിയ സര്‍ക്കാര്‍ ജീവനക്കാരുടെ പോരാട്ടംമുതല്‍ മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ മിണ്ടാപ്രാണികളായ ആദിവാസികളുടെ ജന്മഭൂമിക്കുവേണ്ടിയുള്ള പോരാട്ടസമരങ്ങളുടെ വരെ പ്രധാനകേന്ദ്രം തിരുവനന്തപുരം ആയിരുന്നു. 2002ലെ സര്‍ക്കാര്‍ ജീവനക്കാരുടെ 32 ദിവസം നീണ്ടുനിന്ന മഹാസമരം, പ്രീഡിഗ്രി ബോര്‍ഡ് എന്ന മണ്ടന്‍ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തിയ ഐതിഹാസിക സമരം, വിളനിലം എന്ന അനര്‍ഹനെ കേരള സര്‍വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ച ഭരണാധികാരികളുടെ ധിക്കാരത്തിനെതിരായ സമരം, കയര്‍, കശുവണ്ടി, കൈത്തറി, ഖാദി തുടങ്ങി സംഘടിതവും അസംഘടതവുമായ തൊഴിലെടുക്കുന്നവരുടെ എല്ലാം അവകാശ സംരക്ഷണത്തിനുള്ള പോരാട്ടത്തിന് തലസ്ഥാനം നായകത്വം വഹിക്കുന്നു.

Last modified on Friday, 14 August 2015 17:48
CPIM TVM DC

Kattayikonam V Sreedhar Smaraka Mandiram, Mettukkada,Thaikadu, TVM -14.

Phone: 0471-2324107, 2324689 | E-Mail : cpimdctvm@gmail.com

Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh