മാറിവന്ന രാഷ്ട്രീയ സാഹചര്യങ്ങള്ക്കനുസരിച്ച്രാജ്യദ്രോഹികളെ മഹത്വവത്ക്കരിക്കാന്‍ നടത്തുന്ന നീക്കങ്ങളെ രാജ്യത്തെ മതേതര /ജനാധിപത്യ വിശ്വാസികള്‍ തികച്ചും ആശങ്കയോടെയാണു കാണുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരും പ്രധാനമന്ത്രിയും പാലിക്കുന്ന മൗനമാണു ഇവര്‍ക്ക് ഊര്‍ജ്ജമേകുന്നത് എന്നതും കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നു പറയാതെ വയ്യ.
ഇരുട്ടിന്റെ മറവില്‍ ഇത്തരം കടലാസ് സംഘടനകളുടെ പേരില്‍ നടക്കുന്ന സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സി.പി.ഐ(എം) ഉള്‍പ്പടെയുള്ള ഇടതുപക്ഷ സംഘടനകള്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍, അഭിനവ ഗാന്ധി ശിഷ്യന്മാര് എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്, കേവലം തെരഞ്ഞെടുപ്പ് ജയങ്ങള്‍ക്ക് വേണ്ടി അവരോട് സമരസ്സപ്പെടുന്നതിനു എന്ത് ന്യായീകരണം പറഞ്ഞാലും നീതികരിക്കാനാവില്ല. താല്കാലിക ജയങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ ഹൈന്ദവ ഫാസിസ്റ്റ് ശക്തികള്‍ക്ക് അടിയറവ് വയ്ക്കുന്ന കോണ്‍ഗ്രസ്സ്, രാജ്യത്ത് അരങ്ങേറുന്ന അസഹിഷ്ണുതയ്ക്ക് മൗനമായി കൂട്ട് നില്ക്കുക കൂടിയാണ്.
നിസ്സാര ലാഭങ്ങള്‍ക്ക് വേണ്ടി സമരസപ്പെടുന്ന കോണ്‍ഗ്രസ് നിലപാടുകള്‍ നാം സ്ഥിരം കാണുന്നത് കൂടിയല്ലേ? അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മൂലം ഒരു നഗരസഭാ ഭരണം പോലും ഇടതുപക്ഷത്തിന് ലഭിക്കുന്നത് അംഗീകരിക്കാന്‍ അവര്‍ തയാറല്ല. പകരം തലസ്ഥാന നഗരത്തെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് അടിയറവ് വയ്ക്കുന്ന നാണം കെട്ട നിലപാടല്ലേ കോണ്‍ഗ്രസ് സ്വീകരിച്ചത്.? ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍, തിരുവനന്തപുരം നഗരസഭാ വാര്‍ഡുകളില്‍ പലതിലും വന്‍തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് മറിക്കുകയും വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തതിനെ സംബന്ധിച്ചും, അനുബന്ധ കണക്കുകളും മുന്‍ പോസ്റ്റുകളില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതാണ്.
എല്ലാ കാലത്തും കോണ്‍ഗ്രസ് ഇങ്ങനെയായിരുുന്നു. ദേശവിരുദ്ധ ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കേണ്ട കാലം അതിക്രമിച്ചെന്ന തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പ് ഫലമെങ്കിലും അവര്‍ക്ക് നല്കട്ടെ. ഇനിയും വൈകിയാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനം കാലത്തിന്റെ കുപ്പത്തൊട്ടിയിലാകും.
രാജ്യം അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിലയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തില്‍, ഭരണഘടനാവിരുദ്ധവും പ്രകോപനകരവുമായ പ്രസ്താവനകൾക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ട് വരേണ്ടതുണ്ട്. രാജ്യത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കാന്‍ സി.പി.ഐ.(എം) എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കും.
മതങ്ങള്‍ക്കതീതമായി ജാതികള്‍ക്കതീതമായി മനുഷ്യരായി നിന്നുകൊണ്ട് നമുക്കീ മണ്ണിനെ കാക്കാം..