1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച വൻമാറ്റങ്ങൾക്ക് പിന്നിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണ്. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക രംഗത്തും വലിയ സംഭാവനകള്‍ നല്കാന് ഇടതുപക്ഷത്തിനായി. ഇത്തരത്തില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയെടുത്ത ഇടതുപക്ഷത്തെ ആര്.എസ്.എസ്. കടന്നാക്രമിക്കുന്നത് വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി മാത്രമാണ്.
അഞ്ചുപതിറ്റാണ്ടിലേറെയുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളാല്‍ അതിന്റെ ഹിംസാത്മക പ്രത്യശാസ്ത്രവും, നാസ്തിക ചിന്താഗതിയും നിരീശ്വരവാദവുമൊക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുകയാണ്. ‘ദൈവികതയുടെ പൊതുബോധം’ എന്നു വിളിക്കാവുന്ന ഒന്നും കേരളീയ ഹിന്ദുക്കള്‍ക്കിടയിലില്ല എന്നാണ് ഓര്‍ഗനൈസര്‍ വാദിക്കുന്നത്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ ഇതര മതസ്പര്‍ദ്ധ കുറവുള്ളതാണ് കേരളമെന്ന വസ്തുത മറച്ചു വയ്ക്കുന്നതില്‍ ഒരു ജാള്യതയും ലേഖകന്‍ കാണിക്കുന്നില്ല. ദളിതുകളെ ഉയർത്താൻ ഇ.എം.എസ്, കാഞ്ജ ഏലയ്യയുടെ അഭിപ്രായവുമായി യോജിച്ച് ഗാന്ധിജിയെ ഹിന്ദു വർഗ്ഗീയവാദിയാക്കി. എന്നിട്ട് ഓരോ ദളിതന്റെയും വീട് കയറി ഇറങ്ങി, ദളിത് ഭക്ഷണമായ ബീഫിനെ പ്രോത്സാഹിപ്പിച്ചു. അതോടെ മുസ്ലിങ്ങളും, ക്രിസ്ത്യാനികളും നടത്തുന്ന ഹോട്ടലുകളിലൂടെ ബീഫ് വിളമ്പി, ബീഫിനെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ഭക്ഷണമാക്കി ഇഎംഎസ് മാറ്റി എടുത്തു തുടങ്ങിയ കണ്ടുപിടുത്തങ്ങളും ലേഖകന്‍ നടത്തിയിട്ടുണ്ട്. മാവോ, ലെനിൻ എന്നിവരുടെയൊക്കെ ചിന്തകൾ കടമെടുത്തു 'ദേശ സ്നേഹികളായ' ആർ.എസ്.എസുകാരെ നിരന്തരം ആക്രമിച്ചതിന്റെ ഫലമായി കേരളം ഇസ്ലാമിക തീവ്രവാദികളുടെ കേന്ദ്രമായി മാറി തുടങ്ങിയ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമവും ആര്.എസ്.എസ്. ലേഖനത്തിലൂടെ നടത്തുന്നുണ്ട്. കേരളാ ഹൗസ് കാന്റീനില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലാണ് ബീഫ് വില്പന നടക്കുന്നത്. ഇത് പരിശോധിക്കാനായി റെയ്ഡ് നടത്തിയ ദല്‍ഹി പോലീസിനെ കോടതി കയറ്റുമെന്നാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് കേരളത്തിലെ ഹിന്ദുക്കള്‍ ഒഴികെയുള്ള ഹൈന്ദവസമൂഹം അത്ഭുതത്തോടെയാണ് കണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദു ബ്രാഹമണൻ ആയ ഇഎംഎസ് നമ്പൂതിരിപ്പാട് ഒരോ ലീഗ് നേതാവിനെയും വ്യക്തിപരമായി കണ്ടു സഹായം അഭ്യർത്ഥിച്ചെന്നും, അവർക്ക് വേണ്ടിയാണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്നും പറയുന്നു. സൗദി അറേബ്യയിൽ നിന്ന് വരുന്ന ഫണ്ട് കൊണ്ട് മലപ്പുറം ജില്ല ഭീകരവാദ കേന്ദ്രമായി മാറിയെന്നും ഓരോ മുക്കിലും മൂലയിലും നമുക്ക് പശുവിനെ അറക്കുന്ന അറവു ശാലകൾ കാണാം തുടങ്ങി മുസ്ലിം - മുസ്ലുമിനു മാത്രമേ അവിടെ ഭൂമി വിൽക്കുകയും വാങ്ങുകയും ചെയുകയുള്ളു, മലപ്പുറത്തെ ഹിന്ദു സ്ഥലം വിറ്റാലും അതു മുസ്ലിം മാത്രമേ വാങ്ങാവൂ എന്ന അലിഖിത നിയമം നിലവിലുണ്ടെന്നും 'മലയാളിയായ' ലേഖകന്‍ പറയുന്നു.
സംഘപരിവാര സംഘടനകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടം നടത്താന്‍ സാധിക്കാത്തതും, അവരുടെ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുന്നതിനു കഴിയാതെ വന്നതില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്കുമാണ് ഓര്‍ഗനൈസറിനെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നു സുവ്യക്തമാണ്. മതസൗഹാര്‍ദ്ദ സമീപനങ്ങളുടെ കാര്യത്തില്‍ കേള്‍വികേട്ട കേരളീയ ജനതയെ വളഞ്ഞിട്ടാക്രമിക്കുക വഴി യഥാര്‍ത്ഥത്തില്‍ ആര്.എസ്.എസ്, ഭരണഘടനയെയും അത് വിഭാവന ചെയ്ത ബഹുസ്വരതയെയും അപകടപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഫാസിസ്റ്റ് ഭരണകൂടം പ്രചരിപ്പിക്കുന്ന ഇത്തരം ആഖ്യാനങ്ങളെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭ്രാന്താലയമായിരുന്ന കേരളത്തെ സാംസ്കാരികമായും സാമൂഹികമായും പുരോഗമനത്തിലേക്ക് നയിച്ച നവോദ്ധാന നായകരേയും, ആ നവോദ്ധാനം ഏറ്റെടുത്ത ഇടതുപക്ഷ സംഘടനകളെയും കടന്നാക്രമിക്കുന്നതിനെയും, കേരളത്തെ ലോകത്തിനു മുൻപിൽ ന്യൂനപക്ഷ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമായി ചിത്രീകരിക്കാനുമുള്ള ആർ.എസ്.എസ് പദ്ധതിയേയും എന്ത് വിലകൊടുത്തും ചെറുത്തു തോൽപ്പിക്കേണ്ടതാണ്.
Last modified on Monday, 04 January 2016 23:51